ഐ ലീഗ്: രണ്ടാം കിരീടത്തിനരികെ ഗോകുലം, ഇന്ന് രാജസ്ഥാൻ എഫ്.സിക്കെതിരെ
text_fieldsനൈഹാതി (പശ്ചിമ ബംഗാൾ): ഐ ലീഗ് ഫുട്ബാൾ കിരീടം നിലനിർത്തുന്ന ആദ്യ ക്ലബ് എന്ന അസുലഭ നേട്ടത്തിനരികെ ഗോകുലം കേരള എഫ്.സി. മൂന്നു മത്സരങ്ങൾകൂടി ശേഷിക്കെ നാലു പോയന്റ് മാത്രം അകലെയാണ് ഗോകുലത്തിന് കിരീടം. ശനിയാഴ്ച രാജസ്ഥാൻ എഫ്.സിയെ തോൽപിച്ചാൽ വിസെൻസോ അനീസെയുടെ ടീമിന് കപ്പിന് തൊട്ടരികെയെത്താം.
15 കളികളിൽ 37 പോയന്റാണ് ഗോകുലത്തിന്. 16 മത്സരങ്ങളിൽ മുഹമ്മദൻ സ്പോർട്ടിങ്ങിന് 34 പോയന്റാണുള്ളത്. സീസണിൽ തോൽവിയറിയാതെയാണ് ഗോകുലത്തിന്റെ കുതിപ്പ്. 11 വിജയങ്ങളും നാലു സമനിലയുമാണ് ഗോകുലത്തിന്റെ അക്കൗണ്ടിൽ. കഴിഞ്ഞ സീസണിലേതുകൂടി കണക്കിലെടുത്താൽ അവസാനത്തെ 20 മത്സരങ്ങളിൽ ഗോകുലം തോൽവിയറിഞ്ഞിട്ടില്ല. ഐ ലീഗിന്റെ ചരിത്രത്തിൽ ഇത് റെക്കോഡാണ്. സീസണിന്റെ തുടക്കത്തിൽ മുഹമ്മദൻസാണ് മുന്നിൽനിന്നിരുന്നതെങ്കിലും പതിയെ ഫോമുയർത്തിയ ഗോകുലം 11ാം റൗണ്ടിൽ ലീഡ് പിടിക്കുകയായിരുന്നു. അവസാന എട്ടു കളികളിൽ ഏഴും ജയിച്ച ഗോകുലം ചർച്ചിൽ ബ്രദേഴ്സിനോടു മാത്രമാണ് സമനില വഴങ്ങിയത്. എന്നാൽ, തൊട്ടടുത്ത കളിയിൽ നെരോക എഫ്.സിയെ 4-0ത്തിന് തകർത്ത് ഫോമിലേക്ക് തിരിച്ചെത്തി.
രണ്ടു ഘട്ടങ്ങളായാണ് ഇത്തവണ ഐ ലീഗ് നടക്കുന്നത്. 13 ടീമുകളും ഓരോ തവണ പരസ്പരം ഏറ്റുമുട്ടിയതിനുശേഷം ആദ്യമെത്തിയ ഏഴു ടീമുകൾ മാത്രമാണ് കിരീടത്തിനായുള്ള ചാമ്പ്യൻഷിപ് ഘട്ടത്തിൽ മത്സരിക്കുന്നത്. രണ്ടു ഘട്ടങ്ങളിലെയും പോയന്റുകൾ കൂട്ടിയാണ് കിരീടജേതാക്കളെ നിശ്ചയിക്കുക. ആദ്യ ഘട്ടത്തിൽ എട്ടു മുതൽ 13 വരെ സ്ഥാനത്തെത്തിയ ടീമുകൾ റെലഗേഷൻ ഘട്ടത്തിലാണ് മാറ്റുരക്കുന്നത്. ഇതിൽ ഏറ്റവും പിറകിലെത്തുന്ന ടീം തരംതാഴ്ത്തപ്പെടും. വെള്ളിയാഴ്ച മുഹമ്മദൻസ് 2-0ത്തിന് ചർച്ചിൽ ബ്രദേഴ്സിനെ തോൽപിച്ചു. മാർകസ് ജോസഫാണ് രണ്ടു ഗോളും നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.