ഐ ലീഗ്: ആത്മവിശ്വാസത്തോടെ ഗോകുലവും റിയൽ കശ്മീരും
text_fieldsകോഴിക്കോട്: ഐ ലീഗിൽ രണ്ടാം ഹോം ഗ്രൗണ്ടായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ റിയൽ കശ്മീർ എഫ്.സിയെ നേരിടാൻ വെള്ളിയാഴ്ച കളമിറങ്ങുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണെന്ന് ഗോകുലം കേരള എഫ്.സിയുടെ കോച്ച് ഫ്രാൻസിസ് ബോണറ്റ്. റിയൽ കശ്മീരിനെതിരായ മത്സരത്തിനു മുന്നോടിയായി നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോയന്റ് നിലയിൽ അഞ്ചാം സ്ഥാനത്താണെങ്കിലും അടുത്ത മത്സരങ്ങൾ ജയിച്ച് മുന്നിലെത്തുമെന്ന് ബോണറ്റ് പറഞ്ഞു. മികച്ച കളിക്കാരാണ് ടീമിലുള്ളത്.
ആക്രമണത്തിന് മുൻതൂക്കം നൽകിയ ശൈലിയായിരിക്കും ടീം പുറത്തെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. പുതിയ കോച്ചിന്റെ കീഴിൽ ടീം ആക്രമണ സജ്ജമായി കഴിഞ്ഞുവെന്ന് കോച്ചിനൊപ്പം വാർത്തസമ്മേളനത്തിൽ പങ്കെടുത്ത ഗോകുലത്തിന്റെ താരം രാഹുൽ രാജുവും വ്യക്തമാക്കി.
ഗോകുലം എഫ്.സി മികച്ച ടീമാണെന്നും എന്നാൽ വിജയിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും റിയൽ കശ്മീർ കോച്ച് മെഹ്‍റാജുദ്ദീൻ വദൂ പറഞ്ഞു. കാമറൂൺകാരനായ റിച്ചാർഡ് തോവയെ പുറത്താക്കിയതിനു പിറകെയാണ് രാജസ്ഥാൻ യുനൈറ്റഡിന്റെ മുൻപരിശീലകനായ ഫ്രാൻസെസ് ബോണറ്റിനെ കോച്ചായി ഗോകുലം നിയമിച്ചത്.
പ്രതിരോധത്തിന് മുൻതൂക്കം നൽകുന്ന റിച്ചാർഡ് തോവയുടെ ശൈലിയാണ് ചാമ്പ്യന്മാരായ ഗോകുലത്തിന് ഇക്കുറി തിരിച്ചടിയായതെന്ന് വിമർശനമുയർന്നിരുന്നു. ഇതേത്തുടർന്നാണ് തോവയെ പുറത്താക്കി ബോണറ്റിനെ പരിശീലകനാക്കിയത്. 11 കളികളിൽ നിന്ന് അഞ്ച് ജയവും മൂന്ന് തോൽവിയും മൂന്നു സമനിലയുമായി 18 പോയന്റോടെ അഞ്ചാം സ്ഥാനത്താണ് ഗോകുലം. കശ്മീർ നാലാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.