ഒറ്റയടിയിൽ മുന്നേറി ഗോകുലം
text_fieldsമഞ്ചേരി: പുതുവർഷത്തിൽ പുത്തൻ കളി പുറത്തെടുത്ത് ഗോകുലം കേരള എഫ്.സി വിജയവഴിയിൽ. ഐ ലീഗിലെ പത്താം അങ്കത്തിൽ സ്വന്തം തട്ടകത്തിൽ ചർച്ചിൽ ബ്രദേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചാണ് മലബാറിയൻസ് വിജയവർഷം ആഘോഷിച്ചത്.
ഞായറാഴ്ച വൈകീട്ട് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ പുതിയ പരിശീലകൻ സ്പാനിഷുകാരൻ ഫ്രാൻസിസ് ബോണറ്റിന് കീഴിലെ ആദ്യ മത്സരത്തിൽതന്നെ ഗോകുലം വിജയം പിടിച്ചെടുത്തു.
80ാം മിനിറ്റിൽ ഗോകുലത്തിന്റെ പുതിയ വിദേശ അവതാരം സെർജിയോ മെൻഡിയാണ് ആതിഥേയർക്കായി എതിർവല കുലുക്കിയത്. വിജയത്തോടെ ഗോകുലം 10 കളികളിൽനിന്ന് അഞ്ച് വിജയത്തോടെ പോയന്റ് പട്ടികയിൽ മൂന്നാമതെത്തി. 10 കളികളിൽനിന്ന് മൂന്ന് ജയത്തോടെ ചർച്ചിൽ ബ്രദേഴ്സ് ഏഴാം സ്ഥാനത്താണ്.
പ്രതിരോധ തുടക്കം
കഴിഞ്ഞ കളികൾക്ക് സമാനമായി ആദ്യ പകുതിയിൽ പതിഞ്ഞ തുടക്കത്തോടെയാണ് ഗോകലം പന്ത് തട്ടിയത്. ആക്രമണ നീക്കങ്ങളോ മികച്ച പാസുകളോ തുടക്കത്തിൽ ഇരു ടീമുകളിൽ നിന്നും കാണാനായില്ല. കളിയുടെ രണ്ടാം മിനിറ്റിൽ ചർച്ചിൽ ബ്രദേഴ്സ് ഗോകുലം അതിർത്തിയിൽ കുതിച്ചെത്തി ഭീഷണി മുഴക്കിയെങ്കിലും ഗോകുലം പ്രതിരോധം കട്ടക്ക് നിന്നു.
ആദ്യ പകുതിയിൽ വലതു വിങ്ങിലൂടെ കേരള മിഡ്ഫീൽഡർ പി.എൻ. നൗഫൽ നിരന്തരം പന്തുമായി കുതിച്ചെങ്കിലും ഫിനിഷിങ്ങിൽ പതറി. അഞ്ചാം മിനിറ്റിലും ആറാം മിനിറ്റിലും ഗോകുലത്തിന് അവസരങ്ങൾ തുറന്നെങ്കിലും എതിർ ബോക്സ് കടന്നില്ല. 22ാം മിനിറ്റിൽ ഗോകുലത്തിന്റെ വിശ്വസ്തനായ പ്രതിരോധനിര താരം സുഭങ്കർ അധികാരിക്ക് പരിക്കേറ്റ് കളം വിട്ടത് ടീമിന് തിരിച്ചടിയായി.
പകരമെത്തിയ മുഹമ്മദ് ജാസിം പ്രതിരോധനിരയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. 40ാം മിനിറ്റിൽ കേരളത്തിന് വലതു വിങ്ങിൽനിന്ന് നൗഫൽ തൊടുത്തുവിട്ട കനത്തിലുള്ള ക്രോസ് പിടിയിലാക്കാൻ എതിർഭാഗത്ത് ആരുമുണ്ടാവാത്തത് മികച്ച ഗോളവസരം ഇല്ലാതാക്കി.
സ്പാനിഷ് എൻട്രി
രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ഇരു ടീമുകളും തുടക്കം മുതൽ ഗോൾശ്രമത്തിനായി പരക്കം പാഞ്ഞു. 50ാം മിനിറ്റിൽ ചർച്ചിൽ പ്രതിരോധനിരയെ ട്രിബിൾ ചെയ്ത് കിട്ടിയ തുറന്ന അവസരം ഗോകുലം സ്ട്രൈക്കർ ശ്രീകുട്ടന് മികച്ച ഷോട്ടാക്കാനായില്ല. രണ്ടാം പകുതിയിൽ പരുക്കൻ കളി പുറത്തെടുത്ത ഇരു ടീമിനും തുടരെ ഫ്രീ കിക്കുകൾ ലഭിച്ചു.
71ാം മിനിറ്റിൽ ചർച്ചിലിന്റെ മോമോ സിസെയുടെ മനോഹര ഷോട്ട് ഗോകുലം ഗോളി തടുത്തു. തുടർന്ന് ഗോകുലം കാത്തിരുന്ന നിമിഷത്തിനാണ് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. 80ാം മിനിറ്റിൽ ഗോകുലത്തിന്റെ പുതിയ മുന്നേറ്റതാരം സെർജിയേ മെൻഡി മികച്ച ഗോളിലൂടെ തന്റെ ടീമിലേക്കുള്ള മികച്ച എൻട്രി ഗംഭീരമാക്കി.
മധ്യനിരയിൽനിന്ന് ലഭിച്ച പാസുമായി ചർച്ചിൽ ബോക്സിലേക്ക് കുതിച്ച സെർജിയോ മെൻഡി സഹതാരം ശ്രീക്കുട്ടന് പന്ത് നൽകി ഉടനെ തിരിച്ചുവാങ്ങി എതിർ പോസ്റ്റിന്റെ വലതുമൂലയിലേക്ക് തൊടുത്തുവിട്ടാണ് വിജയഗോൾ നേടിയത്.
പരസ്പര ധാരണയോടെ കളിച്ചതിന്റെ ഫലമായിരുന്നു ആ ഗോൾ. രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ ഗോകുലം വീണ്ടും മുന്നേറ്റങ്ങളുമായി കളം നിറഞ്ഞെങ്കിലും ഗോൾമാത്രം അകന്നു. ജനുവരി 15ന് ഇതേ സ്റ്റേഡിയത്തിൽ ട്രാവു എഫ്.സിയുമായാണ് ഗോകുലത്തിന്റെ അടുത്ത കളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.