ഐ ലീഗ് ഉദ്ഘാടന മത്സരത്തിൽ മുഹമ്മദൻസിനെതിരെ ഗോകുലത്തിന് ജയം
text_fieldsമഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ പെയ്തിറങ്ങിയ ചാറ്റൽമഴക്കൊപ്പം ഐ ലീഗ് ഫുട്ബാളിന് പന്തുരുണ്ടപ്പോൾ കേരളത്തിന്റെ സ്വന്തം 'മലബാറിയൻസ്' ഗോകുലം കേരള എഫ്.സിക്ക് വിജയത്തുടക്കം. പതിനായിരത്തോളം കാണികളെ സാക്ഷികളാക്കി ഗോകുലം ഉദ്ഘാടന മത്സരത്തിൽ നിറഞ്ഞാടിയപ്പോൾ കരുത്തരായ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരള ടീം പരാജയപ്പെടുത്തിയത്. ആവേശം കുറഞ്ഞ ആദ്യ പകുതിക്കുശേഷം 58ാം മിനിറ്റിൽ കാമറൂണിന്റെ മുന്നേറ്റതാരം അഗസ്റ്റെ ജൂനിയർ ബൗസോംലാങ്ങയാണ് ഗോകുലത്തിന്റെ വിജയഗോൾ നേടിയത്.
ഗോളില്ലാപകുതി
ആദ്യപകുതിയിൽ ഇരുടീമും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോളടി മാത്രം നടന്നില്ല. ആദ്യ വിസിലിനുപിന്നാലെ ഗോകുലം മികച്ച മുന്നേറ്റം നടത്തിയപ്പോൾ അതേനാണയത്തിൽ കൊൽക്കത്തൻ ടീം തിരിച്ചടിച്ചു. 10ാം മിനിറ്റിൽ പന്തെടുക്കാനുള്ള ശ്രമം കൈയാങ്കളിയിലേക്ക് നീങ്ങിയത് മത്സരം കുറച്ചുസമയം തടസ്സപ്പെടുത്തി. തർക്കത്തിലേർപ്പെട്ട ഗോകുലം താരം ഫർഷാദ് നൂറിനും മുഹമ്മദൻസ് താരം നൂറുദ്ദീൻ ദവ്രോദേവിനും റഫറി മഞ്ഞകാർഡ് നൽകി. 13ാം മിനിറ്റിൽ ഗോകുലത്തിന് വലതുവിങ്ങിൽനിന്ന് ക്രോസിലൂടെ ലഭിച്ച സുവർണാവസരം ബോക്സിനുള്ളിലെത്തിയ താരത്തിന് കണക്ട് ചെയ്യാനായില്ല. 30ാം മിനിറ്റിൽ മുഹമ്മദൻസ് ഫ്രീകിക്കിലൂടെ ഗോകുലം വലകുലുക്കാൻ ശ്രമം നടത്തിയെങ്കിലും ഗോളി കാത്തു. ആദ്യപകുതിയുടെ അവസാന മിനിറ്റിൽ ഗോകുലത്തിന്റെ തുടർച്ചയായ രണ്ട് മികച്ച ഷോട്ടുകൾ നിർഭാഗ്യം കൊണ്ടുമാത്രം എതിർവല കുലുക്കാതെ അകന്നു.
രണ്ടിൽ ഒന്നടിച്ച് ഗോകുലം
രണ്ടാം പകുതിയിൽ പന്തെടുത്ത ഉടൻ ഇരുടീമും ഗോളിനായി മൈതാനം നിറഞ്ഞോടി. 58ാം മിനിറ്റിൽ ഗോകുലം കാത്തിരുന്ന ഗോളെത്തി. കളം നിറഞ്ഞ് കളിച്ച അഫ്ഗാൻ താരം ഫർഷാദ് നൂറിന്റെ മനോഹരമായ പാസിൽ കാമറൂൺ താരം അഗസ്റ്റെ ജൂനിയർ തൊടുത്തുവിട്ട നിലംപറ്റിയ ഷോട്ട് എതിർതാരത്തിന്റെ കാലിൽ തട്ടി ഗോൾകീപ്പറുടെ കൈകളിൽനിന്ന് വഴുതി വലയിലെത്തുകയായിരുന്നു. മികച്ച ഗോളെന്ന് അവകാശപ്പെടാനാവില്ലെങ്കിലും മുഹമ്മദൻസിന്റെ പ്രതിരോധനിരയുടെ പാളിച്ച വിളിച്ചോതുന്നതായിരുന്നു ആ ഗോൾ. 71ാം മിനിറ്റിൽ അഗസ്റ്റെ ജൂനിയറുടെ മറ്റൊരു ബുള്ളറ്റ് ഷോട്ട് പോസ്റ്റിനു തൊട്ടരികിലൂടെ പുറംകടക്കാനായിരുന്നു വിധി. തുടർന്ന് ഇരുടീമും തങ്ങളുടെ കളിക്കാരെ മാറ്റിയിറക്കി പരീക്ഷണം നടത്തിയെങ്കിലും അവസരങ്ങൾ ഗോളാക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.