ഐ ലീഗ് കിരീടം; ഗോകുലത്തിന് കാത്തിരിക്കണം; ശ്രീനിധി എഫ്.സി 3-1ന് തോൽപിച്ചു
text_fieldsകൊൽക്കത്ത: സമനിലയെങ്കിലും നേടി ഐ ലീഗിൽ തുടർച്ചയായ രണ്ടാം കിരീടമെന്ന ചരിത്രത്തിലേക്ക് ആഘോഷപൂർവം പന്തടിച്ചുകയറാനിറങ്ങിയ ഗോകുലം കേരളക്ക് വൻ തോൽവി. നിർണായക മത്സരത്തിൽ ശ്രീനിധി എഫ്.സിയാണ് ഒന്നിനെതിരെ മൂന്നു ഗോളിന് മലബാറിയൻസിനെ മറിച്ചിട്ടത്.
വൻ വിജയവുമായി അതിവേഗ കിരീടം സ്വപ്നം കണ്ടവർ മൈതാനത്ത് കളി മറന്നപ്പോൾ ഗോളുത്സവവുമായി വിശാഖപട്ടണം ടീം ഒന്നിനെതിരെ മൂന്നു ഗോൾ ജയം പിടിക്കുകയായിരുന്നു. ഇതോടെ, ഗോകുലത്തിന് ശനിയാഴ്ച മുഹമ്മദൻസുമായി അടുത്ത മത്സരം വരെ കാത്തിരിക്കണം. ഇതേ സീസന്റെ തുടക്കത്തിൽ ആധികാരികമായി മറിച്ചിട്ട എതിരാളികൾക്കുമേൽ സമനില മതിയായിരുന്നു ഗോകുലത്തിന്.
കഴിഞ്ഞ കളികളിൽ തോൽവി അറിയാതെ കുതിച്ച ടീമിന് അതാകട്ടെ, ഒട്ടും പ്രയാസകരവുമായിരുന്നില്ല. എന്നാൽ, വിസിൽ മുഴങ്ങി മൈതാന മധ്യത്തിൽ പന്ത് ഉരുണ്ടുതുടങ്ങിയതോടെ കളി മാറി. മലബാറിയൻസ് ചിത്രത്തിൽതന്നെയില്ലെന്നു തോന്നിച്ച പോരാട്ടത്തിൽ ആദ്യവസാനം ശ്രീനിധിക്കാർ നിയന്ത്രണം നിലനിർത്തി.
19ാം മിനിറ്റിൽ ആദ്യ ഗോളുമായി തുടങ്ങിയ ലാൽറോമാവിയ ഒന്നാം പകുതിയിൽ രണ്ടുവട്ടംകൂടി വല ചലിപ്പിച്ച് ഹാട്രിക് തികച്ചു. പരിക്കുമാറി ടീമിലെത്തിയ ശരീഫിന്റെ വകയായിരുന്നു ഗോകുലത്തിന്റെ ആശ്വാസ ഗോൾ. ഒന്നാമതുള്ള ഗോകുലത്തിന് 40 പോയന്റുണ്ട്. രണ്ടാമന്മാരായ മുഹമ്മദൻ സ്പോർടിങ്ങിന് 37ഉം. ഗോകുലം അടുത്ത കളിയിൽ രണ്ടാമന്മാരായ മുഹമ്മദൻ സ്പോർടിങ്ങിനോട് സമനിലയെങ്കിലും പിടിച്ചാൽ കപ്പുയർത്താം.
ദേശീയ ഫുട്ബാൾ ലീഗിന്റെ പിൻഗാമിയായി 2007ൽ ഐ ലീഗ് വന്നശേഷം ഇതുവരെ ഒരു ടീമും കിരീടം നിലനിർത്തിയിട്ടില്ല. അതു മാറ്റിക്കുറിക്കുകയെന്ന വലിയ സ്വപ്നമാണ് ഗോകുലം നിരയെ മാടിവിളിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.