ഓർമയിലിന്നുമുണ്ട് അമ്പതാണ്ട് മുമ്പത്തെ ആ ‘സന്തോഷം'
text_fieldsകൊച്ചി: 1973 ഡിസംബർ 27...! ആകാശത്ത് കാർമേഘങ്ങളാൽ ഇരുട്ടുമൂടിയ ഒരു സന്ധ്യാവേളയിലായിരുന്നു കേരളത്തിന്റെ കായിക ഭൂപടത്തിലെ തങ്കലിപികളാൽ എഴുതിച്ചേർത്ത ആ അധ്യായം അരങ്ങേറിയത്. അരലക്ഷത്തിലേറെ കാണികളുണ്ടായിരുന്നു അവിടെയെന്ന് പറയപ്പെടുന്നു. അതിശക്തരായ റെയിൽവേസിനെ അടിപതറിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു കളിക്കളത്തിലെ കേരള ടീമിന്റെ തുടക്കം തൊട്ടേയുള്ള ചുവടുകളോരോന്നും.
കൃത്യവും ചടുലവുമായ പാസുകളിലൂടെ കേരളം കളംനിറഞ്ഞ് കളിച്ചു. 50 വർഷം മുമ്പുള്ള ആ സന്തോഷ സുദിനത്തിൽ ചരിത്രത്തിലാദ്യമായി കേരള ടീം സന്തോഷ് ട്രോഫിയെന്ന സ്വപ്നകിരീടത്തിൽ മുത്തമിട്ടു. അതും അന്നത്തെ കരുത്തരായ റെയിൽവേസിനെതിരെ (3-2) അവസാന നിമിഷംവരെ പൊരുതിക്കൊണ്ട്. ഹോംഗ്രൗണ്ടിൽ ഹാട്രിക്കടിച്ച് ഒരു ക്യാപ്റ്റൻ ട്രോഫി നേടുക എന്ന അപൂർവ ബഹുമതിയുമായി കേരള നായകൻ ടി.കെ.എസ്. മണി (ക്യാപ്റ്റൻ മണി) സന്തോഷം പത്തിരട്ടിയാക്കി. എറണാകുളം മഹാരാജാസ് കോളജ് മൈതാനമായിരുന്നു ചരിത്രവിജയം നേടിക്കൊടുത്ത ആ വേദി. സ്റ്റേഡിയത്തിനു ചുറ്റുമിരിക്കുന്ന ആയിരക്കണക്കിന് ആരാധകർ ആർപ്പുവിളികളും നൃത്തച്ചുവടുകളുമായി സന്തോഷ് ട്രോഫി കിരീടത്തെ മലയാളമണ്ണിലേക്ക് വരവേറ്റു.
വിജയകിരീടം ചൂടിയ കളിക്കാരിൽ പലരുടെയും ആനന്ദാശ്രു ആ മണ്ണിലേക്ക് പതിച്ചു. കേരള നാടിന് എക്കാലത്തും അഭിമാനമായി മാറിയ ആ വിക്ടറി ടീമിലെ അംഗങ്ങളെ ആദരിക്കാനും ചരിത്രനേട്ടത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്നതിനുമായി അന്നത്തെ വിജയത്തിന് സാക്ഷ്യംവഹിച്ച കൊച്ചിയുടെ മണ്ണ് ഒരുങ്ങുകയാണ്. കൊച്ചി കോർപറേഷന്റെ നേതൃത്വത്തിൽ ചരിത്രദിനമായ ഡിസംബർ 27ന് ആദ്യ വിജയം സമ്മാനിച്ച താരങ്ങളെയും ഒഫീഷ്യല്‍സിനെയും കാഷ് അവാര്‍ഡ് നല്കി ആദരിക്കും.
എറണാകുളം ഡി.എച്ച് ഗ്രൗണ്ടിലാണ് പരിപാടി. ചരിത്രവിജയത്തിന്റെ ഓര്‍മക്കായി കൊച്ചി മേയേഴ്സ് കപ്പിനും ഡിസംബർ 11ന് അതേ മഹാരാജാസ് ഗ്രൗണ്ടിൽ തുടക്കമാവും. സ്കൂള്‍, കോളജ്തല, വനിത ഫുട്ബാള്‍ ടൂര്‍ണമെന്റുകൾ, സെമിനാർ, സെലിബ്രിറ്റി ഫുട്ബാള്‍ മാച്ച്, ഫോട്ടോപ്രദർശനം, വിദ്യാർഥികൾക്ക് ഫുട്ബാൾ വിതരണം, സുവനീർ പ്രകാശനം തുടങ്ങി നിരവധി പരിപാടികളോടെയാണ് കോർപറേഷന്റെ വിജയാഘോഷമെന്ന് അധികൃതർ വ്യക്തമാക്കി. മൺമറഞ്ഞ കളിക്കാരുടെ കുടുംബാംഗങ്ങളെക്കൂടി പങ്കെടുപ്പിച്ചാണ് ആഘോഷം.
ജയമെന്ന ലക്ഷ്യം മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂവെന്ന് അന്നത്തെ കളിക്കാർ ഓർക്കുന്നു. ക്യാപ്റ്റൻ മണി ഉൾപ്പെടെ ചിലർ ഇതിനകം കാലയവനികക്കുള്ളിൽ മറഞ്ഞു. നജീമുദ്ദീൻ നൽകിയ പാസിലൂടെയാണ് മണി ആദ്യ ഗോളടിച്ചത്. പിന്നീട് രണ്ടാം പകുതിയിൽ വില്യം ഒരുക്കിയ വഴികളിലൂടെ അതേ ക്യാപ്റ്റന്റെ കാലടികൾ ഗോളെന്ന കവിത ഒരിക്കൽകൂടി രചിച്ചു. 65ാം മിനിറ്റിൽ റെയിൽവേക്ക് ആദ്യ ഗോൾ നേടിക്കൊടുത്തത് ചിന്നറെഡ്ഡിയാണ്. സമനിലക്കായി അവർ ആഞ്ഞ് പരിശ്രമിച്ചെങ്കിലും 70ാം മിനിറ്റായപ്പോൾ വീണ്ടും മണി ഗോളടിച്ച് മാന്ത്രികനായി.
നജീമുദ്ദീൻ തന്നെയായിരുന്നു വഴിയൊരുക്കിയത്. എട്ടുമിനിറ്റ് മാത്രം ബാക്കി നിൽക്കേ ദിലീപ് പാലിത്ത് ഒരിക്കൽകൂടി റെയിൽവേസിനായി കേരളത്തിന്റെ ഗോൾവല കുലുക്കി. എന്നാൽ, പിന്നീടൊരു സമനിലയെടുക്കാനുള്ള നീക്കം അതിസാഹസികമായി കേരളം ഇല്ലാതാക്കുകയായിരുന്നു. ഫൈനൽ വിസിലിനൊപ്പം അന്ന് സ്റ്റേഡിയത്തിൽ ഉയർന്നുകേട്ടത് നീണ്ട 32 വർഷത്തെ കിരീടദാഹം അവസാനിപ്പിച്ചവരുടെ സന്തോഷച്ചിരികളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.