ബംഗളൂരു - ബ്ലാസ്റ്റേഴ്സ് പ്ലേഓഫ്: വിവാദ ഗോളിൽ പ്രതികരണവുമായി സൂപ്പർതാരം ഇയാൻ ഹ്യൂം
text_fieldsഐ.എസ്.എൽ പ്ലേഓഫിലെ കേരള ബ്ലാസ്റ്റേഴ്സ് - ബംഗളൂരു എഫ്.സി മത്സരമാണ് ഇപ്പോൾ കായിക ലോകത്തെ ചർച്ചാവിഷയം. ലീഗിന്റെ ചരിത്രത്തിലാദ്യമായി റഫറിയുടെ വിവാദ തീരുമാനത്തിന്റെ പേരില്‍ ഒരു ടീം മത്സരം ബഹിഷ്‌കരിച്ചിരിക്കുകയാണ്. മത്സരത്തിൽ അധിക സമയത്തിന്‍റെ 96-ാം മിനിറ്റിൽ ഫ്രീകിക്കിൽ ബംഗളൂരു സൂപ്പർതാരം സുനിൽ ഛേത്രി നേടിയ ഗോളിനെ ചൊല്ലിയുള്ള തർക്കമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്.
ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിരോധത്തിന് തയറാറെടുക്കുന്നതിനിടെ ഗോളി പ്രഭ്സുഖൻ സിങ് ഗിൽ മുന്നോട്ടുകയറി നിൽക്കുന്നത് കണ്ട ചേത്രി ഞൊടിയിടയിൽ പന്ത് വലയിലെത്തിച്ചു. റഫറി ക്രിസ്റ്റൽ ജോൺ ഗോൾ അനുവദിക്കുകയും ചെയ്തു. പിന്നാലെ പരിശീലകൻ ഇവാൻ വുകോമാനോവിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങളെ തിരിച്ചുവിളിച്ചതോടെ താരങ്ങൾ മൈതാനം വിട്ടു. എന്നാൽ, മാച്ച് കമീഷണർ റഫറിയുമായി നടത്തിയ ചർച്ചക്കുശേഷം ബംഗളൂരുവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
ആരാധകരിൽ ഭൂരിഭാഗവും കോച്ച് ഇവാൻ വുകുമാനോവിച്ചിന്റെ തീരുമാനത്തെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. എന്നാൽ, മുൻ ബ്ലാസ്റ്റേഴ്സ് താരങ്ങളടക്കമുള്ള ഫുട്ബാൾ രംഗത്തെ പലരും ടീം മത്സരം പൂർത്തിയാക്കണമായിരുന്നു എന്ന അഭിപ്രായമാണ് ഉന്നയിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായിരുന്ന ഇയാൻ ഹ്യൂമും സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. സീസണിലെ അധ്വാനം മുഴുവൻ ഒരു വൈകാരിക തീരുമാനം കൊണ്ട് നശിപ്പിക്കരുതായിരുന്നുവെന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
'' ആ തീരുമാനം ശരിയല്ലായിരുന്നു എന്ന് തോന്നാം. പക്ഷെ ടീമിന്റെ ഒരു സീസൺ മുഴുവനുള്ള കഷ്ടപ്പാണ് പ്ലേ ഓഫിൽ എത്തിക്കുന്നത് എന്ന് മറക്കാൻ പാടില്ല. ആ കഷ്ടപ്പാടുകളെ ഒറ്റ നിമഷം കൊണ്ട് ഇല്ലാതാക്കരുതായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് മുഴുവൻ സമയവും കളിക്കണമായിരുന്നു. പ്രതിഷേധം കളി കഴിഞ്ഞിട്ടാവാമായിരുന്നല്ലോ''- ഹ്യൂം ട്വിറ്ററിൽ കുറിച്ചു.
അതേസമയം, ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത നടപടിക്ക് സാധ്യത കൂടുതലാണ്. സംഭവത്തെ കുറിച്ച് മാച്ച് കമീഷണര്‍ നല്‍കുന്ന റിപ്പോര്‍ട്ടും ബ്ലാസ്‌റ്റേഴ്‌സ് നല്‍കുന്ന തെളിവും പരാതിയും അനുസരിച്ചാകും അഖിലേന്ത്യാ ഫുട്‌ബാള്‍ ഫെഡറേഷന്‍ നടപടി സ്വീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.