28 വർഷം നീണ്ട കരിയർ, അഞ്ച് ലോകകപ്പുകൾ; ഗിയാൻലൂയിജി ബഫൺ (45) വിരമിച്ചു
text_fieldsഇറ്റാലിയന്‍ ഇതിഹാസ ഗോൾകീപ്പർ ഗിയാൻലൂയിജി ബഫൺ ഫുട്‌ബോളില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളായ ബഫൺ 28 വര്‍ഷം നീണ്ട കരിയറിന് ശേഷമാണ് 45-ആം വയസിൽ ഗ്ലൗസഴിക്കുന്നത്. വർഷങ്ങളോളം യുവന്റസിന്റെയും ഇറ്റലി ദേശീയ ടീമിന്റെയും ഗോൾവലകാത്തതിന് ശേഷം കഴിഞ്ഞ രണ്ട് സീസണുകളിൽ സീരി-ബിയിൽ തന്റെ ബാല്യകാല ക്ലബ്ബായ പാർമക്ക് വേണ്ടി കളിച്ചു വരികയായിരുന്നു താരം. 43 മത്സരങ്ങളായിരുന്നു പാർമയ്ക്കായി കളിച്ചത്. തുടരുന്ന പരിക്കുകളാണ് വിരമിക്കലിന് കാരണമായതെന്നാണ് സൂചന.
45 കാരനായ ബഫൺ 1995-ലായിരുന്നു പാർമയിൽ തന്റെ കരിയർ ആരംഭിച്ചത്. തുടക്കകാലത്ത് അവർക്കായി 220 മത്സരങ്ങൾ അദ്ദേഹം കളിച്ചു. പാർമയിൽ തുടങ്ങിയ ബഫൺ ഇപ്പോൾ പാർമയിൽ തന്നെ കളി അവസാനിപ്പിക്കുകയാണ്. 2022 ഫെബ്രുവരിയിൽ പാർമയുമായി അടുത്ത സമ്മർ വരെ നീളുന്ന കോൺട്രാക്ട് എകസ്റ്റൻഷനിൽ താരം ഒപ്പുവെച്ചിരുന്നെങ്കിലും ഇന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
ഇറ്റലിക്ക് വേണ്ടി 1997-ലായിരുന്നു അരങ്ങേറ്റം. തുടർന്ന് 2018 വരെ ദേശീയ ടീമിന്റെ ഗോൾവല കാത്തു. 176 മത്സരങ്ങളാണ് രാജ്യത്തിനായി കളിച്ചത്. അഞ്ച് ഫുട്ബാൾ ലോകകപ്പുകളിലും ഇറ്റലിയുടെ വലകാത്തു. 2006-ലെ ലോകകപ്പിൽ മികച്ച പ്രകടനത്തിലൂടെ ഇറ്റലിക്ക് കിരീടം നേടിക്കൊടുക്കാനും ബഫണിന് കഴിഞ്ഞു. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു (5-3ന്) അന്ന് ഇറ്റലിയുടെ വിജയം.
ഒരു ഗോൾകീപ്പർക്ക് ലഭിക്കുന്ന ലോക റെക്കോർഡ് തുക നൽകി 2001-ലാണ് യുവന്റസ് ബഫണിനെ സ്വന്തമാക്കുന്നത്. ഇറ്റാലിയൻ താരം യുവന്റസിൽ 17 വർഷമുണ്ടായിരുന്നു. 2018-19 ൽ പി.എസ്.ജിക്കൊപ്പമുള്ള ഒരു സീസൺ ഒഴികെ, തന്റെ കരിയറിന്റെ ഭൂരിഭാഗവും യുവന്റിസ് ക്ലബ്ബിനൊപ്പമാണ് അദ്ദേഹം ചെലവഴിച്ചത്. ഒമ്പത് സീരി എ കിരീടങ്ങളും അഞ്ച് കോപ-ഇറ്റാലിയ കിരീടങ്ങളും ക്ലബ്ബിനൊപ്പം നേടിയിരുന്നു. 2000-ങ്ങളുടെ മധ്യത്തിൽ കാൽസിയോപോളി അഴിമതി കാരണം സീരീ-ബിയിലേക്ക് യുവന്റസ് തരംതാഴ്ത്തപ്പെട്ടപ്പോഴും ബഫൺ ടീമിലുണ്ടായിരുന്നു.
സീരി എയില്‍ 657 മത്സരങ്ങള്‍ കളിച്ചതിന്റെ ലോകറെക്കോഡ് താരത്തിന്റെ പേരിലാണ്. അതുപോലെ ഗോൾവഴങ്ങാതെ ഏറ്റവും കൂടുതൽ സമയം (974 മിനിറ്റ്) കളിച്ച താരമെന്ന റെക്കോർഡും 45-കാരന്റെ പേരിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.