മെസ്സി എത്തിയാൽ എല്ലാമായോ..?
text_fieldsമലപ്പുറം: ലയണൽ മെസ്സിയും സംഘവും കേരളത്തിൽ പന്തുതട്ടുന്നത് വീണ്ടും ചർച്ചയായതോടെ കേരളത്തിലെ കായികമേഖലയുടെ ദുരവസ്ഥ പങ്കുവെച്ച് കേരളത്തിലെ ഫുട്ബാൾ താരങ്ങൾ. ഇന്ത്യൻ ഫുട്ബാൾ താരം ആഷിഖ് കുരുണിയൻ, ഐ.എസ്.എൽ താരങ്ങളായ മുഹമ്മദ് ഇർഷാദ്, മിർഷാദ്, ലിയോൺ അഗസ്റ്റിൻ, സന്തോഷ് ട്രോഫി താരം ഗനി അഹ്മദ് നിഗം, മുൻ അന്താരാഷ്ട്ര താരം റിനോ ആന്റണി എന്നിവരാണ് കേരളത്തിലെ കായികലോകത്തിന്റെ ദയനീയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
നാഷനൽ ഗെയിംസിനുള്ള കേരള ടീം റിസർവ് ടിക്കറ്റ് പോലുമില്ലാതെ ഡൽഹിയിലേക്കുള്ള ട്രെയിനിൽ തൂങ്ങി യാത്ര ചെയ്യുന്നതിന്റെയും ബാഡ്മിൻറൺ താരം എച്ച്.എസ് പ്രണോയ്, എൽദോസ് പോൾ, അബ്ദുല്ല അബൂബക്കർ എന്നിവർ അവഗണന കാരണം സംസ്ഥാനം വിടുകയാണെന്ന് പ്രഖ്യാപിച്ച വാർത്തയുടെയും ചിത്രങ്ങൾ ‘മെസ്സി വരും എല്ലാം ശരിയാവും’ എന്ന അടിക്കുറിപ്പോടെയാണ് ആഷിഖ് ഉൾപ്പടെയുള്ള താരങ്ങൾ പങ്കുവെച്ചത്. കായിക താരങ്ങളുടെ ഭക്ഷണത്തിന്റെ ബുദ്ധിമുട്ടിനെക്കുറിച്ച് വന്ന വാർത്തക്കൊപ്പം ‘അർജൻറീന കേരളത്തിലേക്ക് വരുന്നതിൽ ആളുകൾ ആവേശഭരിതരാണെന്ന് എനിക്കറിയാം, എന്നാൽ ഉയർന്ന തലത്തിൽ മത്സരിക്കേണ്ട കേരളത്തിലെ ഒരു സാധാരണ കായികതാരത്തിന്റെ യാഥാർഥ്യം കാണുക. ഈ അവസ്ഥയിൽ അവർ എങ്ങനെ വളരുമെന്നാണ്?’ എന്ന ചോദ്യമാണ് റൗണ്ട് ഗ്ലാസ് പഞ്ചാബ് താരമായ ലിയോൺ അഗസ്റ്റിൻ ഇൻസ്റ്റ ഗ്രാമിൽ സ്റ്റോറിയാക്കിയത്.
‘2005ൽ സ്പോർട്സ് കൗൺസിലിൽ പഠിച്ച വ്യക്തിയാണ് ഞാൻ. ഹോസ്റ്റലും താമസവും ഭക്ഷണവും ഗ്രൗണ്ടും ട്രെയിനിങ്ങും എല്ലാം 2005ൽ എങ്ങനെയാണോ അതുപോലെ തന്നെയാണ് ഇന്നും’ എന്നാണ് വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ജഴ്സിയണിഞ്ഞ മഷ്ഹൂർ ശരീഫിന്റെ കമന്റ്ബോക്സിലെ പ്രതികരണം. ഏറെ ആരാധകരുള്ള മുൻ ഇന്ത്യൻ താരം അനസ് എടത്തൊടിക ആഴ്ചകൾക്കു മുമ്പ് നൽകിയ അഭിമുഖത്തിലും ഈ വിഷയം സൂചിപ്പിച്ചിരുന്നു. ‘60 ലക്ഷം രൂപ മുടക്കി സംസ്ഥാന അത്ലറ്റിക് മീറ്റ് നടത്താൻ കഴിയാത്ത നമ്മൾ എന്തിനാണ് മെസ്സിയെ കേരളത്തിൽ എത്തിക്കാൻ ശ്രമിക്കുന്നത്. മെസ്സിയുടെ കളി കാണാൻ നമുക്ക് അങ്ങോട്ട് പോയാൽ പോരെ’ എന്നായിരുന്നു പരാമർശം. പ്രതികരണവുമായി താരങ്ങൾ എത്തിയതോടെ സോഷ്യൽ മീഡിയയിൽ ചർച്ചക്ക് ചൂട് പിടിച്ചു. നിരവധി പേരാണ് അനുകൂലവും പ്രതികൂലവുമായി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.