‘ചുറ്റിലും നുണകളുടെ കൂമ്പാരമായിരുന്നു...’; അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനെതിരെ ഗുരുതര ആരോപണവുമായി ഇഗോർ സ്റ്റിമാക്
text_fieldsന്യൂഡൽഹി: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനെതിരെ (എ.ഐ.എഫ്.ഫ്) ഗുരുതര ആരോപണങ്ങളുമായി പുറത്താക്കപ്പെട്ട മുൻ ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്. ദേശീയ ടീമിന്‍റെ പരിശീലകനായുള്ള അഞ്ചു വർഷക്കാലം എ.ഐ.എഫ്.എഫിന്‍റെ ഭാഗത്തുനിന്ന് മതിയായ പിന്തുണ ലഭിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്റ്റീഫൻ കോൺസ്റ്റന്‍റൈന്‍റൈ പിൻഗാമിയായി 2019 മാർച്ചിലാണ് സ്റ്റിമാക് ഇന്ത്യൻ ഫുട്ബാൾ ടീമിന്‍റെ പരിശീലകനായി ചുമതലയേൽക്കുന്നത്.
2026 ലോകകപ്പ് യോഗ്യത മത്സരത്തിന്‍റെ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടാതെ ഇന്ത്യൻ ടീം പുറത്തായതിനു പിന്നാലെയാണ് മുൻ ക്രൊയേഷ്യൻ താരം കൂടിയായ സ്റ്റിമാക്കിനെ എ.ഐ.എഫ്.എഫ് പുറത്താക്കിയത്. നിർണായക മത്സരത്തിൽ ഖത്തറിനോട് പരാജയപ്പെട്ടതിനു പിന്നാലെയാണ് സ്റ്റിമാക്കിനെ മാറ്റിയത്. പുതിയ പരിശീലകനെ കണ്ടെത്തുമെന്നും എ.ഐ.എഫ്.എഫ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു. എ.ഐ.എഫ്.എഫ് പിന്തുണയില്ലാത്തതിനാൽ പരിശീലകനായി തുടരുക അസാധ്യമായിരുന്നെന്നും സ്റ്റിമാക്ക് അഭിമുഖത്തിൽ വ്യക്തമാക്കി.
ബോർഡിനു ചുറ്റും നിക്ഷിപ്ത, സ്വകാര്യ താൽപര്യക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘മതിയായ പിന്തുണയില്ലാതെ എനിക്ക് തുടരുക അസാധ്യമായിരുന്നു, നുണകളുടെ കൂമ്പാരങ്ങൾ കേട്ട് മടുത്തു. ചുറ്റിലും നിക്ഷിപ്ത താൽപര്യക്കാരായിരുന്നു’ -സ്റ്റിമാക് പറഞ്ഞു. തന്നെ ഏകപക്ഷീയമായി പുറത്താക്കിയ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ, കരാർ അനുശാസിക്കുന്ന തരത്തിലുള്ള തുക പത്ത് ദിവസത്തിനകം പൂർണമായും തന്നില്ലെങ്കിൽ കേസ് ഫയൽ ചെയ്യുമെന്ന് സ്റ്റിമാക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
2023 ഒക്ടോബർ അഞ്ചിനാണ് സ്റ്റിമാക്കുമായി മൂന്ന് വർഷത്തേക്ക് കരാർ പുതുക്കിയത്. രണ്ട് വർഷത്തിലധികം ബാക്കിയിരിക്കെ പരിശീലകനെ പുറത്താക്കുകയായിരുന്നു. ഇക്കാരണത്താൽ ഫിഫ അനുശാസിക്കുന്ന തരത്തിൽ, കരാർ മൂല്യപ്രകാരം ആറു കോടി രൂപയെങ്കിലും ഫെഡറേഷൻ സ്റ്റിമാക്കിന് നൽകണം. അല്ലാത്തപക്ഷം, ഫിഫ ട്രൈബ്യൂണലിനെ സമീപിക്കുമെന്നാണ് സ്റ്റിമാക്കിന്റെ ഭീഷണി.
സ്റ്റിമാക്കിന്റെ പരിശീലനത്തിൽ ടീം മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിലും നിർണായക കളികളിൽ കാലിടറിയതാണ് തിരിച്ചടിയായത്. ഒരുവേള ഫിഫ റാങ്കിങ്ങിൽ ആദ്യ നൂറിലെത്തിയിരുന്നു ഇന്ത്യ. എന്നാൽ, പിന്നീട് കാര്യങ്ങൾ കൈവിട്ടു. സ്വന്തം മണ്ണിൽ അഫ്ഗാനിസ്താനോട് വരെ മുട്ടുമടക്കിയതാണ് ലോകകപ്പ് യോഗ്യത റൗണ്ടിൽ പുറത്തേക്ക് വഴി തുറന്നത്. സ്റ്റിമാക്കിനു കീഴിൽ നാലു മേജർ ട്രോഫികൾ ഇന്ത്യ നേടിയിരുന്നു. 2021, 2023 സാഫ് ചാമ്പ്യൻഷിപ്പ് കിരീടങ്ങളും ഇന്‍റർകോണ്ടിനെന്‍റൽ കപ്പും 2023ലെ ട്രൈ നാഷൻസ് കിരീടവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.