മാപ്പ് പറഞ്ഞ് കസീയസ്; താൻ സ്വവർഗാനുരാഗിയെന്ന ട്വീറ്റ് ഡിലീറ്റ് ചെയ്തു
text_fieldsതാൻ സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തുന്ന ട്വീറ്റ് ഡിലീറ്റ് ചെയ്ത് റയൽ മാഡ്രിഡിന്റെ മുൻ സ്പാനിഷ് ഇതിഹാസ ഗോൾകീപ്പർ ഐകർ കസീയസ്. ഞായറാഴ്ച ഉച്ചക്ക് ശേഷം പോസ്റ്റ് ചെയ്ത ട്വീറ്റിലൂടെയായിരുന്നു വെളിപ്പെടുത്തൽ. "നിങ്ങൾ എന്നെ ബഹുമാനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഞാൻ സ്വവർഗാനുരാഗിയാണ്", എന്നിങ്ങനെയായിരുന്നു മുൻ സ്പെയിൻ ക്യാപ്റ്റന്റെ ട്വീറ്റിലെ വാചകങ്ങൾ. ഇത് ഡിലീറ്റ് ചെയ്ത താരം, തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായിരുന്നെന്നും ഭാഗ്യത്തിന് എല്ലാം ശരിയായെന്നും അറിയിച്ചു. ആരാധകരോടും എൽ.ജി.ബി.ടി വിഭാഗത്തോടും മാപ്പ് ചോദിക്കുന്നതായും താരം ട്വീറ്റ് ചെയ്തു. ട്വിറ്ററിൽ 9.6 ദശലക്ഷം പേർ പിന്തുടരുന്ന താരമാണ് കസീയസ്.
സ്വവർഗാനുരാഗിയാണെന്ന ട്വീറ്റ് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. 41കാരന് പിന്തുണയുമായി മുൻ സ്പെയിൻ സഹതാരം കാർലോസ് പുയോൾ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
സ്‌പോർട്‌സ് ജേണലിസ്റ്റ് സാറ കാർബോനെറോയുമായുള്ള ദാമ്പത്യ ജീവിതം 2021 മാർച്ചിൽ കസീയസ് അവസാനിപ്പിച്ചിരുന്നു. അഞ്ച് വർഷത്തെ ദാമ്പത്യത്തിനൊടുവിലായിരുന്നു വേർപിരിയൽ. ഇവർക്ക് രണ്ട് ആൺകുട്ടികളുണ്ട്.
റയൽ മാഡ്രിഡിനായി 510 മത്സരങ്ങളിൽ ഗ്ലൗ അണിഞ്ഞ താരമാണ് കസീയസ്. മൂന്ന് ചാമ്പ്യൻസ് ലീഗ്, അഞ്ച് ലാ ലിഗ, നാല് സൂപ്പർ കോപ, രണ്ട് കോപ ഡെൽറെ എന്നിങ്ങനെ നിരവധി കിരീട നേട്ടങ്ങളിൽ അദ്ദേഹം പങ്കാളിയായിട്ടുണ്ട്. 2000 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ 167 മത്സരങ്ങളിൽ സ്‍പെയിൻ വലകാത്തു. 2010ലെ ലോകക്കപ്പും 2000ത്തിലെ യൂറോ കപ്പും രാജ്യത്തിനായി നേടി.ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായാണ് കസീയസ് പരിഗണിക്കപ്പെടുന്നത്. അവസാനം ജഴ്സിയണിഞ്ഞ പോർച്ചുഗീസ് ക്ലബ് പോർട്ടോയിൽ പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് 2020ലാണ് വിരമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.