ആ സുവർണ നേട്ടത്തിന് അമ്പതാണ്ട്; അഖിലേന്ത്യ അന്തർ സര്‍വകലാശാല ഫുട്ബാളിൽ കാലിക്കറ്റ് കിരീടം നേടിയത് 1971 ഒക്ടോബര്‍ 19ന്
text_fieldsകോഴിക്കോട്: അശുതോഷ് മുഖർജി ട്രോഫി എന്ന സമ്മോഹനനേട്ടം കാലിക്കറ്റ് സർവകലാശാലയുടെ കാൽപന്തുതാരങ്ങൾ സ്വന്തമാക്കിയിട്ട് അമ്പതാണ്ട് തികയുന്നു. അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് ആദ്യമായി നേടിയ കിരീടത്തിന് മധുരമേറെയായിരുന്നു. സര്‍വകലാശാല പിറന്ന് മൂന്നാം വര്‍ഷത്തിലായിരുന്നു ഈ നേട്ടം.
ഒക്ടോബര്‍ 19ന് നടന്ന അവസാന ലീഗ് മത്സരത്തില്‍ ഗുവാഹതി സര്‍വകലാശാലയെ (2-2) സമനിലയില്‍ തളച്ചായിരുന്നു ആതിഥേയരായ കാലിക്കറ്റ് ജേതാക്കളായത്. അതിനുമുമ്പ് വിക്രം സര്‍വകലാശാലയെ (4-1) തോൽപിച്ചിരുന്നു. പരുക്കന്‍ അടവുകളെത്തുടര്ന്ന്, റഫറിയുടെ നിര്‍ദേശം വകവെക്കാതെ ഇടക്കുവെച്ച് കളി ഉപേക്ഷിച്ച പഞ്ചാബ് ടീമിനെതിരെ (1-0) കാലിക്കറ്റിന് വാക്കോവര്‍ ലഭിക്കുകയായിരുന്നു.
സി.പി.എം. ഉസ്മാന് കോയ എന്ന പരിശീലകെൻറയും ഫാറൂഖ് കോളജില്‍നിന്നുള്ള മാനേജര്‍ സി.പി. അബൂബക്കറിെൻറയും കീഴിൽ 16 അംഗ ടീമാണ് അന്നുണ്ടായിരുന്നത്. വിക്ടര്‍ മഞ്ഞിലയെന്ന ക്യാപ്റ്റനും ഗോളിയും തിളങ്ങിയപ്പോള്‍ ഒരു ഗോള്‍പോലും വഴങ്ങാതെ ദക്ഷിണമേഖല ചാമ്പ്യന്‍ഷിപ് കാലിക്കറ്റ് കരസ്ഥമാക്കിയിരുന്നു.
പിറന്നിട്ട് മൂന്നു വര്‍ഷം മാത്രമായ സര്‍വകലാശാലക്ക് അടിസ്ഥാന സൗകര്യങ്ങളായി വരുന്ന കാലത്താണ് ഈ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് കാലിക്കറ്റ് ആതിഥ്യം വഹിച്ചത്. കായിക പഠനവകുപ്പിെൻറ ആദ്യ ഡയറക്ടര്‍ ഡോ. ഇ.ജെ. ജേക്കബിെൻറ നിശ്ചയദാർഢ്യമായിരുന്നു ഇതിനു പിന്നിൽ. വിക്ടർ മഞ്ഞില, കെ.പി. രത്നാകരന്, ഇ. രാമചന്ദ്രന്, എം.വി. ഡേവിസ്, പി. പൗലോസ്, അബ്ദുൽ ഹമീദ്, കെ.സി. പ്രകാശ്, കുഞ്ഞിമുഹമ്മദ്, എന്‍.കെ. സുരേഷ്, എം.ആര്. ബാബു, എം.ഐ. മുഹമ്മദ് ബഷീര്‍ എന്നിവര്‍ കളംനിറഞ്ഞു കളിച്ചു. പ്രദീപ്, ദിനേശ് പട്ടയില്‍, പി. അശോകന്, ശശികുമാര്‍, അബ്ദുൽ റഫീഖ് എന്നിവരായിരുന്നു റിസര്‍വ് നിര. ടീമിലെ നാലു പേര് ജീവിതത്തില്‍നിന്നു കളമൊഴിഞ്ഞു. അന്നത്തെ താരങ്ങളെയും പരിശീലകരെയും ആദരിക്കലും പുതിയ സ്പോര്‍ട്സ് ഹോസ്റ്റലിെൻറ ശിലാസ്ഥാപനവും 19ന് രാവിലെ 11ന് സര്‍വകലാശാല സെനറ്റ് ഹാളില്‍ മന്ത്രി വി. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്യും. പി. അബ്ദുൽ ഹമീദ് എം.എല്‍.എ, വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.