വേദനകൾക്കിടയിൽ പുഞ്ചിരിയുമായി നായകരെത്തി
text_fieldsദോഹ: പ്രിയപ്പെട്ടവരുടെ വേർപാടിനും, ശരീരത്തിനും മനസ്സിനുമേറ്റ വേദനകൾക്കും ഇടയിൽ തങ്ങളുടെ ദേശീയ ടീം കളിക്കളത്തിൽ നൽകിയ വിജയങ്ങൾതന്നെ അവർക്ക് വലിയ സമ്മാനമായിരുന്നു. യുദ്ധഭൂമിയിൽനിന്നും കേൾക്കുന്ന നീറുന്ന വേദനകൾക്കിടയിൽ ഏഷ്യൻ കപ്പിൽ ‘അൽ ഫിദായീന്റെ കുതിപ്പ് അവർക്ക് അഭിമാനമായി.
ടൂർണമെന്റിന്റെ പ്രീക്വാർട്ടറിലേക്ക് ഫലസ്തീൻ യോഗ്യത നേടിയതിന്റെ സന്തോഷങ്ങൾക്കിടയിലാണ് ബുധനാഴ്ച അവരെ തേടി രാജ്യത്തിന്റെ നായകർ എത്തുന്നത്. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് ഖത്തറിൽ ചികിത്സയിൽ കഴിയുന്ന ഫലസ്തീനികൾക്കിടയിലേക്കാണ് സമ്മാനങ്ങളും ആശ്വാസ വാക്കുകളുമായി ദേശീയ ടീം അംഗങ്ങളെത്തിയത്.
ഒക്ടോബർ ഏഴിന് ഇസ്രായേൽ ആരംഭിച്ച ആക്രമണങ്ങളിൽ പരിക്കേറ്റ 1500ഓളം പേർക്കാണ് ഖത്തറിൽ ചികിത്സ നൽകുന്നത്. കുട്ടികളും സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെ ചികിത്സയിൽ കഴിയുന്ന ഫലസ്തീനികൾക്കിടയിലേക്കാണ് ദേശീയ ടീമിന്റെ ജഴ്സികൾ സമ്മാനവുമായി താരങ്ങളും പരിശീലകരും ടീം മാനേജ്മെന്റുമെല്ലാമെത്തിയത്. ആശുപത്രി കിടക്കയിൽ കഴിയുന്നവരുമായി കുശലാന്വേഷണങ്ങൾ നടത്തിയ താരങ്ങൾ ആരോഗ്യ വിവരങ്ങൾ ചോദിച്ചറിഞ്ഞും ആശ്വാസം പകർന്നു.
‘ജനങ്ങൾക്കും ഭൂമിക്കുമെതിരായ അധിനിവേശ സേനയുടെ ആക്രമണങ്ങൾ നമ്മുടെ ശക്തിയെ തകർക്കില്ല. അധിനിവേശ സേനയുടെ ക്രൂരതയെ നേരിടാനുള്ള വീര്യവും ദൃഢനിശ്ചയവും നമുക്ക് ഓരോ ദിവസവും വർധിക്കും’ -പ്രിയപ്പെട്ടവരെ സന്ദർശിച്ചുകൊണ്ട് താരങ്ങൾ പറഞ്ഞു.
രോഗികൾക്കൊപ്പമുള്ള ചിത്രങ്ങൾ ഫലസ്തീൻ ഫുട്ബാൾ അസോസിയേഷൻ സമൂഹ മാധ്യമ പേജുകളിൽ പങ്കുവെച്ചു. പരിക്കേറ്റ ഫലസ്തീനികളെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഖത്തറിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകുന്നത്.
ഇവർക്കായി ആശുപത്രികളിൽ ഏഷ്യൻ കപ്പ് മത്സരങ്ങളുടെ തത്സമയ പ്രദർശനത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
നാട്ടിലെ യുദ്ധ സാഹചര്യങ്ങൾക്കിടയിലും പ്രിയപ്പെട്ടവരുടെ മരണവാർത്തകൾക്കിടയിലും കളിക്കാനിറങ്ങി വിജയക്കുതിപ്പ് നടത്തുന്ന ഫലസ്തീൻ ടീമിന്റെ പ്രകടനം ഇതിനകം തന്നെ ലോക മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.
ഗ്രൂപ് ‘സി’യിൽ ആദ്യ മത്സരത്തിൽ ഇറാനോട് തോറ്റ ശേഷം (4-1), യു.എ.ഇയെ സമനില പിടിച്ചും (1-1), ഹോങ്കോങ്ങിനെ 3-0ത്തിന് തരിപ്പണമാക്കിയും ഫലസ്തീൻ മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒന്നാമതായാണ് ഏഷ്യൻ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇടം പിടിച്ചത്. ഇതാദ്യമായാണ് ഫലസ്തീൻ ടൂർണമെന്റിന്റെ പ്രീക്വാർട്ടറിൽ ഇടം നേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.