ഏഷ്യയിലെ മുൻനിര ടീമാകാൻ ലക്ഷ്യമിട്ട് ഇന്ത്യ
text_fieldsന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബാളിനെ ഏഷ്യയിലെ ഏറ്റവും മുന്‍നിരയില്‍ എത്തിക്കാൻ ലക്ഷ്യമിട്ട് 2047ലേക്കുള്ള ‘സ്ട്രാറ്റജിക് റോഡ് മാപ്’ അവതരിപ്പിച്ച് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ. ആറു ഘട്ടങ്ങളായി തിരിച്ചാണ് 2047 വരെയുള്ള കര്‍മപരിപാടികള്‍ രൂപവത്കരിച്ചിരിക്കുന്നതെന്ന് ശനിയാഴ്ച ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ഫെഡറേഷന് പ്രസിഡന്റ് കല്യാണ്‍ ചൗബേയും ജനറൽ സെക്രട്ടറി ഷാജി പ്രഭാകരനും പറഞ്ഞു.
ഇന്ത്യയിൽ മറ്റു മേഖലകളിൽ വളരെ വേഗത്തിൽ വളർച്ചയുണ്ടെന്നും അതുപോലെ 25 വര്‍ഷത്തിനപ്പുറം ഫുട്ബാള്‍ രംഗത്ത് ഇന്ത്യയെ നിര്‍ണായക നിരയിലെത്തിക്കുമെന്നും റോഡ് മാപ് വിശദീകരിച്ച് ഷാജി പ്രഭാകരന് പറഞ്ഞു. 2022 മുതല്‍ 2026 വരെയുള്ള പുതിയ മാനേജ്മെന്റ് കമ്മിറ്റി രാജ്യത്ത് ഫുട്ബാള്‍ മേഖലയുടെ മൊത്തത്തിലുള്ള വികസനം വിലയിരുത്തും.
ഏഷ്യന്‍ ഫുട്ബാള്‍ നിരയില്‍ നാലാം റാങ്കിലെത്താനുള്ള പരിശ്രമങ്ങളാണ് നടത്തുന്നത്. ആറ് ഏഷ്യന്‍ ലീഗുകളില്‍ ഒന്നാം നിരയിലേക്ക് ഉയരുകയും ചെയ്യും. പുരുഷ ഫുട്ബാള്‍ രംഗത്തിനു തുല്യമായി വനിത ഫുട്ബാള്‍ മേഖലയിലും വികസനം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ കായിക രീതികളോട് ചേര്‍ന്നുനില്‍ക്കുന്ന കോച്ചുകളെവെച്ചു പരിശീലനം നല്‍കും. മികച്ച റഫറിമാരെയും കോച്ചുമാരെയും വാര്‍ത്തെടുക്കും. സ്വന്തമായി പരിശീലന ഗ്രൗണ്ടുകളോട് കൂടിയ 50 പ്രഫഷനല്‍ ക്ലബുകള്‍ സംസ്ഥാനങ്ങളില്‍ രൂപവത്കരിക്കും. നിലവില്‍ 4500 പ്രഫഷനല്‍ ക്ലബുകള്‍ ഉള്ളത് 2047 ആകുമ്പോഴേക്കും 20,000 ആയി ഉയർത്തും. വനിതകള്‍ക്കു മാത്രമായി 20 ക്ലബുകള്‍ രൂപവത്കരിക്കും. 2026 ആകുമ്പോഴേക്കും സ്കൂളുകളില്‍ നിന്നുള്‍പ്പെടെ ദശലക്ഷം കുട്ടികളെ രജിസ്റ്റര്‍ ചെയ്യിക്കും.
പുരുഷന്മാരുടെ ഫുട്ബാളിന് തുല്യമായി സ്ത്രീകളെ പരിഗണിക്കും. തുല്യ അവസരവും പദവിയും വേതനവും നൽകും. അവർക്ക് സുരക്ഷിതത്വം തോന്നുന്നതിനായി ഫെഡറേഷനിൽ ചട്ടങ്ങൾ കൊണ്ടുവരും. ഇന്ത്യന്‍ ഫുട്ബാള്‍ ഫെഡറേഷന് ആദ്യമായി മാര്‍ക്കറ്റിങ് ടീമിനെക്കൂടി ഉള്‍പ്പെടുത്തുമെന്നും ഫെഡറേഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.