ലോകകപ്പ് യോഗ്യത ഫുട്ബാൾ മത്സരത്തിന് ഒരുങ്ങി ഇന്ത്യയും കുവൈത്തും
text_fieldsകുവൈത്ത് സിറ്റി: ലോകകപ്പ് യോഗ്യത മത്സരത്തിൽ കുവൈത്തിനെ നേരിടുന്നതിനായി ഇന്ത്യൻ ടീം ഒരുങ്ങി. ഈ മാസം 16നാണ് ഇന്ത്യ-കുവൈത്ത് മത്സരം. ഇതിനായി രണ്ടു ദിവസം മുമ്പ് ഇന്ത്യൻ ടീം കുവൈത്തിലെത്തും. പരിശീലനത്തിനായി ബുധനാഴ്ച ഇന്ത്യൻ ടീം ദുബൈയിലെത്തും. ദുബൈയിൽനിന്നാകും ടീം കുവൈത്തിലേക്ക് തിരിക്കുക. ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴിനാണ് മത്സരം. ഇന്ത്യൻ ടീമിന്റെ 28 അംഗ സാധ്യതപട്ടികയിൽ സുനിൽ ഛേത്രി, ഗുർപ്രീത് സിങ് സന്ധു, സന്ദേശ് ജിങ്കാൻ എന്നിവരുൾപ്പെടെ പ്രമുഖ താരങ്ങളുണ്ട്. മലയാളികളായ സഹൽ അബ്ദുൽ സമദും കെ.പി. രാഹുലും സാധ്യത ടീമിലുണ്ട്. അമരീന്ദർ സിങ്, ഗുർപ്രീത് സിങ് സന്ധു, വിശാൽ കൈത് എന്നിവരാണ് ഗോൾ കീപ്പർമാർ.
ആകാശ് മിശ്ര, ലാൽചുങ്നുംഗ, മെഹ്താബ് സിങ്, നിഖിൽ പൂജാരി, രാഹുൽ ഭേക്കെ, റോഷൻ സിങ് നൗറെം, സന്ദേശ് ജിങ്കാൻ, സുഭാശിഷ് ബോസ് എന്നിവരിൽനിന്നാകും പ്രതിരോധനിര. മധ്യനിരയിൽ അനിരുദ്ധ് ഥാപ്പ, ബ്രൻഡൻ ഫെർണാണ്ടസ്, ഗ്ലാൻ പീറ്റർ മാർട്ടിൻസ്, ലാലെങ്മാവിയ, ലിസ്റ്റൺ കൊളാസോ, മഹേഷ് സിങ് നൗറെം, നന്ദകുമാർ ശേഖർ, രോഹിത് കുമാർ, സഹൽ അബ്ദുൽ സമദ്, സുരേഷ് സിങ് വാങ്ജാം, ഉദാന്ത സിങ് എന്നിവർ ടീമിലുണ്ട്. ഇഷാൻ പണ്ഡിത, ലാലിയൻസുവാല ചാങ്തെ, മൻവീർ സിങ്, കെ.പി. രാഹുൽ, സുനിൽ ഛേത്രി, വിക്രം പ്രതാപ് സിങ് എന്നിവരാണ് ഫോർവേഡ് പട്ടികയിൽ ഇടംപിടിച്ചവർ.
ലോകകപ്പിനും ഏഷ്യൻ കപ്പിനുമുള്ള കോണ്ടിനെന്റൽ യോഗ്യതാമത്സരങ്ങൾക്കും കുവൈത്ത് ടീമും പൂർണ സജ്ജരാണ്. ദുബൈ പൊലീസ് ഓഫിസേഴ്സ് ക്ലബ് സ്റ്റേഡിയത്തിൽ അടുത്തിടെ നടന്ന സൗഹൃദമത്സരത്തിൽ കുവൈത്ത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സിറിയൻ എതിരാളിയെ പരാജയപ്പെടുത്തി ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ കഠിന പരിശീലനങ്ങളിലേക്ക് കുവൈത്ത് ടീം പ്രവേശിക്കും. ലോകകപ്പ് യോഗ്യതമത്സരത്തിൽ ഗ്രൂപ് ‘എ’യിലെ ഇന്ത്യ-കുവൈത്ത് മത്സരമാണ് 16ന് നടക്കുക.
കഴിഞ്ഞ ലോകകപ്പ് ആതിഥേയരും നിലവിലെ ഏഷ്യൻ ചാമ്പ്യന്മാരുമായ ഖത്തർ, അഫ്ഗാനിസ്താൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഓരോ ടീമും ഹോം, എവേ അടിസ്ഥാനത്തിൽ ഗ്രൂപ്പിൽ മാറ്റുരക്കും. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർ 2027ൽ സൗദിയിൽ നടക്കുന്ന ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടും. ഒന്നും രണ്ടും സ്ഥാനക്കാർ 2026 ലോകകപ്പ് യോഗ്യതമത്സരങ്ങളുടെ മൂന്നാം റൗണ്ടിലും പ്രവേശിക്കും.
ടിക്കറ്റ് സൗജന്യമാണോ?
കുവൈത്ത് സിറ്റി: ഇന്ത്യ-കുവൈത്ത് ഫുട്ബാൾ മത്സരം കുവൈത്തിലെത്തുന്നതിന്റെ ആവേശത്തിലായിരുന്നു ഇന്ത്യൻ പ്രവാസികൾ. മത്സരം കാണാൻ മലയാളികൾ അടക്കമുള്ളവർ കാത്തിരിപ്പിലായിരുന്നു. അതിനിടെ മത്സരത്തിനുള്ള സൗജന്യ ടിക്കറ്റുമായി ഒരു സൈറ്റ് ലിങ്ക് വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിച്ചു. മലയാളികൾ അടക്കമുള്ള ഭൂരിപക്ഷം പേരും അതിൽ കയറി ടിക്കറ്റ് ബുക്ക് ചെയ്തു.
ബുക്ക് ചെയ്തവർക്ക് ടിക്കറ്റ് നമ്പറും ബ്ലോക്കും ഗേറ്റും സൂചിപ്പിച്ച് ഓൺലൈനായി ടിക്കറ്റും കിട്ടി. എന്നാൽ, ബുക്ക് ചെയ്തവർക്കെല്ലാം 13ാം തീയതി മൂന്നുമണി മുതലാണ് ടിക്കറ്റ് നൽകൽ ആരംഭിക്കുന്നതെന്ന് ശനിയാഴ്ച രാത്രിയോടെ സന്ദേശം എത്തി. ഇതോടെ സൗജന്യ ടിക്കറ്റുമായി കളികാണാം എന്ന് പ്രതീക്ഷിച്ചിരുന്നവർ വെട്ടിലായി. ടിക്കറ്റിന് പണം നൽകേണ്ടിവരുമോ എന്നതും വ്യക്തമല്ല. എന്തായാലും കളി കാണണം എന്ന തീരുമാനത്തിൽ തന്നെയാണ് കുവൈത്തിലെ പ്രവാസി ഫുട്ബാൾ ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.