ഇന്ത്യൻ ഫുട്ബാൾ കോച്ച് ഇഗോർ സ്റ്റിമാക് ഏഷ്യൻ ഗെയിംസിൽ നിന്ന് വിട്ടുനിൽക്കുമോ..?
text_fieldsന്യൂഡൽഹി: അടുത്തയാഴ്ച നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്ബാൾ ടീമിനെ കോച്ച് ഇഗോർ സ്റ്റിമാക് അനുഗമിക്കാൻ സാധ്യതയില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കളിക്കാരുടെ ലഭ്യതയെച്ചൊല്ലി ഐ.എസ്.എൽ ക്ലബ്ബുകളും ഓൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷനും (എ.ഐ.എഫ്.എഫ്) തമ്മിലുള്ള തർക്കം തുടരുന്നതിനാൽ ഏഷ്യാഡ് ടീമിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.
രാജ്യത്തെ മുൻനിര ഡിവിഷൻ ക്ലബുകളുടെ കടുംപിടുത്തം ഏഷ്യൻ ഗെയിംസിൽ ദുർബലരായ ടീമിനെ ഇറക്കാൻ ഇന്ത്യ നിർബന്ധിതരായേക്കുമെന്നാണ് റിപ്പോർട്ട്. സ്ക്വാഡിൽ മികച്ച കളിക്കാർ വേണമെന്ന തന്റെ ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന സ്റ്റിമാക് ഏഷ്യൻ ഗെയിംസിൽ നിന്ന് വിട്ടുനിന്നേക്കും.
സെപ്തംബർ 19 നാണ് ഹാങ്‌ഷൗ ഗെയിംസിൽ ഇന്ത്യ ആതിഥേയരായ ചൈനയെ നേരിടുന്നത്. അണ്ടർ 23 ടൂർണമെന്റാണ് ഏഷ്യൻ ഗെയിംസ്. നിയമമനുസരിച്ച്, ഓരോ രാജ്യവും മൂന്ന് സീനിയർ താരങ്ങൾക്കൊപ്പം അണ്ടർ 23 ടീമിനെ ഇറക്കേണ്ടത്. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി, പ്രതിരോധതാരം സന്ദേശ് ജിങ്കൻ, ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധു എന്നിവരെയാണ് തെരഞ്ഞെടുത്തത്. എന്നാൽ, പുതിയ സാഹചര്യത്തിൽ ഇവരൊന്നും ഹാങ്‌ഷൗവിലേക്ക് പോകാൻ സാധ്യത കുറവാണ്.
സെപ്തംബർ 21 ന് ആരംഭിക്കുന്ന സീസണിന് മുമ്പ് ഐ.എസ്.എൽ ടീമുകൾ അവരുടെ കളിക്കാരെ വിട്ടയക്കാൻ തയാറാകാത്തതിനാൽ പരിചയസമ്പന്നരായ മൂവർക്കും ഏഷ്യൻ ഗെയിംസ് നഷ്ടമായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.