സ്റ്റിമാക്കിന് രണ്ടു മത്സരങ്ങളിൽ വിലക്കും 41,000 രൂപ പിഴയും
text_fieldsബംഗളൂരു: സാഫ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിനിടെ വീണ്ട് ചുവപ്പ് കാർഡ് കണ്ട് പുറത്തായ ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്കിനെതിരെ കടുത്ത നടപടി. സ്റ്റിമാക്കിന് രണ്ടു മത്സരങ്ങളിൽ വിലക്കും 500 യു.എസ് ഡോളർ (ഏകദേശം 41,000 രൂപ) പിഴയും ചുമത്തി. സാഫ് അച്ചടക്ക സമിതിയുടേതാണ് നടപടി. ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ആദ്യ മത്സരത്തിൽ പാകിസ്താനെ നേരിടുമ്പോൾ സ്റ്റിമാക്കിന് റഫറി ചുവപ്പ് കാർഡ് കാണിച്ചിരുന്നു. തുടർന്ന് നേപ്പാളിനെതിരായ കളിയിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നു. മൂന്നാം മത്സരത്തിൽ ഇന്ത്യ കുവൈത്തിനെതിരെ കളിക്കുമ്പോഴാണ് പെരുമാറ്റത്തിന്റെ പേരിൽ പരിശീലകനെ ഒരിക്കൽക്കൂടി പുറത്താക്കുന്നത്.
‘‘ആദ്യ സംഭവത്തിൽനിന്ന് വ്യത്യസ്തമായി ഗുരുതരമായ കുറ്റമായതിനാൽ വിഷയം സാഫ് അച്ചടക്കസമിതിയിൽ എത്തി. റെഡ് കാർഡ് കാണിച്ചതിനുശേഷം ഗ്രൗണ്ടിന് പുറത്തു പോകുമ്പോൾ ഉദ്യോഗസ്ഥർക്കെതിരെ സ്റ്റിമാക് അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചു. അദ്ദേഹത്തിന് രണ്ടു മത്സര വിലക്കും 500 യു.എസ് ഡോളർ പിഴയും ചുമത്തിയിട്ടുണ്ട്’’ -സാഫ് ജനറൽ സെക്രട്ടറി ജനറൽ അൻവാറുൽ ഹഖ് അറിയിച്ചു. രണ്ടു മത്സര വിലക്ക് വന്നതോടെ, ഇന്ത്യൻ ടീം ഫൈനലിൽ എത്തിയാൽ സ്റ്റിമാക് ചുമതലയിൽ ഉണ്ടാകില്ലെന്ന് ഉറപ്പായി. സഹപരിശീലകൻ മഹേഷ് ഗാവ്ലിക്ക് സ്ഥാനം ഏറ്റെടുക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.