ബംപറടിക്കുമോ: ഇന്ത്യക്ക് പ്രതീക്ഷയേകി ലോകകപ്പ് യോഗ്യത റൗണ്ട്, ഏഷ്യൻ ഗെയിംസ് ഫുട്ബാൾ നറുക്കെടുപ്പ്
text_fieldsഇന്ത്യ ഖത്തറും കുവൈത്തും ഉൾപ്പെടുന്ന ഗ്രൂപ് എ യിൽ
ക്വാലാലംപുർ: 2026 ലോകകപ്പിന്റെ ഏഷ്യൻ യോഗ്യത മത്സരങ്ങളുടെ നറുക്കെടുപ്പ് വ്യാഴാഴ്ച മലേഷ്യയിൽ നടന്നു. ഫിഫ റാങ്കിങ്ങിൽ 99ാം സ്ഥാനത്തേക്ക് കയറിയതോടെ ഏഷ്യൻ റാങ്കിങ്ങിൽ 18ാമതുള്ള ഇന്ത്യ പോട്ട് 2ലാണ്. ഇതോടെ ടീം നേരിട്ട് രണ്ടാം റൗണ്ടിലെത്തി. രണ്ടാം റൗണ്ട് മത്സരങ്ങളിൽ ഖത്തറും കുവൈത്തും ഉൾപ്പെടുന്ന ഗ്രൂപ് എയിലാണ് ഇന്ത്യ. പോട്ട് 4ൽ വരുന്നവർ ഏറ്റുമുട്ടി ജയിക്കുന്നവരാണ് രണ്ടാം റൗണ്ടിൽ ഓരോ ഗ്രൂപ്പിലെയും നാലാമത്തെ ടീം.
ഇത് പ്രകാരം അഫ്ഗാനിസ്താൻ- മംഗോളിയ മത്സരത്തിലെ വിജയികളാവും ഇന്ത്യയും ഖത്തറും കുവൈത്തുമടങ്ങുന്ന എ ഗ്രൂപ്പിലെ നാലാമത്തെ സംഘം. ഇന്റർ കോൺഫെഡറേഷൻ പ്ലേ ഓഫിലേക്ക് പോവാതെ തന്നെ ഏഷ്യയിലെ എട്ട് ടീമുകൾക്ക് ലോകകപ്പ് യോഗ്യതയുണ്ട്.
മുന്നേറാൻ വഴി
36 ടീമുകളാണ് രണ്ടാം റൗണ്ടിലുണ്ടാവുക. ഏഷ്യൻ റാങ്ക് അടിസ്ഥാനത്തിൽ ആദ്യ മൂന്ന് പോട്ടുകളിലുൾപ്പെട്ട് നേരിട്ട് രണ്ടാം റൗണ്ടിലെത്തിയ 27ഉം പോട്ട് നാലിൽ നിന്ന് ഒന്നാം റൗണ്ട് കളിച്ചെത്തുന്ന ഒമ്പതും ടീമുകൾ. ഇവർ നാല് സംഘങ്ങൾ വീതം ഒമ്പത് ഗ്രൂപ്പുകളായി തിരിഞ്ഞ് ഹോം/എവേ അടിസ്ഥാനത്തിൽ ഏറ്റുമുട്ടും. ഓരോ ഗ്രൂപ്പിലെയും ഒന്നും രണ്ടും സ്ഥാനക്കാർക്കാണ് മൂന്നാം റൗണ്ട് പ്രവേശനം, ആകെ 18 ടീമുകൾ.
ഇവിടെ ആറ് ടീമുകളടങ്ങുന്ന മൂന്ന് ഗ്രൂപ്പുകളുണ്ടാവും. ഓരോ ഗ്രൂപ്പിൽനിന്നും മുന്നിലെത്തുന്ന ആദ്യ രണ്ട് ടീമുകള്‍ ലോകകപ്പിന് യോഗ്യത നേടും. മൂന്നും നാലും സ്ഥാനക്കാര്‍ക്ക് നാലാം റൗണ്ടുണ്ട്. നാലാം റൗണ്ടിലെത്തുന്ന ആറ് ടീമുകള്‍ വീണ്ടും ഗ്രൂപ് മത്സരങ്ങൾക്കിറങ്ങും. മൂന്ന് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പിലായിട്ടാകും ഏറ്റുമുട്ടുക. ഈ രണ്ട് ഗ്രൂപ്പിലെയും ചാമ്പ്യന്മാര്ക്കും ലോകകപ്പ് യോഗ്യത ലഭിക്കും.
റണ്ണേഴ്സ് അപ്പ് അഞ്ചാം റൗണ്ടിലേക്ക് കടന്ന് പ്ലേ-ഓഫ് മത്സരങ്ങൾ കളിക്കും. ഏഷ്യയിൽനിന്ന് എട്ട് മുതൽ ഒമ്പതു വരെ ടീമുകൾക്ക് ലോകകപ്പ് കളിക്കാം. മൂന്നാം റൗണ്ടിൽനിന്ന് ആറും നാലാം റൗണ്ടിൽനിന്ന് രണ്ട് ടീമുകൾക്കും യോഗ്യത ലഭിക്കുന്നതോടൊപ്പം അഞ്ചാം റൗണ്ടിൽ കളിച്ച് ഇന്റർ കോൺഫെഡറേഷൻ പ്ലേ ഓഫ് കടമ്പ കടക്കുന്നവർക്കും എത്താം.
ഇന്ത്യയുടെ സാധ്യതകൾ
രണ്ടാം റൗണ്ടിൽ ഖത്തറും കുവൈത്തുമാണ് ഇന്ത്യക്ക് കാര്യമായ വെല്ലുവിളി ഉയർത്തുക. ഫിഫ റാങ്കിങ്ങിൽ 137ാം സ്ഥാനക്കാരായ കുവൈത്തിനെ ഈയിടെ സുനിൽ ഛേത്രിയും സംഘവും സാഫ് ചാമ്പ്യൻഷിപ്പിൽ പരാജയപ്പെടുത്തിയതാണ്. 59ാം റാങ്കിലുള്ള ഖത്തറിനെ മറികടക്കൽ പ്രയാസം നിറഞ്ഞതാണ്. അഫ്ഗാനോ മംഗോളിയയോ ആണ് അടുത്ത എതിരാളികൾ.
നിലവിലെ ഫോമിൽ ഇന്ത്യക്ക് ഇവരെ തോൽപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ ഖത്തറിനോട് കീഴടങ്ങിയാലും ഗ്രൂപ്പിൽനിന്ന് രണ്ടു ടീമുകൾക്ക് മൂന്നാം റൗണ്ട് പ്രവേശനമുള്ളതിനാൽ ഇഗോർ സ്റ്റിമാക്കിന്റെ കുട്ടികളുടെ വഴി അടയില്ലെന്നാണ് കരുതുന്നത്. അവിടെ ഇന്ത്യയെ കാത്തിരിക്കുന്നത് കരുത്തരായിരിക്കും. മൂന്നാം റൗണ്ടിലെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനമെങ്കിലും ലഭിച്ചാൽ ചരിത്രം പിറക്കും.
2026ലെ ലോകകപ്പിൽ ഇന്ത്യ കളിക്കുമെന്നർഥം. അടുത്ത റൗണ്ടുകളിലൂടെ പിന്നെയും മൂന്ന് ടീമുകൾക്ക് കൂടി ലോകകപ്പ് ബെർത്തുള്ളതിനാൽ പ്രതീക്ഷ തുടരാം. 2026ലെ കാനഡ-യു.എസ്-മെക്സികോ ലോകകപ്പിൽ 48 ടീമുകൾ കളിക്കുന്നതാണ് ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ചത്.
പോട്ട് (ബ്രാക്കറ്റിൽ ഫിഫ റാങ്ക്)
1: ജപ്പാൻ (20), ഇറാൻ (22), ആസ്ട്രേലിയ (27), ദക്ഷിണ കൊറിയ (28), സൗദി അറേബ്യ (54), ഖത്തർ (59), ഇറാഖ് (70), യു.എ.ഇ (72), ഒമാൻ (73).
2: ഉസ്ബകിസ്താൻ (74), ചൈന (80), ജോർഡൻ (82), ബഹ്റൈൻ (86), സിറിയ (94), വിയറ്റ്നാം (95), ഫലസ്തീൻ (96), കിർഗിസ്താൻ (97), ഇന്ത്യ (99).
3: ലെബനൻ (100), താജികിസ്താൻ (110), തായ്ലാൻഡ് (113), ഉത്തര കൊറിയ (115), ഫിലിപ്പീൻസ് (135), മലേഷ്യ (136), കുവൈത്ത് (137), തുർക്മെനിസ്താൻ (138), ഹോങ്കോങ് (149).
4: ഇന്തോനേഷ്യ (150), ചൈനീസ് തായ്പേയ് (153), മാലദ്വീപ് (155), യെമൻ (156), അഫ്ഗാനിസ്താൻ (157), സിംഗപ്പൂർ (158), മ്യാൻമർ (160), നേപ്പാൾ (175), കംബോഡിയ (176), മക്കാവു (182), മംഗോളിയ (183), ഭൂട്ടാൻ (185), ലാവോസ് (187), ബംഗ്ലാദേശ് (189), ബ്രൂണെ (190), തിമോർ-ലെസ്റ്റെ (192), പാകിസ്താൻ (201), ഗുവാം (203).
രണ്ടാം റൗണ്ട് ഗ്രൂപ്പ്
എ: ഖത്തർ, ഇന്ത്യ, കുവൈത്ത്, അഫ്ഗാനിസ്താൻ/മംഗോളിയ
ബി: ജപ്പാൻ, സിറിയ, ഉത്തര കൊറിയ, മ്യാൻമർ /മക്കാവു
സി: ദക്ഷിണ കൊറിയ, ചൈന, തായ്ലാൻഡ്, സിംഗപ്പൂർ/ഗുവാം
ഡി: ഒമാൻ, കിർഗിസ്താൻ, മലേഷ്യ, ചൈനീസ് തായ്പേയ്/തിമോർ-ലെസ്റ്റെ
ഇ: ഇറാൻ, ഉസ്ബകിസ്താൻ, തുർക്മെനിസ്താൻ, ഹോങ്കോങ്/ഭൂട്ടാൻ
എഫ്: ഇറാഖ്, വിയറ്റ്നാം, ഫിലിപ്പീൻസ്, ഇന്തോനേഷ്യ/ ബ്രൂണെ
ജി: സൗദി അറേബ്യ, ജോർഡൻ, തജികിസ്താൻ, കംബോഡിയ/പാകിസ്താൻ
എച്ച്: യു.എ.ഇ, ബഹ്റൈൻ, യെമൻ/ശ്രീലങ്ക, നേപ്പാൾ/ലാവോസ്
ഐ: ആസ്ട്രേലിയ, പലസ്തീൻ, ലെബനാൻ, മാലദ്വീപ്/ബംഗ്ലാദേശ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.