കിങ്സ് കപ്പ് ഫുട്ബാളിൽ ഇന്ന് ഇന്ത്യ-ഇറാഖ് മത്സരം
text_fieldsചിയാങ് മായ് (തായ്ലൻഡ്): നായകനും വെറ്ററൻ സ്ട്രൈക്കറുമായ സുനിൽ ഛേത്രിയില്ലാതെ ഇന്ത്യ വ്യാഴാഴ്ച കിങ്സ് കപ്പ് ഫുട്ബാളിലെ ആദ്യ മത്സരത്തിനിറങ്ങുന്നു. താരതമ്യേന കരുത്തരായ ഇറാഖാണ് നീലക്കടുവകളുടെ എതിരാളികൾ. തായ്ലൻഡ് ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ ആതിഥേയരും ലബനാനും കൂടി പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ സമയം ഇന്ന് വൈകീട്ട് നാലിനാണ് ഇന്ത്യ-ഇറാഖ് മത്സരം. രാത്രി ഏഴിന് തായ്ലൻഡ് ലബനാനെയും നേരിടും. ജയിക്കുന്നവർ ഞായറാഴ്ച കിരീടത്തിനായി ഫൈനൽ മത്സരത്തിനിറങ്ങും. പരാജിതർ തമ്മിൽ അന്ന് മൂന്നാം സ്ഥാനക്കാരെ തീരുമാനിക്കാനും ഏറ്റുമുട്ടും.
ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 99ഉം ഇറാഖ് 70ഉം സ്ഥാനത്താണിപ്പോൾ. ഇറാഖിനെ തോൽപിക്കുക ഇഗോർ സ്റ്റിമാക്കിന്റെ ശിഷ്യരെ സംബന്ധിച്ച് വെല്ലുവിളിയാണ്. മുമ്പ് ആറു തവണ ഏറ്റുമുട്ടിയപ്പോൾ ഒരിക്കൽപോലും ഇന്ത്യക്ക് ജയിക്കാനായിട്ടില്ല. നാലു തോൽവിയും രണ്ടു സമനിലയുമായിരുന്നു ഫലം. 2011ൽ ഷാർജയിൽ നടന്ന സൗഹൃദ മത്സരത്തിലാണ് ഇരു ടീമും ഒടുവിൽ മുഖാമുഖം വന്നത്. അന്ന് ഇറാഖ് എതിരില്ലാത്ത രണ്ടു ഗോളിന് ജയിച്ചു. സൗദി അറേബ്യ, ഖത്തർ, ഒമാൻ തുടങ്ങിയവരെ തോൽപിച്ച് അറേബ്യൻ ഗൾഫ് കപ്പ് ജേതാക്കളായാണ് ഇവർ എത്തുന്നത്.
ഇന്ത്യയെ സംബന്ധിച്ച് ത്രിരാഷ്ട്ര കപ്പ്, ഇന്റർ കോണ്ടിനെന്റൽ കപ്പ്, സാഫ് കപ്പ് കിരീടങ്ങൾ റാങ്കിങ്ങിൽ നേട്ടമുണ്ടാക്കിയെങ്കിലും ഇറാഖിനെതിരെ സമനില പിടിക്കാൻ പോലും അധ്വാനിക്കേണ്ടിവരും. കളത്തിൽ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കാനായിരിക്കും ശ്രമമെന്ന് സ്റ്റിമാക് പറഞ്ഞു. മലയാളികളായ ആഷിഖ് കുരുണിയനും സഹൽ അബ്ദുസ്സമദും മിഡ്ഫീൽഡർമാരായും കെ.പി. രാഹുൽ സ്ട്രൈക്കറായും ടീമിലുണ്ട്. സ്പാനിഷ് ക്ലബായ കാഡിസിൽ സ്റ്റിമാക്കിന്റെ സഹതാരമായിരുന്നു ഇപ്പോഴത്തെ ഇറാഖ് പരിശീലകൻ ജീസസ് കസാസ്.
ഇന്ത്യ മികച്ച ടീമാണെന്നും അവരെ തോൽപിക്കുക എളുപ്പമല്ലെങ്കിലും ഇന്നത്തെ കളി ജയിച്ച് ലോകകപ്പ് യോഗ്യത റൗണ്ടിന് തയാറെടുക്കുകയാണ് ലക്ഷ്യമെന്നും കസാസ് പറഞ്ഞു. ഇറാഖിനെ അട്ടിമറിക്കാനായാൽ ഇന്ത്യക്ക് ഫൈനലിൽ ലബനാനെയോ തായ്ലൻഡിനെയോ ആണ് നേരിടേണ്ടത്. രണ്ടു ടീമുകളെയും ഇന്ത്യ പലവട്ടം തോൽപിച്ച ചരിത്രമുണ്ട്. ലബനാൻ ഫിഫ റാങ്കിങ്ങിൽ 100ലും ആതിഥേയർ 113ലുമാണ്.
നോക്കൗട്ട് ടൂർണമെന്റാണെങ്കിലും 90 മിനിറ്റ് മത്സരമാണ് കളിക്കുക. നിശ്ചിത സമനിലയിലായാൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.