ഒമ്പതാം സാഫല്യത്തിന്... സാഫ് കപ്പ് ഫുട്ബാളിൽ ഇന്ന് ഇന്ത്യ- കുവൈത്ത് ഫൈനൽ
text_fieldsബംഗളൂരു: സാഫ് കപ്പ് ഫുട്ബാളിന്റെ ഫൈനലിൽ ആതിഥേയരായ ഇന്ത്യയും അതിഥിടീമായ കുവൈത്തും ചൊവ്വാഴ്ച കൊമ്പുകോർക്കും. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്. മൂന്നു പതിറ്റാണ്ട് നീണ്ട സാഫ് കപ്പ് ഫുട്ബാൾ ചരിത്രത്തിലെ കിരീട ഫേവറിറ്റുകളാണ് ഇന്ത്യ. 13 ഫൈനലുകളിൽ 12ലും മാറ്റുരച്ച ഏക ടീം. എട്ടു തവണ കപ്പിൽ മുത്തമിട്ടപ്പോൾ നാലു തവണ റണ്ണറപ്പായി.
2003ൽ മാത്രമാണ് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. നിലവിലെ ജേതാക്കൾകൂടിയായ ഇന്ത്യ ഒമ്പതാം കിരീടം നോട്ടമിട്ട് തുടർച്ചയായ ഒമ്പതാം ഫൈനലിന് ബൂട്ടുകെട്ടുമ്പോൾ എതിർപാതയിലുള്ളത് പരീക്ഷണത്തിന്റെ മരുക്കാറ്റ് താണ്ടിയെത്തുന്ന കുവൈത്ത് ടീം. പരാജയമറിയാതെ 10 മത്സരങ്ങൾ പിന്നിട്ട ഇന്ത്യയും കുവൈത്തും കലാശക്കളിയിൽ ഏറ്റുമുട്ടുമ്പോൾ കരുത്തരുടെ പോരാട്ടമാകും.
തിരിച്ചുവരവിന് കുവൈത്ത്
ഒരുവേള ലോക ഫുട്ബാളിൽ 24ാം സ്ഥാനത്തുവരെ വാണ ഏഷ്യയിലെ കറുത്ത കുതിരകളായിരുന്ന കുവൈത്തിന് മുന്നിൽ തിരിച്ചുവരവിനായൊരു കിരീടമാണ് ലക്ഷ്യം. കഴിഞ്ഞ ജനുവരിയിൽ ഗൾഫ് കപ്പിൽ യു.എ.ഇയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയ കുവൈത്ത് പരാജയമറിയാതെ 10 മത്സരങ്ങൾ പിന്നിട്ടാണ് സാഫ് ഫൈനലിലെത്തുന്നത്. ആദ്യമായി ടൂർണമെന്റിൽ കളിക്കാൻ അവസരം ലഭിച്ച ടീം കലാശക്കളിയിൽ ഇന്ത്യയെ മലർത്തിയാൽ അത് പുതു ചരിത്രമാകും.
സെമിയിൽ ലെബനാനെതിരായ ഇന്ത്യയുടെ ഫോം പരിഗണിച്ചാൽ കുവൈത്ത് നിര നന്നായി വിയർക്കേണ്ടിവരും. ഗ്രൂപ് ഘട്ടത്തിലെ അവസാനമത്സരത്തിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഉജ്ജ്വല ഗോളിൽ ഇന്ത്യ ജയമുറപ്പിച്ചിരിക്കെ മുഴുവൻസമയത്തിന്റെ ഇഞ്ചുറി ടൈമിൽ പ്രതിരോധതാരം അൻവറലിയുടെ കാലിൽനിന്ന് ദിശമാറിയ സെൽഫ് ഗോളിലാണ് കുവൈത്ത് സമനിലപിടിച്ചത്. കൈയാങ്കളിയിലേക്ക് നീങ്ങിയ മത്സരത്തിൽ ഇന്ത്യയുടെ റഹിം അലിയും കുവൈത്തിലെ ഖല്ലാഫും ചുവപ്പ് കാർഡ് കണ്ടിരുന്നു. രണ്ടു ഗോളുമായി ടീമിന്റെ പ്രധാന സ്കോററായ മുബാറക് അൽഫനീനിയാണ് കുവൈത്ത് നിരയിൽ കൂടുതൽ അപകടകാരി.
സ്റ്റിമാക് പുറത്തുതന്നെ
കഴിഞ്ഞ മാസം ഒഡിഷയിൽ നടന്ന ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ലെബനാനെ വീഴ്ത്തി കിരീടമണിഞ്ഞ ആവേശത്തിൽ സാഫ് കപ്പിലിറങ്ങിയ ക്യാപ്റ്റൻ സുനിൽ ഛേത്രിയും കൂട്ടരും തോൽവിയറിയാതെ മുന്നേറുകയാണ്. 2002- 03 കാലത്ത് സ്റ്റീഫൻ കോൺസ്റ്റന്റയിനിന് കീഴിൽ ഇന്നത്തെ അസി. കോച്ച് മഹേഷ് ഗാവ്ലി, ബൈച്യുങ് ബൂട്ടിയ, ജോപോൾ അഞ്ചേരി തുടങ്ങിയവരടങ്ങുന്ന ടീം കുറിച്ച പരാജയമില്ലാ ഒമ്പത് മത്സരങ്ങൾ എന്ന റെക്കോഡാണ് ലെബനനെതിരായ സെമിഫൈനൽ ജയത്തോടെ സ്റ്റിമാകിന്റെ ശിഷ്യർ മറികടന്നത്.
ഹോം മൈതാനത്ത് തോൽവിയില്ലാതെ തുടർച്ചയായ 14 മത്സരങ്ങളും പിന്നിട്ടു. സ്വന്തം മൈതാനത്ത് സാഫ് കപ്പ് ഫൈനൽ തോറ്റിട്ടില്ലെന്ന കണക്കും ഇന്ത്യക്കനുകൂലം. കുവൈത്തിനെതിരായ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായ ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാകിന് രണ്ടു കളിയിൽ വിലക്കുള്ളതിനാൽ ഫൈനലിലും ഡഗ് ഔട്ടിന് പുറത്താവും. പകരം മഹേഷ് ഗാവ്ലിയാകും ടീമിനൊപ്പമുണ്ടാവുക.
കുവൈത്തിനെതിരായ കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ പരീക്ഷിച്ച ആദ്യ ഇലവനെ തന്നെയാകും ചെറിയമാറ്റത്തോടെ ഫൈനലിലും ഇറക്കുക. റൈറ്റ് ബാക്കിൽ നിഖിൽ പൂജാരി, ലെഫ്റ്റ് ബാക്കിൽ ആകാശ് മിശ്ര, സെന്റർ ബാക്കിൽ സന്ദേശ് ജിങ്കാൻ, അൻവർ അലി, റൈറ്റ് വിങ്ങിൽ ലാലിയൻ സുവാല ചാങ്തെ, ലെഫ്റ്റ് വിങ്ങിൽ മഹേഷ് സിങ്, സെൻറർ മിഡ്ഫീൽഡിൽ ജീക്സൺ സിങ്, അനിരുദ്ധ് ഥാപ്പ എന്നിവരും അറ്റാക്കർമാരായി ഛേത്രിയും ആഷിക് കുരുണിയനുമാണ് ആദ്യ പരിഗണന. മഹേഷിന് പകരം സഹലിനെയിറക്കാനും സാധ്യതയുണ്ട്.
ലെബനനെതിരായ സെമിയിൽ പ്രതിരോധ നിരയെ മാറ്റിയ സഹപരിശീലകൻ മഹേഷ് ഗാവ്ലി രണ്ടാം പകുതിയിൽ ആകാശ് മിശ്ര, നിഖിൽ പൂജാരി എന്നിവരെ തിരിച്ചെത്തിച്ചതോടെയാണ് ആക്രമണത്തിന് മൂർച്ചകൂടിയത്. എക്സ്ട്രാ ടൈമിൽ ഇരുവിങ്ങുകളിലൂടെയും ഇന്ത്യ കുതിക്കുകയായിരുന്നു. നിരവധി ഗോളവസരങ്ങൾ തുറക്കുന്ന ഇന്ത്യ പക്ഷേ, ഫൈനൽ തേർഡിലെ കളി മറക്കുന്നതാണ് വിനയാവുന്നത്.
ഛേത്രിയെ ഒഴിച്ചുനിർത്തിയാൽ മറ്റു താരങ്ങളിൽനിന്ന് കാര്യമായ ഗോൾ സ്കോറിങ് ഇല്ല. അഞ്ചു ഗോളുമായി ടൂർണമെന്റിലെ ടോപ്സ്കോററാണ് ഛേത്രി. ആഷിഖും സഹലും ചാങ്തെയും ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല. പ്രതീക്ഷയും സമ്മർദവുമായി ടീം കളത്തിലിറങ്ങുമ്പോൾ ഗാലറി നിറയുന്ന കണ്ഠീരവയിലെ ആരവങ്ങൾ പ്രചോദനമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.