ഏഷ്യൻ ഗെയിംസ് ഫുട്ബാളിൽ സൗദിയോട് തോറ്റ് ഇന്ത്യ പുറത്ത്
text_fieldsഹാങ്ചോ: ഏഷ്യൻ ഗെയിംസ് ഫുട്ബാളിൽ കരുത്തരായ സൗദി അറേബ്യയോട് തോറ്റ് ഇന്ത്യ പുറത്ത്. ആദ്യപകുതിയിൽ എതിരാളികളെ ഗോളടിക്കാതെ പിടിച്ചുനിർത്തിയ ഇന്ത്യ രണ്ടാം പകുതിയിൽ വഴങ്ങിയ രണ്ടുഗോളിനാണ് പ്രീക്വാർട്ടറിൽ കീഴടങ്ങിയത്.
മുഹമ്മദ് ഖലീൽ മറാൻ നേടിയ ഇരട്ട ഗോളുകളാണ് സൗദിക്ക് വിജയം സമ്മാനിച്ചത്. ഫിഫ റാങ്കിങ്ങിൽ 57ാം സ്ഥാനത്തുള്ള എതിരാളികൾക്കെതിരെ പ്രതിരോധിച്ചാണ് ഇന്ത്യ കളിച്ചത്. ആറാം മിനിറ്റിൽതന്നെ സൗദിക്ക് ആദ്യ അവസരം ലഭിച്ചു. ഹൈതം അസ്‍രിയുടെ ഷോട്ട് ധീരജ് കൈയിലൊതുക്കിയപ്പോഴേക്കും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നിരുന്നു. 14ാം മിനിറ്റിലാണ് ഇന്ത്യക്ക് ആദ്യ അവസരം ലഭിച്ചത്. എന്നാൽ, ബോക്സിന് പുറത്തുനിന്ന് ക്യാപ്റ്റൻ സുനിൽ ഛേത്രി തൊടുത്ത ഷോട്ട് സൗദി ഗോൾകീപ്പർ അഹ്മദ് അൽ ജുബയ അനായാസം കൈയിലൊതുക്കി. എട്ട് മിനിറ്റിന് ശേഷം സൗദി വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും ഷോട്ട് ക്രോസ്ബാറിൽ തട്ടി പുറത്തേക്ക് പോയി. 25ാം മിനിറ്റിൽ ഖലീം മറാന്റെ ഷോട്ട് ധീരജ് കൈയിലൊതുക്കി. 40ാം മിനിറ്റിൽ സൗദിക്ക് ലഭിച്ച ഫ്രീകിക്കും ഇന്ത്യൻ ഗോൾകീപ്പർ ആയാസപ്പെട്ട് തട്ടിയകറ്റി. തുടർന്നും സൗദി ആക്രമണം തുടർന്നെങ്കിലും ഇന്ത്യൻ പ്രതിരോധം ഉറച്ചുനിന്നതോടെ ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു.
രണ്ടാം പകുതി തുടങ്ങി ആറ് മിനിറ്റായപ്പോഴേക്കും സൗദി ആദ്യ ഗോൾ നേടി. മുഹമ്മദ് അബു അൽ ഷമാത്തിന്റെ ക്രോസ് ഖലീൽ മറാൻ വലയിലേക്ക് ഹെഡ് ചെയ്തിടുകയായിരുന്നു. ആറ് മിനിറ്റിന് ശേഷം മറാന്റെ രണ്ടാം ഗോളും എത്തി. 78ാം മിനിറ്റിൽ സുനിൽ ഛേത്രിയുടെ പാസിൽ രാഹുലിന്റെ ഷോട്ട് പോസ്റ്റിനോട് ചേർന്ന് പുറത്തേക്ക് പോയി. അഞ്ച് മിനിറ്റിനകം സൗദി താരം റയാൻ ഹാമിദിന്റെ ഹെഡർ ധീരജ് തട്ടിയകറ്റി. സൗദി ആക്രമണം തുടർന്നെങ്കിലും കൂടുതൽ ഗോൾ വഴങ്ങാതെ ഇന്ത്യ പിടിച്ചുനിന്നു. ഗോൾകീപ്പർ ധീരജിന്റെ മികച്ച സേവുകളും പ്രതിരോധ നിരയുടെ മികച്ച പ്രകടനവുമാണ് ഇന്ത്യയെ കൂടുതൽ ഗോൾ വഴങ്ങുന്നതിൽനിന്ന് രക്ഷിച്ചത്.
ചൈനക്കെതിരെ ആദ്യ മത്സരത്തിൽ 5-1ന് തോൽവി ഏറ്റുവാങ്ങിയായിരുന്നു ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ തുടക്കം. രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയും മൂന്നാം മത്സരത്തില്‍ മ്യാന്മറിനെതിരെ സമനില പിടിച്ചും രണ്ടാമന്മാരായണ് പ്രീ ക്വാര്‍ട്ടറിൽ ഇടം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.