ഇന്ത്യയിൽ കളിക്കാൻ മോഹിച്ച് അർജന്റീന; കാശില്ലാത്തതിനാൽ പിന്മാറി ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ
text_fieldsന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീമുമായി സൗഹൃദ മത്സരം കളിക്കാൻ താൽപര്യവുമായി ലോക ചാമ്പ്യന്മാരായ അർജന്റീന. ഇക്കാര്യം ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷനെ (എ.ഐ.എഫ്.എഫ്) അറിയിച്ചെങ്കിലും കളിക്കാനില്ലെന്നായിരുന്നു അവരുടെ മറുപടി. വൻ തോൽവിയെക്കുറിച്ച ആശങ്കയൊന്നുമായിരുന്നില്ല കാരണം. സൗഹൃദ മത്സരം കളിക്കണമെങ്കിൽ ഏകദേശം 40കോടി രൂപ അർജന്റീന ഫുട്ബാൾ ഫെഡറേഷന് നൽകണം. ഈ തുക കൈയിലില്ലാത്തതുകൊണ്ടാണ് അർജന്റീനയുടെ ആവശ്യം നിരസിച്ചതെന്ന് എ.ഐ.എഫ്.എഫ് വൃത്തങ്ങൾ പറഞ്ഞു. ഇതിഹാസതാരം ലയണൽ മെസ്സിയും കൂട്ടുകാരും ഇന്ത്യയിൽ മാറ്റുരക്കുന്ന സ്വപ്നസദൃശമായ മത്സരമാണ് ഇതുവഴി ആരാധകർക്ക് നഷ്ടമായത്.
ഖത്തർ ലോകകപ്പിൽ തങ്ങളുടെ ദേശീയ ടീമിനു ലഭിച്ച വൻ ആരാധക പിന്തുണ കൂടി കണക്കിലെടുത്താണ് ഏഷ്യയിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാൻ അർജന്റീന തീരുമാനിച്ചത്. മെസ്സിയെയും കൂട്ടരെയും അകമഴിഞ്ഞ് പിന്തുണച്ച ഇന്ത്യയിലും ബംഗ്ലദേശിലും സൗഹൃദ മത്സരങ്ങൾ കളിക്കാനായിരുന്നു അർജന്റീനയുടെ താൽപര്യം. അര്‍ജന്റീന ടീമിന്റെ ഇന്റർനാഷനൽ റിലേഷൻസ് തലവൻ പാബ്ലോ ജോക്വിൻ ഡയസാണ് എ.ഐ.എഫ്.എഫുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയത്. ലോകകപ്പ് വിജയത്തിനു ശേഷം അർജന്റീന ടീമിനെ ഒരു രാജ്യത്ത് കളിപ്പിക്കണമെങ്കിൽ 40–50 ലക്ഷം ഡോളർ (32–40 കോടി രൂപ) മുടക്കേണ്ടതുണ്ട്. ഇന്ത്യക്കും ബംഗ്ലാദേശിനും ഈ ഭാരിച്ച ഫണ്ട് കണ്ടെത്താൻ സാധിക്കാതിരുന്നതോടെ അർജന്റീന ചൈനയിലേക്കും ഇന്തോനേഷ്യയിലേക്കും പോയി.
ചൈനയിൽ ആസ്ട്രേലിയക്കെതിരെയാണ് അര്‍ജന്റീന ബീജിങ്ങിലെ വർക്കേഴ്സ് സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങിയത്. സംഭവബഹുലമായ കരിയറിലെ മെസ്സിയുടെ അതിവേഗ ഗോൾ ഉൾപ്പെടെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്കായിരുന്നു ജയം. പിന്നാലെ തിങ്കളാഴ്ച ജക്കാർത്തയിൽ ഇന്തോനേഷ്യൻ ടീമുമായും മാറ്റുരച്ചു. മെസ്സി, ഏയ്ഞ്ചൽ ഡി മരിയ, നികോളാസ് ഒടാമെൻഡി എന്നിവർ വിട്ടുനിന്ന മത്സരത്തിലും എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് ലോക ചാമ്പ്യന്മാർ ജയിച്ചുകയറിയത്.
സൗഹൃദ മത്സരത്തിനായി അർജന്റീന ടീം തങ്ങളെ സമീപിച്ചിരുന്നുവെന്ന് എ.ഐ.എഫ്.എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ സ്ഥിരീകരിച്ചു. ‘ഏറെ ചെലവ് വരുമെന്നതിനാലാണ് അതു നടക്കാതെ പോയത്. അങ്ങനെയൊരു മത്സരം നടത്താൻ ഫെഡറേഷന് ശക്തരായ പാർട്ണറുടെ പിന്തുണ കൂടി വേണമായിരുന്നു. അർജന്റീന ടീം ആവശ്യപ്പെടുന്ന പണം വളരെ വലുതാണ്. ഇന്ത്യൻ ഫുട്ബാളിലെ സാമ്പത്തികാവസ്ഥ പരിഗണിക്കുമ്പോൾ ഇക്കാര്യത്തിൽ ഞങ്ങൾക്ക് ഏറെ പരിമിതികളുണ്ട്.’– ഷാജി പ്രഭാകരൻ വ്യക്തമാക്കി. 2011ൽ അർജന്റീന ടീം ഇന്ത്യയിൽ കളിക്കാനെത്തിയിരുന്നു. വെനിസ്വേലക്കെതിരെ കൊൽക്കത്ത സാൾട്ട്‍ലേക്ക് സ്റ്റേഡിയത്തിൽ 85,000 കാണികൾക്കുമുമ്പാകെ നടന്ന കളിയിൽ മെസ്സിയായിരുന്നു നായകൻ. ഏകപക്ഷീയമായ ഗോളിനാണ് അന്ന് അർജന്റീന ജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.