ഇന്ത്യ ഇന്ന് മാലദ്വീപിനെതിരെ, സുനിൽ ഛേത്രി തിരിച്ചുവരും
text_fieldsഷില്ലോങ്: ഒരു ജയം പോലുമില്ലാതെ അവസാനിപ്പിച്ച 2024ന്റെ കറുത്ത ഓർമകൾ മറക്കാൻ പുതിയ തുടക്കം തേടി ഇന്ത്യൻ ഫുട്ബാൾ ടീം. പോളോ ഗ്രൗണ്ട് എന്നറിയപ്പെടുന്ന ഷില്ലോങ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആദ്യമായാണ് ബ്ലൂ ടൈഗേഴ്സ് പന്ത് തട്ടാനിറങ്ങുന്നത്.
അതാവട്ടെ, കഴിഞ്ഞ വർഷം അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ച സ്റ്റാർ സ്ട്രൈക്കർ സുനിൽ ഛേത്രിയുടെ തിരിച്ചുവരവിന്റെ കൂടി വേദിയാണ്. ബുധനാഴ്ച രാത്രി നടക്കുന്ന സൗഹൃദ മത്സരത്തിൽ താരതമ്യേന ദുർബലരായ മാലദ്വീപാണ് ഇന്ത്യയുടെ എതിരാളികൾ. പരിശീലകച്ചുമതല ഏറ്റെടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും ഒരു ജയത്തിനായി കാത്തിരിക്കുകയാണ് മനോലോ മാർക്വേസും.
പോയവർഷം 11 മത്സരങ്ങൾ കളിച്ച ഇന്ത്യക്ക് അഞ്ചു സമനിലകളും ആറു തോൽവികളും സ്വീകരിക്കാനായിരുന്നു വിധി. 16 മാസം മുമ്പ് അതായത്, 2023 നവംബറിൽ കുവൈത്തിനെതിരെ അവരുടെ മണ്ണിൽ അരങ്ങേറിയ ലോകകപ്പ് യോഗ്യത മത്സരത്തിലാണ് ടീം അവസാനമായി ജയിച്ചത്.
കഴിഞ്ഞ ജൂണിൽ കൊൽക്കത്തയിൽ കുവൈത്തിനെതിരെ നടന്ന ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തോടെ ഛേത്രി കളംവിട്ടു. ഛേത്രിയുടെ മടക്കമുണ്ടാക്കിയ വിടവ് നികത്താൻ പകരക്കാർക്കുമായില്ലെന്ന് മാത്രമല്ല പ്രകടനം കൂടുതൽ മോശമാവുകയും ചെയ്തു.
ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർന്ന നാൽപതുകാരൻ ബംഗളൂരു എഫ്.സിക്കായി 24 മത്സരങ്ങളിൽ നേടിയത് 12 ഗോളുകളാണ്. മറ്റൊരു ഇന്ത്യൻ താരത്തിനും ഈ നേട്ടം അവകാശപ്പെടാനില്ല. ഛേത്രിയുടെ ഫോമും ഇന്ത്യൻ ടീം തുടരെ നിറംമങ്ങുന്നതും കണക്കിലെടുത്താണ് മാർക്വേസ് തന്നെ മുൻകൈയെടുത്ത് താരത്തെ തിരിച്ചുവിളിച്ചിരിക്കുന്നത്.
വിങ്ങർ ലാലിൻസുവാലെ ചാങ്തെയുടെ പരിക്ക് ഇന്ത്യക്ക് തിരിച്ചടിയാണ്. ഡിഫൻഡർമാരായ ആശിഷ് റായ്, അൻവർ അലി, ജയ് ഗുപ്ത എന്നിവരുമില്ല. മോഹൻ ബഗാൻ വിങ്ങർ ആഷിഖ് കുരുണിയനാണ് ടീമിലെ ഏക മലയാളി സാന്നിധ്യം. ഛേത്രി ഇന്ന് കളിക്കുമെന്ന വ്യക്തമായ സൂചന പരിശീലകൻ നൽകിയിട്ടുണ്ട്. അത് തുടക്കത്തിലായിരിക്കുമോ സബ്സ്റ്റിറ്റ്യൂഷനിൽ ആയിരിക്കുമോ എന്നറിയില്ലെന്നും പകരക്കാരുൾപ്പെടെ ആകെ 17 പേർക്ക് കളിക്കാമെന്നും സുനിൽ കൂട്ടത്തിലുണ്ടാവുമെന്നും മാർക്വേസ് പറഞ്ഞു.
മേഖലയിലെ ശക്തരായ രണ്ട് ടീമുകളാണ് ഇന്ത്യയും മാലദ്വീപുമെന്ന് സന്ദർശക പരിശീലകൻ അലി സുസൈനും പറഞ്ഞു. മാർച്ച് 25ന് ഇതേ സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരെ എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മത്സരം നടക്കുന്നുണ്ട്. അതിനുള്ള തയാറെടുപ്പ് കൂടിയാണ് ഇന്ത്യക്ക് ഇന്നത്തെ കളി. ഫിഫ റാങ്കിങ്ങിൽ 126ാം സ്ഥാനത്താണ് ടീം. മാലദ്വീപാവട്ടെ 162ാമതും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.