ഇന്ത്യൻ ഫുട്ബാളിന് ജയമില്ലാത്ത വർഷം! അവസാന പോരിൽ മലേഷ്യയോട് സമനില (1-1)
text_fieldsഹൈദരാബാദ്: ഈ വർഷത്തെ അവസാന മത്സരത്തിലും ജയമില്ലാതെ ഇന്ത്യൻ ഫുട്ബാൾ ടീം. സൗഹൃദ മത്സരത്തിൽ മലേഷ്യയും ഇന്ത്യയും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു.
2024ൽ 11 മത്സരങ്ങൾ കളിച്ചിട്ടും ഒന്നിൽപോലും ജയിക്കാൻ ബ്ലൂ ടൈഗേഴ്സിനായില്ല. ഹൈദരാബാദ് ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. സന്ദർശകരാണ് ആദ്യം ലീഡെടുത്തത്. 19ാം മിനിറ്റിൽ ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്‍റെ പിഴവിൽനിന്ന് പൗലോ ജോസൂവാണ് മലേഷ്യക്കായി ഗോൾ നേടിയത്. 39ാം മിനിറ്റിൽ രാഹുൽ ഭേകെയിലൂടെ ഇന്ത്യ ഒപ്പമെത്തി. ബ്രാൻഡൻ ഫെർണാഡസിന്‍റെ കോർണർ ഹെഡ്ഡറിലൂടെയാണ് താരം വലയിലാക്കിയത്.
പ്രതിരോധത്തിലെ കുന്തമുന സന്ദേശ് ജിങ്കാൻ പത്ത് മാസത്തെ ഇടവേളക്കുശേഷം ടീമിൽ തിരിച്ചെത്തിയിട്ടും ജയം മാത്രം അന്യംനിന്നു. ആദ്യ മിനിറ്റിൽതന്നെ ആതിഥേയരുടെ ഗോൾമുഖത്ത് അങ്കലാപ്പുണ്ടാക്കി സെർജിയോ ഫാബിയാൻ. പിന്നാലെ ഫാറൂഖ് ചൗധരിയുടെ ശ്രമം. നാലാം മിനിറ്റിൽ മലേഷ്യക്ക് അനുകൂലമായി ഫ്രികിക്ക്. ആറാം മിനിറ്റിൽ ലാലിൻസുവാല ചാങ്തെക്ക് പന്ത് നൽകി റോഷൻ സിങ്. ബോക്സിന്റെ അറ്റത്തുനിന്ന് നൽകിയ പാസ് അപൂയ പോസ്റ്റിലേക്ക് തൊടുത്തെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ആറാം മിനിറ്റിൽ ലാലിൻസുവാല ചാങ്തെക്ക് പന്ത് നൽകി റോഷൻ സിങ്. ബോക്സിന്റെ അറ്റത്തുനിന്ന് നൽകിയ പാസ് അപൂയ പോസ്റ്റിലേക്ക് തൊടുത്തെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
പന്തധീനതയിൽ ഇന്ത്യ മുൻതൂക്കം പുലർത്തവെ ഫാറൂഖും ഇർഫാൻ യാദ്വാദും നടത്തിയ ശ്രമങ്ങൾ ഫലം കണ്ടില്ല. 18ാം മിനിറ്റിൽ മലേഷ്യൻ താരം അഖിയാർ റാഷിദിൽ പന്ത് സ്വീകരിച്ച് ബോക്സിന്റെ മധ്യത്തിൽനിന്ന് സെർജിയോ തൊടുത്ത ഷോട്ട് പോയന്റ് ബ്ലാങ്കിൽ അൻവർ അലി തടഞ്ഞു. തൊട്ടടുത്ത മിനിറ്റിൽ മിനിറ്റിൽ സന്ദർശകരുടെ ഗോളെത്തി. ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ പിഴവാണ് ഇതിന് നിമിത്തമായത്. മലേഷ്യൻ ആക്രമണത്തെ ചെറുക്കാൻ അഡ്വാൻസ് ചെയ്ത ഗുർപ്രീതിനെ കാഴ്ചക്കാരനാക്കി ഫസ്റ്റ് ടച്ചിൽ ആളില്ലാ പോസ്റ്റിലേക്ക് പന്ത് കടത്തിവിട്ടു പൗലോ ജോസൂ.
അപ്രതീക്ഷിതമായി പിറകിലായതോടെ ഇന്ത്യൻ ക്യാമ്പിൽ അങ്കലാപ്പ്. 23ാം മിനിറ്റിലെ ഫ്രീകിക്കിൽനിന്ന് ചാങ്തെയുടെ നീക്കത്തിന് മലേഷ്യ പ്രതിരോധം തീർത്തു. തൊട്ടടുത്ത മിനിറ്റിൽ ഭേകെക്ക് മഞ്ഞക്കാർഡ്. മലേഷ്യ പ്രതിരോധം കനപ്പിച്ചതോടെ കളി കൂടുതൽ അവരുടെ നിയന്ത്രണത്തിലേക്ക് നീങ്ങി. 39ാം മിനിറ്റിലെ കോർണർ കിക്കിൽ സമനില പിടിച്ചു ഇന്ത്യ. ബ്രാണ്ടൻ ഫെർണാണ്ടസിന്റെ കിക്ക് ബോക്സിൽ. ഭേകെയുടെ ഹെഡ്ഡർ കൃത്യമായി വലയിൽ. ഇതോടെ ഇന്ത്യ കൂടുതൽ ഉണർന്നു. മറ്റൊരു കോർണറിൽ അൻവറിന്റെ ശ്രമം പുറത്ത്. 1-1ൽ ആദ്യ പകുതി തീർന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ കണ്ടത് മലേഷ്യൻ മുന്നേറ്റം. സെർജിയോ ബോക്സിലേക്ക് നൽകിയ പന്ത് ജിങ്കാൻ പ്രതിരോധിച്ചു. ജോസൂ വീണ്ടും അപകടം വിതച്ചപ്പോൾ ഗുർപ്രീത് രക്ഷകവേഷമണിഞ്ഞു. 52ാം മിനിറ്റിലെ അവസരം ബ്രാണ്ടൻ കളഞ്ഞുകുളിച്ചു. കൊണ്ടുംകൊടുത്തും നീങ്ങിയെങ്കിലും സ്കോർബോർഡിൽ മാറ്റമുണ്ടായില്ല. 66ാം മിനിറ്റിൽ ചാങ്തെക്ക് പകരം മൻവീർ സിങ്ങിനെയും ഭേകെയെ മാറ്റി വാൽപുയയെയും പരീക്ഷിച്ചു മനോലോ. തുടർച്ചയായി ലഭിച്ച ഫ്രീ കിക്കുകൾ ഗോളിലേക്ക് പരിവർത്തനം ചെയ്യുന്നതിൽ ഇന്ത്യൻ താരങ്ങൾ പരാജയപ്പെട്ടു. അവസാന മിനിറ്റുകളിൽ ഇരുഭാഗത്തും അവസരങ്ങളുണ്ടായെങ്കിലും സമനിലയിൽ മാറ്റമുണ്ടാക്കാനായില്ല. ഇൻജുറി ടൈമിൽ പന്ത് പൂർണമായും മലേഷ്യൻ വരുതിയിലായിരുന്നു. ഇന്ത്യയുടെ ഭാഗ്യം കൊണ്ട് മാത്രമാണ് ഗോളൊഴിഞ്ഞത്.
പുതിയ പരിശീലകൻ മനോലോ മാർക്വേസിന് കീഴിൽ ഇന്ത്യ കളിച്ച നാലാമത്തെ മത്സരമാണിത്. ആദ്യ ജയത്തിനായി മാർക്വേസിന് ഇനിയും കാത്തിരിക്കണം. ഇന്റർ കോണ്ടിനന്റൽ കപ്പിൽ സിറിയയോട് കനത്ത തോൽവി ഏറ്റുവാങ്ങി കിരീടം നഷ്ടമായതിന് പിന്നാലെ വിയറ്റ്നാമിനെതിരായ സൗഹൃദ മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു. സുനിൽ ഛേത്രിയുടെ വിരമിക്കലുണ്ടാക്കിയ വിടവ് നികത്താൻ ഇനിയും ഇന്ത്യക്കായിട്ടില്ലെന്ന് തെളിയിക്കുന്നതാണ് അവസാന മത്സരങ്ങളിലെ ഫലം. ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 125ാം സ്ഥാനത്തും മലേഷ്യ 133ാം സ്ഥാനത്തുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.