നേട്ടങ്ങളിലേക്ക് പന്തുതട്ടി ഇത്തിഹാദ് എഫ്.സി
text_fieldsയു.എ.ഇയുടെ ഫുട്ബള്‍ ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഫുട്ബള്‍ ക്ലബ്ബ് ഇത്തിഹാദ് എഫ്.സി. യു.എ.ഇ ഫുട്ബള്‍ ഫെഡറേഷന് നടത്തുന്ന ദേശീയ ലീഗ് മാച്ചുകളില്‍, അണ്ടര്‍ 10 വിഭാഗത്തില്‍ മലയാളിയായ കമറുദ്ദീന്റെ ഉടമസ്ഥതയിലുള്ള, ഭൂരിഭാഗവും മലയാളി കുട്ടികള്‍ തന്നെ ഉള്‍പ്പെട്ട ഇത്തിഹാദ് ഫുട്ബാള്‍ ക്ലബ്ബിന്റെ ടീമും കളിക്കളത്തിലിറങ്ങും. യു.എ.ഇ. ഫുട്ബള്‍ ഫെഡറേഷന് ലീഗ് മാച്ചുകളായ പ്രോ ലീഗ്, ഡിവിഷന് 1, ഡിവിഷന് 2, ഡിവിഷന് 3 എന്നിവ കൂടാതെ എല്ലാ ഏജ് ഗ്രൂപ്പുകള്‍ക്കുമുള്ള മാച്ചുകളുമാണ് നടത്തുന്നത്. ഇതില്‍ ഡിവിഷന് 3യില്‍ ഇത്തിഹാദിന്റെ സീനിയര്‍ ടീം കളിച്ചുവരുന്നുണ്ട്. അണ്ടര്‍10ലേക്ക് ഇത്തിഹാദിന്റെ ടീമിന് കളിക്കാനുള്ള അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. 24 ലോക്കല്‍ ക്ലബ്ബുകളില്‍, നാലെണ്ണം അറബ് മാനേജ്മെന്റും ഒരെണ്ണം ഇത്തിഹാദ് എഫ്.സി എന്ന ഇന്ത്യന്‍ ക്ലബ്ബുമാണ്.
യു.എ.ഇയിലെ ആദ്യ ഇന്ത്യന്‍ ഫുട്ബള്‍ ക്ലബ്ലായ ഇത്തിഹാദ് എഫ്.സിക്ക് യു.എ.ഇ. അസോസിയേഷന്റെ അംഗീകാരം കഴിഞ്ഞ വര്‍ഷം ലഭിച്ചിരുന്നു. ഈ വര്‍ഷം അണ്ടര്‍ 10ലേക്കു കൂടി കളിക്കാനുള്ള അനുമതി ലഭിച്ചതോടെ ഒന്നരപ്പതിറ്റാണ്ടായുള്ള ക്ലബ്ബിന്റെ പ്രയത്നത്തിന് മറ്റൊരു പൊന്‍തൂവല്‍ കൂടി സ്വന്തമായിരിക്കുകയാണ്. നിലവില്‍ രാജ്യത്തെ ആറ് സോണുകളായി തിരിച്ച് നാല് ഗ്രൂപ്പുകളിലായി 24 ക്ലബ്ബുകളാണ് അണ്ടര്‍ 10 ല്‍ കാല്‍പ്പന്ത് പോരാട്ടത്തിന് ഇറങ്ങുക. ഇതില്‍ ടീമില്‍ അല്‍ ഇത്തിഹാദ് എഫ്.സി, അല്‍ ജസീറ, അല്‍ ഐന്‍, അല്‍ വഹ്ദ, ബനിയാസ്, ബൈനൂന എന്നീ ടീമുകള്‍ ആണുള്ളത്.
ഇത്തിഹാദ് എഫ്.സിക്ക് 25 കളിക്കാരെ ടീമിനു വേണ്ടി അണ്ടര്‍ 10ലേക്ക് ഉള്‍പ്പെടുത്താനാവും. നിലവില്‍ ഭരത് സായി ബാല, ഹസന് കുന്നിക്കണ്ടിയില്, മുഹമ്മദ് അസ്ഹര്‍, ഖാലിദ് ഇംറാന്‍, മുഹമ്മദ് സഹല്‍, സിയാന് സെയ്ദ്, അയാന് അമിത്, ആര്യന് ശ്രീലേഷ്, അമാന്‍ ശ്രീലേഷ് എന്നിവര്‍ അണ്ടര്‍ 10 ടീമിനുവേണ്ടി പരിശീലനം നേടി വരുന്നുണ്ട്. കാമറൂണില്‍ നിന്നുള്ള മാക്കോ ആണ് ഇവരുടെ കോച്ച്.
ഈ സീസണിലെ ആദ്യ മാച്ചില്‍ ഒക്ടോബര്‍ ആറിന് അല്‍ ജസീറ ക്ലബ്ബുമായി നിറയെ മലയാളിക്കുട്ടികളെ അണിനിരത്തി ഇത്തിഹാദ് എഫ്.സി. ഏറ്റുമുട്ടും. സീസണിലെ ലാസ്റ്റ് മാച്ച് 2025 ഏപ്രില്‍ 26നാണ്. മൊത്തം 20 കളികള്‍ ആണ് ഉള്ളത്. ഡിവിഷന് 3 ല്‍ കഴിഞ്ഞ സീസണില്‍ നടന്ന കളിയില്‍ 18 ടീമില്‍ പത്താമത്തെ പൊസിഷനില്‍ ഇത്തിഹാദ് എഫ്.സി. ഫിനിഷ് ചെയ്തിരുന്നു. വരുന്ന സീസണില്‍ 12 ഓളം ഇന്റര്‍നാഷനല്‍ പ്ലയേഴ്സിനെ കൂടി ഇറക്കി ടോപ്പ് 3 ആവുക എന്ന ലക്ഷ്യമാണുള്ളത്.
ഇതോടെ ഡിവിഷന് 2 വിലേക്ക് പൊസിഷന്‍ ഉയര്‍ത്തുക എന്നതും ആഗ്രഹമാണ്. യു.എ.ഇ. ഫുട്ബള്‍ ഫെഡറേഷന്റെ കീഴില്‍ പ്രസിഡന്റ് കപ്പ്, അഡ്നോക്ക് പ്രോ ലീഗ്, ഫസ്റ്റ് ഡിവിഷന് ലീഗ്, എ.ഡി.ഐ.ബി. കപ്പ്, യു.എ.ഇ. സൂപ്പര്‍ കപ്പ്, പ്രോ ലീഗ് അണ്ടര്‍ 23 തുടങ്ങിയ ടൂര്‍ണമെന്റുകള്‍ നടന്നുവരുന്നുണ്ട്. ഇതില്‍ പ്രോ ലീഗ് മല്‍സരങ്ങളിലാണ് ഇത്തിഹാദ് അടങ്ങുന്ന ലോക്കല്‍ ടീമുകള്‍ കൂടുതലായും മാറ്റുരയ്ക്കുന്നത്. 2023-24 സീസണില്‍ യു.എ.ഇയിലെ മൂന്നാം ഡിവിഷന് ക്ലബ്ബുകളില്‍ ഒന്നായി യു.എ.ഇ. ഫുട്ബള്‍ അസോസിയേഷന്റെ അംഗീകാരം ലഭിക്കുക വഴി ഇത്തിഹാദ് എഫ്.സി. മികച്ച നേട്ടമാണ് കരസ്ഥമാക്കിയത്.
ലീഗില്‍ പ്രവേശിക്കുകയും ഡിവിഷന് 3ലേക്ക് അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ആദ്യത്തെ ഇന്ത്യന്‍ ഫുട്ബള്‍ ക്ലബ് എന്ന നിലയില്‍ വലിയ ബഹുമതിയാണിത്. ഇന്ത്യന്‍ പ്രവാസികളും അന്താരാഷ്ട്ര തലത്തില്‍ നിന്നുമുള്ളവരുമായി കരുത്തരായ ടീമാണ് പ്രഫഷണല്‍ ഫസ്റ്റ് ടീം സ്ക്വാഡിലുള്ളത്. ഇന്ത്യന്‍ ദേശീയ ടീമിനായി അണ്ടര്‍ 19 ലെവലില്‍ കളിച്ചിട്ടുള്ള സലില്‍ ഉസ്മാനാണ് (എഫ്.എ. ലെവല്‍ 3 കോച്ച്) ടീമിന്റെ പരിശീലകന്. ഈ സീസണില്‍ 16 ടീമുകളുള്ള ലീഗില്‍ എല്ലാ ആഴ്ചയും ഹോം ആന്‍ഡ് എവേ ക്രമത്തില്‍ മത്സരങ്ങളുണ്ടാവും. അബൂദബി സായിദ് സ്പോര്‍ട്സ് സിറ്റിയാണ് നിലവില്‍ ഇത്തിഹാദ് എഫ്.സിയുടെ ഹോം ഗ്രൗണ്ട്. യു.എ.ഇ ഡിവിഷന് 3 കഠിനമായ ലീഗാണ്. യു.എ.ഇയില്‍ ധാരാളം പ്രതിഭകളുണ്ട്, ആ പ്രതിഭയെ തിരിച്ചറിയാനും ഇന്ത്യന്‍ ദേശീയ ടീമിനായി പുതിയ കളിക്കാരുടെ കണ്‍വെയര്‍ ബെല്‍റ്റ് നല്‍കാനും ഇത്തിഹാദ് എഫ്.സിക്ക് കഴിയും.
അതുവഴി 2030 ല്‍ ഇന്ത്യക്കു ലോകകപ്പ് കളിക്കാനുള്ള യോഗ്യതയില്‍ സുപ്രധാന പങ്ക് വഹിക്കാനും കഴിയും. 1986 മെക്സിക്കോ ലോകകപ്പിന്റെ ആവേശമുള്‍ക്കൊണ്ട് ഭാവിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക എന്ന അടങ്ങാത്ത ആഗ്രഹവുമായി നടന്ന, യു.എ.ഇയില്‍ ജനിച്ചുവളര്‍ന്ന അറക്കല്‍ കമറുദ്ദീന് എന്ന പ്രവാസിയുടെ വലിയ ആശയ പൂര്‍ത്തീകരണം കൂടിയാണീനേട്ടം. യു.എ.ഇയിലെ ഇന്ത്യന്‍ സമൂഹത്തിന് ഫുട്ബള്‍ കളിക്കാന്‍ വേദി ഒരുക്കുക, പ്രാദേശിക യുവാക്കള്‍ക്ക് നല്ല നിലവാരമുള്ള പരിശീലനം ലഭിക്കാനുള്ള അവസരം നല്‍കുക എന്നിവയായിരുന്നു പ്രധാന സ്വപ്നം. ഇത്തിഹാദ് എഫ്.സി. ഉടമ, കോട്ടയം ഡിസ്ട്രിക്ട് ഫുട്ബള്‍ അസോസിയേഷന് പ്രസിഡന്റ്, കേരളാ മാസ്റ്റേഴ്സ് ഫുഡ്ബള് അസോസിയേഷന്റെ സി.ഇ.ഒ. എന്നീ നിലകളില്‍ കമറുദ്ദീന് പ്രവര്‍ത്തിച്ചുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.