നീലക്കുപ്പായത്തിൽ ഛേത്രിക്ക് നാളെ 150
text_fieldsഗുവാഹതി: ഇന്ത്യൻ ഫുട്ബാൾ ടീം നായകൻ സുനിൽ ഛേത്രി ചൊവ്വാഴ്ച ഇറങ്ങുന്നത് 150ാം അന്താരാഷ്ട്ര മത്സരത്തിന്. ചൊവ്വാഴ്ച ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ അഫ്ഗാനിസ്താനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിലാണ് 39കാരൻ മറ്റൊരു നാഴികക്കല്ല് പിന്നിടുന്നത്. സീനിയർ ജഴ്സിയിൽ 150ാം തവണയെത്തുന്ന താരത്തെ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ആദരിക്കും. ഇന്ത്യക്കുവേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ചയാളെന്ന റെക്കോഡ് വർഷങ്ങൾക്ക് മുമ്പേ ഛേത്രി സ്വന്തമാക്കിയിട്ടുണ്ട്.
149 മത്സരങ്ങളിൽ 93 ഗോളുകളാണ് ഛേത്രിയുടെ പേരിലുള്ളത്. ക്രിസ്റ്റ്യാനോ റൊണാൾഡോ (128), ലയണൽ മെസ്സി (106) എന്നിവർക്ക് തൊട്ടുതാഴെ നിലവിൽ അന്താരാഷ്ട്ര ഫുട്ബാളിൽ ഏറ്റവും കൂടുതൽ സജീവമായവരിൽ മൂന്നാം സ്ഥാനക്കാരനാണ് ഇന്ത്യൻ നായകൻ. തന്റെ 25, 50, 75, 100, 125 മത്സരങ്ങളിൽ കുറഞ്ഞത് ഒരു ഗോളെങ്കിലും നേടിയതിന്റെ അതുല്യ റെക്കോഡും ഛേത്രിയുടെ പേരിലുണ്ട്. 2005 ജൂൺ 12ന് ക്വറ്റയിൽ പാകിസ്താനെതിരെ നടന്ന സൗഹൃദ മത്സരത്തിലാണ് ഛേത്രി ആദ്യമായി സീനിയർ ദേശീയ ടീമിന്റെ ജഴ്സി അണിഞ്ഞത്. 1-1ന് സമനിലയിലായ മത്സരത്തിൽ ഛേത്രി സ്കോർ ചെയ്തിരുന്നു.
‘‘2005 മുതൽ നമുക്കെല്ലാവർക്കും സാക്ഷ്യംവഹിക്കാൻ ഭാഗ്യം ലഭിച്ച വിസ്മയകരവും അമ്പരപ്പിക്കുന്നതുമായ ഒരു യാത്രയാണിത്. ഛേത്രി 150ാം അന്താരാഷ്ട്ര മത്സരം കളിക്കുന്നത് അസാധാരണമായ ഒരു നേട്ടമാണ്. ഇന്ത്യൻ ഫുട്ബാൾ പതാക ഉയരത്തിൽ പാറിപ്പറക്കുന്നതിൽ അദ്ദേഹം ഏറെ പങ്കുവഹിക്കുന്നു’’ -എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബേ പറഞ്ഞു. സൗദിയിൽ നടന്ന എവേ മത്സരത്തിൽ കഴിഞ്ഞയാഴ്ച അഫ്ഗാനോട് സമനില വഴങ്ങിയ ശേഷമാണ് ഇന്ത്യ ഹോം മാച്ചിനിറങ്ങുന്നത്. 2027ലെ എ.എഫ്.സി ഏഷ്യൻ കപ്പിനുള്ള പ്രാഥമിക യോഗ്യതയുടെ രണ്ടാം റൗണ്ട് കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.