കിർഗിസ്താനെ ഷൂട്ടൗട്ടിൽ കീഴടക്കി; അണ്ടർ 23 എ.എഫ്.സി കപ്പ് യോഗ്യതക്കരികെ ഇന്ത്യ
text_fieldsഫുജൈറ: അടുത്തവർഷം ഉസ്ബകിസ്താനിൽ നടക്കുന്ന അണ്ടർ 23 എ.എഫ്.സി കപ്പിനുള്ള യോഗ്യത ടൂർണമെൻറിൽ ഇന്ത്യ ഗ്രൂപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഗ്രൂപ് ഇയിലെ അവസാന കളിയിൽ കിർഗിസ്താനുമായി ഗോൾരഹിത സമനില പാലിച്ച ഇന്ത്യ രണ്ടാം സ്ഥാനക്കാരെ നിർണയിക്കാനുള്ള പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് ജയിക്കുകയായിരുന്നു.
രണ്ടാം സ്ഥാനമുറപ്പാക്കിയെങ്കിലും ഇന്ത്യക്ക് യോഗ്യത ഉറപ്പിക്കാനായിട്ടില്ല. ഗ്രൂപ് ചാമ്പ്യന്മാരാണ് നേരിട്ട് യോഗ്യത നേടുക. അവസാന കളിയിൽ ഒമാനെ 2-0ത്തിന് തോൽപിച്ച യു.എ.ഇ ഗ്രൂപ് ജേതാക്കളായി യോഗ്യത നേടി. രണ്ടാം സ്ഥാനക്കാരിൽ മികച്ച നാലു ടീമുകൾക്കാണ് ഇനി അവസരം. അതിൽ ഉൾപ്പെടാൻ ഇന്ത്യക്കാവുമോ എന്നറിയാൻ മറ്റു ഗ്രൂപ്പുകളിലെ മത്സരങ്ങൾ കഴിയണം.
ഷൂട്ടൗട്ടിൽ ഗോളി ധീരജ് സിങ്ങിെൻറ സേവുകളാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. കിർഗിസ്താെൻറ രണ്ടു സ്പോട്ട് കിക്കുകൾ ധീരജ് തടുത്തിട്ടപ്പോൾ മലയാളി താരം കെ.പി. രാഹുൽ, രോഹിത് ദാനു, സുരേഷ് സിങ്, റഹീം അലി എന്നിവർ ഇന്ത്യയുടെ കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചു.
ഫുജൈറ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ഇരുടീമുകളും ഏറെ അവസരങ്ങൾ തുറന്നെടുത്തെങ്കിലും നിശ്ചിത സമയത്തും അധികസമയത്തും ഗോളൊന്നും പിറന്നില്ല. ഗോൾവലക്കുകീഴിൽ ധീരജും അദിലെത് കന്യബെകോവും തകർപ്പൻ ഫോമിലായിരുന്നു. ഇന്ത്യൻ നിരയിൽ രാഹുലിന് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. സുരേഷ് സിങ്, വിക്രം പ്രതാപ് സിങ്, അമർജീത് സിങ് തുടങ്ങിയവരും അവസരങ്ങൾ പാഴാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.