കണ്ണീരൊപ്പാൻ അന്താരാഷ്ട്ര താരങ്ങൾ കൈയൊപ്പ് ചാർത്തിയ കളിക്കുപ്പായം
text_fieldsമലപ്പുറം: എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാളിൽ ഇന്ത്യയുടെ 17ാം നമ്പർ ജഴ്സിക്കൊരു കഥ പറയാനുണ്ട്. വർഷങ്ങളുടെ ഇടവേളക്ക് ശേഷം ഏഷ്യൻ കപ്പിന് യോഗ്യത നേടിയ ടീമിലെ മുഴുവൻ അംഗങ്ങളുടെയും കൈയൊപ്പ് പതിഞ്ഞിട്ടുണ്ടതിൽ.
2019ൽ യു.എ.ഇ വേദിയായ ചാമ്പ്യൻഷിപ്പിനിടെ ഫുട്ബാൾ പ്രേമിയും പ്രവാസിയുമായ മുഹമ്മദ് മുനീറിന് ഇന്ത്യൻ താരങ്ങൾ സമ്മാനിച്ച വിലമതിക്കാനാവാത്ത ഈ കളിക്കുപ്പായം പുലാമന്തോൾ ടി.എൻ പുരത്തെ വീട്ടിൽ ചില്ലുകൂട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. കോവിഡ് 19 മഹാമാരിയുടെ പ്രതിസന്ധിയും പ്രകൃതി ദുരന്തവും നിരവധിപേരെ പ്രയാസത്തിലാക്കിയ സമയത്ത് ഇത് ലേലം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് മുനീർ.
നായകൻ സുനിൽ ഛേത്രിയും സന്ദേശ് ജിങ്കാനും തൊട്ട് ജെജെ ലാൽപെഖ് ലുവയും ഉദാന്ത സിങ്ങും ഹോളിച്ചരണ്‍ നര്‍സാറിയും അനിരുദ്ധ് ഥാപ്പയും പ്രണോയ് ഹാല്‍ദാറും പ്രീതം കോട്ടാലും സുഭാഷിഷ് ബോസും ഗുര്‍പ്രീത് സിങ് സന്ധുവും മലയാളികളായ അനസ് എടത്തൊടികയും ആശിഖ് കുരുണിയനും പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റൻറൈനുമെല്ലാം കൈയൊപ്പ് ചാർത്തിയിട്ടുണ്ട് ജഴ്സിയിൽ.
അബൂദബിയിൽ വെച്ച് ഛേത്രിയും അനസും ഗുർപ്രീതും ചേർന്നാണ് അന്നിത് കൈമാറിയത്. ഇടുക്കി പെട്ടിമുടിയിലെ ഉരുൾപ്പൊട്ടലടക്കം പ്രകൃതി ദുരന്തത്തിന് ഇരയായവർ, കോവിഡ് പ്രതിസന്ധിയിൽ കേരളത്തിൽ കുടുങ്ങിപ്പോയ വിദേശ ഫുട്ബാൾ താരങ്ങൾ തുടങ്ങിയവർക്ക് ഒരു കൈ സഹായമാണ് ലേലത്തിൻറെ ഉദ്ദേശം. താരങ്ങളെല്ലാം ഉദ്യമത്തിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് അബൂദബിയിലെ ഓഡിറ്റിങ് കമ്പനിയിൽ പി.ആർ.ഒ ആയി ജോലിചെയ്യുന്ന മുനീർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.