സഹതാരങ്ങളിൽനിന്ന് ഛേത്രിയും ആശിക്കുന്നു
text_fields'രാജ്യത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായിരുന്നു ഈ മനുഷ്യൻ. പിന്നെ ആ ബിരിയാണി ക്ലബിൽ ചേർന്നു. ബാക്കി ചരിത്രം' -ഐ.എസ്.എൽ ക്ലബായ ബംഗളൂരു എഫ്.സി മൂന്നു വർഷമായി ആഷിഖ് കുരുണിയനെ വിങ് ബാക്കിൽ കളിപ്പിക്കുന്നതിനെ പരിഹസിച്ച് ഇന്ത്യ-അഫ്ഗാനിസ്താൻ മത്സരത്തിനുശേഷം വന്ന ട്വീറ്റാണിത്. കോച്ച് ഇഗർ സ്റ്റിമാക് കഴിഞ്ഞ ദിവസം ആഷിഖിലുള്ള വിശ്വാസം എടുത്തുപറഞ്ഞിരുന്നു. ടീമിന്റെ വജ്രായുധമെന്നായിരുന്നു വിശേഷണം. ഒന്നരപ്പതിറ്റാണ്ടിലധികമായി സുനിൽ ഛേത്രിയെന്ന ഒറ്റയാനിൽ കിടന്ന് കറങ്ങുകയാണ് ഇന്ത്യൻ ഫുട്ബാൾ. ഗോളുകൾ ഭൂരിഭാഗവും പിറക്കുന്നത് ഛേത്രിയുടെ ബൂട്ടിൽനിന്നും തലയിൽനിന്നുംതന്നെ. കൂട്ടാളികൾ പലരും വന്നുപോയി. ഛേത്രിക്കൊരു പകരക്കാരനെ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. 38ന്റെ പടിക്കൽ നിൽക്കുന്ന അയാളെ നോക്കിയാണ് കംബോഡിയക്കെതിരായ മത്സരത്തിനുശേഷം സ്റ്റിമാക് പറഞ്ഞത്. ആഷിഖും സഹൽ അബ്ദുസ്സമദും ഉദാന്ത സിങ്ങും മൻവീർ സിങ്ങും ലിസ്റ്റൻ കൊളാസോയുമെല്ലാം ഗോളടിക്കാൻ പഠിക്കണമെന്ന്.
നായകന് പകരം സ്ട്രൈക്കറായി
കൊൽക്കത്ത സാൾട്ട് ലേക്കിലെ നാൽപതിനായിരത്തിലധികം വരുന്ന കാണികൾക്കു മുന്നിൽ അഫ്ഗാനെതിരെ നന്നായി കളിച്ചിട്ടും 85 മിനിറ്റ് നേരമായിട്ടും ഗോൾ മാത്രം വന്നില്ല. ആ ഫ്രീകിക്കെടുക്കാൻ ഛേത്രിയെത്തുമ്പോൾ ഗോളി ഫൈസലിനും അപകടം മണത്തിരുന്നു. സാൾട്ട് ലേക് സ്റ്റേഡിയത്തിലെ ഗാലറി മാത്രമല്ല, കാതങ്ങൾക്കപ്പുറത്തിരുന്ന് കളി കണ്ട ഓരോ ഇന്ത്യക്കാരനും എഴുന്നേറ്റുനിന്ന് കൈയടിച്ച നിമിഷങ്ങൾ. ആ മുൻതൂക്കം പക്ഷേ രണ്ടു മിനിറ്റിനപ്പുറത്തേക്കു പോയില്ല. 88ാം മിനിറ്റിൽ കോർണർ കിക്കിൽ മാർക്ക് ചെയ്യാതെ അമീരി തലവെക്കുമ്പോൾ കാവൽക്കാരൻ ഗുർപ്രീത് സിങ് സന്ധുവിന് എന്തു ചെയ്യാനാവും. ഗോൾ വീണതോടെ ഏറ്റവും അസ്വസ്ഥനായിക്കണ്ടത് ഛേത്രിയെയാണ്. 90ാം മിനിറ്റിൽ ഛേത്രിക്കും മൻവീറിനും പകരക്കാരായി ഉദാന്തയും സഹലും വരുന്നു. കുറേനാൾക്ക് സ്ട്രൈക്കറായി ആഷിഖും. അഫ്ഗാൻ ഗോൾമുഖത്ത് മരണച്ചുഴിയൊരുക്കിവെച്ചിരുന്നു ആഷിഖും സഹലും. ഗോളടിച്ചതിനേക്കാൾ സന്തോഷം കളി ജയിച്ചതിലാണെന്ന് സഹൽ. അസിസ്റ്റിന് ആഷിഖിന് നന്ദി. ഖത്തറിൽ ജോർഡനെതിരെ സൗഹൃദമത്സരത്തിനു പോയ ആഷിഖ് പരിക്കുമായാണ് തിരിച്ച് കൊൽക്കത്തയിലെത്തുന്നത്. പിന്നെ വിശ്രമമായിരുന്നു. കംബോഡിയ മത്സരത്തിന്റെ തലേന്നാണ് പരിശീലനത്തിനിറങ്ങുന്നത്. അഫ്ഗാനെതിരെ കളിക്കുമ്പോൾ ആത്മവിശ്വാസത്തിന്റെ നെറുകെയിലായിരുന്നുവെന്ന് ആഷിഖ്. 90 മിനിറ്റും കളിക്കാൻ കഴിഞ്ഞത് വലിയകാര്യമാണെന്നും കുറേകാലത്തിനുശേഷം സ്വന്തം പൊസിഷനിൽ തിരിച്ചെത്താനായതിലും സന്തോഷമെന്നും താരം 'മാധ്യമ'ത്തോട് പറഞ്ഞു.
ഇനിയാരെന്ന ചോദ്യത്തിന് 'മലയാളത്തിൽ ഉത്തരം'
ഗോൾ വ്യത്യാസം നോക്കിയാൽ ടീം ഹോങ്കോങ്ങിനു പിന്നിൽ രണ്ടാമതാണ്. അടുത്ത കളിയിൽ അവർക്കെതിരെ ജയിച്ചേ തീരൂ. അന്താരാഷ്ട്ര ഗോൾ സ്കോറർമാരുടെ പട്ടികയിൽ മുൻനിരയിൽ വാഴുന്ന സുനിൽ ഛേത്രി തന്റെ കരിയറിലെ അവസാന നാളുകളിലൂടെയാണ് കടന്നുപോവുന്നതെന്ന സൂചനകൾ നൽകിക്കഴിഞ്ഞു. 'ഞാനുണ്ടെങ്കിലും ഇല്ലെങ്കിലും എ.എഫ്.സി ഏഷ്യൻ കപ്പിൽ ഇന്ത്യയുണ്ടാവണം' എന്നായിരുന്നു നായകന്റെ അഭിപ്രായപ്രകടനം. സഹൽ ഗോളടിച്ച നേരം ഛേത്രിയുടെ ഓട്ടം ഉസൈൻ ബോൾട്ടിനെ അനുസ്മരിപ്പിക്കുന്നവെന്ന ചോദ്യത്തിന് 'ജി.പി.എസ് നോക്കിയാൽ ആ രാത്രിയിലെ എന്റെ വേഗം അതാവും' എന്ന് മറുപടി നൽകുമ്പോഴുള്ള ചിരിയിലുണ്ട് എല്ലാം. ഛേത്രിയില്ലാതെ കളിച്ചുതുടങ്ങണമെന്ന് സ്റ്റിമാക് താരങ്ങളെ ഉപദേശിക്കുന്നുണ്ട്. ആവശ്യത്തിനെടുക്കാൻ വലിയനിരയൊന്നും ഇന്ത്യക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. കുറെ നാൾക്കുശേഷം തന്നിൽ നിന്നല്ലാതെയൊരു ഗോൾ പിറന്നതിൽ ഏറ്റവും കൂടുതൽ ആഹ്ലാദവാനായി കണ്ടതും ഛേത്രിയെയാണ്. മലയാളികളുടെ കൂടി അഭിമാനമായി ആഷിഖിന്റെയും സഹലിന്റെയും കാലുകൾ ഇന്ത്യയെ വിജയങ്ങളിലേക്ക് കൈപിടിച്ചുനടത്തുന്ന കാലം വിദൂരത്തല്ലെന്നറിയുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.