1948ലെ ഒളിമ്പിക്സിൽ ഇന്ത്യ കളിച്ചത് നഗ്നപാദങ്ങളുമായി; പണമല്ലായിരുന്നു പ്രശ്നം; പിന്നെ...
text_fieldsബാഹ്യ ഇടപെടലുകളെ തുടർന്നാണ് ദേശീയ ഫുട്ബാൾ സംഘടനയായ ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനെ (എ.ഐ.എഫ്.എഫ്) ഫിഫ വിലക്കിയത്. പിന്നാലെ ഇന്ത്യൻ ടീമിനും ക്ലബുകൾക്കും അന്തരാഷ്ട്ര മത്സരങ്ങൾ കളിക്കുന്നതിനും വിലക്കുവന്നു.
ഒക്ടോബറിൽ രാജ്യം വേദിയാകേണ്ട അണ്ടർ -17 വനിത ലോകകപ്പും ഇതോടെ അനിശ്ചിതത്വത്തിലായി. വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷന്‍റെ താൽക്കാലിക സെക്രട്ടറി ഫിഫക്ക് കത്തയച്ചിട്ടുണ്ട്. ഫിഫ വിലക്കിനു പിന്നാലെ ഇന്ത്യൻ ഫുട്ബാളുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. അതിൽ പലതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു.
ഇത്തരത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളിലൊന്ന് മൂന്നു ഇന്ത്യൻ ഫുട്ബാൾ താരങ്ങൾ നഗ്നപാദങ്ങളുമായി ഗ്രൗണ്ടിലൂടെ നടക്കുന്നതായിരുന്നു. അതിനടിയിലെ കാപ്ഷൻ ഇങ്ങനെയായിരുന്നു; '1948 ലണ്ടൻ ഒളിമ്പിക്സിൽ ഫ്രാൻസിനെതിരെ കളിക്കുന്ന ഇന്ത്യൻ ഫുട്ബാൾ ടീമിന്‍റെ ചിത്രമാണിത്. മത്സരം 1-1ന് സമനിലയിലായി. നമ്മുടെ താരങ്ങൾക്ക് ബൂട്ട് ഇല്ലാത്തതിനാൽ ജയിക്കാനായില്ല. എതിർ താരങ്ങളുടെ ബൂട്ടിന്‍റെ ചവിട്ടേറ്റ് ഇന്ത്യൻ താരങ്ങൾക്ക് പരിക്കേറ്റിട്ടും മത്സരം സമനിലയിലായി'.
കൂടാതെ, സർക്കാറിന്‍റെ കൈയിൽ പണമില്ലാത്തതിനാൽ ഇന്ത്യൻ ഫുട്ബാൾ താരങ്ങൾക്ക് ബൂട്ടുകൾ ലഭിച്ചില്ല. നെഹ്റു പാരിസിൽ വസ്ത്രങ്ങൾ ഡ്രൈ ക്ലീൻ ചെയ്തിരുന്ന, സ്വകാര്യ ജെറ്റിൽ നായുമായി പതിവായി യാത്ര ചെയ്തിരുന്ന സമയത്താണ് ഇതെന്നും പോസ്റ്റിൽ പറയുന്നു. ഷൂ ഇല്ലാതെ കളിക്കാനാകില്ലെന്ന് പറഞ്ഞ് 1950ലെ ലോക കപ്പിൽ പങ്കെടുക്കുന്നതിൽനിന്ന് ഫിഫ ഇന്ത്യയെ വിലക്കി. അതിനുശേഷം ഇന്ത്യ ഒരിക്കൽപോലും ഫിഫ ലോകകപ്പിൽ കളിച്ചിട്ടില്ല. എന്നിട്ടും രാജ്യത്തെ നിരവധി സ്റ്റേഡിയങ്ങൾക്ക് നെഹ്റു-ഗാന്ധി കുടുംബത്തിന്‍റെ പേര് നൽകിയെന്നും പോസ്റ്റിൽ പറയുന്നു.
എന്നാൽ, തെറ്റിദ്ധരിപ്പിക്കുന്നതാണ് ഈ പോസ്റ്റ്. ഫോട്ടോയിലുള്ള നാലാമത്തെ താരം ബൂട്ട് ധരിച്ചിരുന്നു. പപ്പൻ എന്ന പേരിലറിയപ്പെട്ടിരുന്ന തേന്മാടം മാത്യു വർഗീസാണ് ഈ ബൂട്ട് ധരിച്ച താരം. ഇദ്ദേഹത്തെ പടത്തിൽനിന്ന് വെട്ടിമാറ്റിയാണ് സമൂഹമാധ്യമങ്ങളിൽ ഇവർ പ്രചരിപ്പിക്കുന്നത്. യഥാർഥത്തിൽ മത്സരത്തിൽ ഇന്ത്യ 2-1ന് തോൽക്കുകയാണ് ചെയ്തത്. ഇന്ത്യയുടെ 11 കളിക്കാരിൽ എട്ട് പേരും ബൂട്ടില്ലാതെയാണ് കളിക്കാനിറങ്ങിയത്. നഗ്നപാദരായി കളിക്കാൻ കൂടുതൽ സൗകര്യപ്രദമായതിനാൽ ഈ താരങ്ങൾ ബൂട്ടുകൾ ഇല്ലാതെയാണ് ഗ്രൗണ്ടിലിറങ്ങിയത്.
അന്ന് ഇന്ത്യൻ ഫുട്ബാളിന് പണമല്ലായിരുന്നു പ്രശ്നം. ഇന്ത്യൻ താരങ്ങൾക്ക് ബൂട്ടുകൾ ധരിച്ച് കളിച്ച പരിചയമില്ലായിരുന്നു. അതിനാൽ ഭൂരിഭാഗം താരങ്ങളും മത്സരത്തിൽ ബൂട്ട് ധരിക്കാതെയാണ് കളിക്കാനിറങ്ങിയത്. 1952ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ യൂഗോസ്ലാവിയയോട് 1-10ന് പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇന്ത്യൻ ഫുട്ബാളിൽ ബൂട്ടുകൾ നിർബന്ധമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.