കേരള ബ്ലാസ്റ്റേഴ്സ്; ഇരട്ടച്ചില്ലകളിൽ വിരിയുന്ന മഞ്ഞ വസന്തം
text_fieldsബംഗളൂരു: ആരാധകരെ ആവേശംകൊള്ളിച്ച രണ്ടു തുടരൻ ജയം. അതും ഐ.എസ്.എല്ലിലെ കിരീട ഫേവറിറ്റുകളായ മുംബൈയോടും ബഗാനോടും. മുംബൈയെ കൊച്ചിയിലിട്ടാണ് പിഴിഞ്ഞതെങ്കിൽ ബഗാനെ കൊൽക്കത്തയുടെ മണ്ണിൽത്തന്നെ വാരിക്കെട്ടി. ബഗാനെതിരെ കൊൽക്കത്തയിൽ ജയിച്ചിട്ടില്ലെന്ന ദോഷപ്പേരും മാറ്റിയെഴുതി. ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ ആദ്യഘട്ട ഷെഡ്യൂൾ അവസാനിക്കാനിരിക്കെ, ആദ്യ പകുതിയിൽ ചരിത്രം തിരുത്തിയ പ്രകടനവുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി പോയന്റ് പട്ടികയിൽ മുന്നിലാണ്. ഈ കലണ്ടർ വർഷത്തെ മത്സരങ്ങൾ പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സ് 12 കളികളിൽ നേടിയത് 26 പോയന്റ്. എട്ടു ജയം, രണ്ടു സമനില, രണ്ടു തോൽവി എന്നിവയാണ് ക്രെഡിറ്റിൽ. അത്ര ശക്തരല്ലാത്ത ചെന്നൈയിനുമായും (3-3) നോർത്ത് ഈസ്റ്റുമായും (1-1) ഹോം മൈതാനത്ത് അപ്രതീക്ഷിത സമനില വഴങ്ങേണ്ടിവന്നതൊഴിച്ചാൽ ബാക്കിയെല്ലാം ബ്ലാസ്റ്റേഴ്സിന്റെ കണക്കുകൂട്ടലുകൾക്കൊപ്പമായിരുന്നു. സ്വന്തം മണ്ണിൽ ഒരു തോൽവിപോലും ഇതുവരെ വഴങ്ങിയിട്ടില്ല. പരിക്കുവലച്ച ടീമിനെ ഒന്നാന്തരം പോരാളികളാക്കി മാറ്റിയ കോച്ച് ഇവാൻ വുകുമനോവിച്ചിനാണ് പൂർണ ക്രെഡിറ്റ്. എല്ലാ ഐ.എസ്.എൽ ക്ലബുകളുമായും ഇവാന് കീഴിൽ ടീം ജയം കുറിച്ചുകഴിഞ്ഞു. ഇതിനകം അഞ്ചു മത്സരങ്ങളിൽ ക്ലീൻഷീറ്റും സ്വന്തമാക്കി. റിസർവ് സ്ക്വാഡിൽനിന്നുവന്ന് ഒന്നാന്തരം പ്രകടനത്തോടെ ബാറിന് കീഴിൽ സ്ഥാനമുറപ്പിച്ച മലയാളി താരം സച്ചിൻ സുരേഷിനു മുന്നിൽ ഓരോ നിരയിലും കോംബോ കൂട്ടുകെട്ട് വിജയം കാണുന്നുവെന്നതാണ് ബ്ലാസ്റ്റേഴ്സ് നിരയിലെ വിജയത്തിൽ പ്രധാനം.
•ദിമിയും പെപ്രയും
4-4-2 ശൈലിയിലാണ് കോച്ച് ഇവാൻ പതിവായി ടീമിനെ ഇറക്കാറുള്ളത്. തുടക്കത്തിൽ അഡ്രിയാൻ ലൂണയും ക്വാമി പെപ്രയുമായിരുന്നു മുന്നേറ്റത്തിലെ കൂട്ട്. പിന്നീട് ലൂണയെ മധ്യനിരയിലേക്ക് ഇറക്കി ദിമിത്രിയോസ് ഡയമന്റകോസിനെ പെപ്രക്കൊപ്പം ഇവാൻ നിയോഗിച്ചു. ഡയമന്റകോസും ലൂണയും ഗോളടി തുടരുമ്പോൾ ആദ്യ ഏഴു മത്സരങ്ങളിലും ഫോം കണ്ടെത്താനാവാതെ ഉഴലുകയായിരുന്നു പെപ്ര. എന്നാൽ, പെപ്രയുടെ കഴിവിൽ പൂർണ വിശ്വാസമർപ്പിച്ചിരുന്നു കോച്ച്. പരിക്കേറ്റ് ലൂണ പോയതിനുശേഷമുള്ള മത്സരങ്ങളിലാണ് പെപ്ര കൂടുതൽ ഉത്തരവാദിത്തത്തോടെ കളിച്ചുതുടങ്ങിയത്. മുംബൈക്കെതിരെയും ബഗാനെതിരെയുമുള്ള രണ്ടു ബിഗ് മാച്ചുകളിൽ ദിമി-പെപ്ര സഖ്യം മിന്നി. പരസ്പര ധാരണയോടെയുള്ള ഇരുവരുടെയും നിരവധി നീക്കങ്ങൾ കണ്ടു. 12 മത്സരങ്ങളിൽനിന്ന് രണ്ടു ഗോളും ഒരു അസിസ്റ്റുമാണ് പെപ്രയുടെ സംഭാവന. 10 കളിയിൽ ബൂട്ടുകെട്ടിയ ദിമിയാകട്ടെ ഇതിനകം ഏഴു ഗോളുമായി ടോപ് സ്കോറർ പദവിയിലാണ്.
• അയ്മനും രാഹുലും
ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ എണ്ണയിട്ട യന്ത്രംകണക്കെ കളിച്ചിരുന്ന അഡ്രിയാൻ ലൂണ പരിക്കേറ്റപ്പോൾ മിഡ്ഫീൽഡിൽ വിപിൻ മോഹനും ഡാനിഷ് ഫാറൂഖിനും ഉത്തരവാദിത്തം വർധിച്ചു. വിപിനും പരിക്കേറ്റതോടെ ബഗാനെതിരെ ആ റോൾ ഏറ്റെടുത്ത മുഹമ്മദ് അസ്ഹർ ഒന്നാന്തരം പ്രകടനമാണ് പുറത്തെടുത്തത്. 89 മിനിറ്റ് കളത്തിൽ ചെലവഴിച്ച അസ്ഹറിന്റെ പാസിങ് ആക്യുറസി 94 ശതമാനമായിരുന്നു. എട്ടു ടാക്കിളുകൾ ഭംഗിയായി നിർവഹിച്ച താരം മൂന്നു ഗോളവസരങ്ങളും ഒരുക്കി. അവസാന മിനിറ്റുകളിൽ കെ.പി. രാഹുലിന് ഗോൾമുഖത്തേക്ക് നീട്ടിനൽകിയ സാങ്കേതികത്തികവാർന്ന പാസിലൊളിച്ചിരിപ്പുണ്ട് അസ്ഹറിന്റെ പ്രതിഭ. അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് അയ്മനും രാഹുലും തമ്മിലുള്ള ഒത്തിണക്കം മധ്യനിരയിൽ പ്രധാനമാണ്. അയ്മന്റെ ക്വിക്ക് ടേണുകളും രാഹുലിന്റെ വേഗവും മുന്നേറ്റത്തിലും ഗുണംചെയ്യുന്നു. കാലിൽനിന്ന് ഗോളുകൾ മാറിനിന്നിട്ടും കോച്ചിന്റെ പ്രിയ ശിഷ്യനായി രാഹുൽ മാറുന്നത് മുന്നേറ്റത്തിലും മധ്യനിരയിലും പ്രതിരോധത്തിലും ഒരുപോലെ പണിയെടുക്കാനാവുന്നതുകൊണ്ടാണ്.
•ലെസ്കോയും മിലോസും
പ്രതിരോധത്തിലെ തീയാണ് സെൻട്രൽ ഡിഫൻസിലെ മാർകോ ലെസ്കോവിച്ചും മിലോസ് ഡ്രിൻക്സിച്ചും. റൈറ്റ് ബാക്കിൽ പ്രീതം കോട്ടാലും ലെഫ്റ്റ് ബാക്കിൽ നവോച്ച സിങ്ങും ചേരുമ്പോൾ ആദ്യ ഇലവനിലെ പ്രതിരോധ കോട്ട പൂർണം. പരിക്കുമാറി ലെസ്കോവിച് കളത്തിലേക്ക് തിരിച്ചുവരുന്നതുവരെ പ്രീതംകോട്ടാലായിരുന്നു മിലോസിനൊപ്പമുണ്ടായിരുന്നത്. ആ മത്സരങ്ങളിലെല്ലാം ഈ മോണ്ടിനെഗ്രൻ താരത്തിന്റെ ഒന്നാന്തരം പ്രകടനങ്ങൾ കണ്ടു. ലെസ്കോ കൂട്ടിനെത്തിയതോടെ പ്രതിരോധമുറച്ചു. എതിർ അറ്റാക്കർമാരെ മാർക്ക് ചെയ്യുന്നതിൽ മിടുക്കനാണ് 24 കാരനായ മിലോസ്. മുംബൈക്കെതിരെ അവരുടെ ടോപ്സ്കോറർ പെരേര ഡയസിനെയും ബഗാനെതിരെ ജാസൻ കമ്മിങ്സിനെയും മിലോസ് പോക്കറ്റിലിട്ടു എന്നുപറയുന്നതാവും ശരി. സഹതാരങ്ങളെ പ്രചോദിപ്പിച്ചും ആവശ്യം വരുമ്പോൾ ശാസിച്ചും കളത്തിൽ ശരിക്കും ആശാനാണ് ലെസ്കോ.
•ഡബ്ൾ സ്ട്രോങ് ബെഞ്ച്
ബെഞ്ച് സ്ട്രെങ്ത് പോരാ എന്നതായിരുന്നു മുൻ സീസണുകളിലെല്ലാം ബ്ലാസ്റ്റേഴ്സിന് വിനയായിരുന്നത്. എന്നാൽ, ഈ സീസണിൽ പ്രധാന താരങ്ങളിൽ പലരും പരിക്കിനെ തുടർന്ന് പുറത്തിരുന്നിട്ടും ടീം ടേബ്ൾ ടോപ്പറായി മാറുന്നുവെന്നത് ചെറിയ കാര്യമല്ല. ദിമിക്കൊപ്പം ആക്രമണത്തിനായി ബ്ലാസ്റ്റേഴ്സ് കണ്ടുവെച്ചിരുന്ന ആസ്ട്രേലിയൻ അറ്റാക്കിങ് ഫോർവേഡ് ജോഷ്വ സൊറ്റിരിയോ അദ്യ മത്സരത്തിന് മുമ്പുതന്നെ പരിക്കേറ്റുമടങ്ങിയിരുന്നു. പ്രതിരോധത്തിലെ ഐബൻ ദോലിങ്, മധ്യനിരയിൽനിന്ന് ജീക്സൺ സിങ്, അഡ്രിയാൻ ലൂണ, ഫ്രെഡ്ഡി, വിപിൻ മോഹൻ എന്നിവരും പരിക്കിനെ തുടർന്ന് പുറത്താണ്. പരിക്കുമാറി അവസാന നാലു മത്സരങ്ങളിലാണ് ലെസ്കോവിച് ഇറങ്ങിയത്. എന്നിട്ടും ഒരേ താളത്തിൽ ടീമിന് കളിക്കാൻ കഴിയുന്നത് അത്രക്കും മികച്ച ബെഞ്ച് സ്ട്രെങ്ത് ഉള്ളതുകൊണ്ടാണ്. അഡ്രിയാൻ ലൂണക്കു പകരം ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഒരു മികച്ച സൈനിങ് നടക്കാൻ പോകുന്നുവെന്നാണ് വിവരം.
ഐ.എസ്.എൽ ഷീൽഡും കിരീടവും എന്ന സ്വപ്നനേട്ടത്തിലേക്ക് കണ്ണുവെക്കുന്ന ബ്ലാസ്റ്റേഴ്സിനു മുന്നിൽ എഫ്.സി ഗോവയാണ് പ്രധാന വെല്ലുവിളി. ഒമ്പതു കളിയിൽ ഒന്നുപോലും തോൽക്കാത്ത ഗോവക്ക് 23 പോയന്റുണ്ട്. വെള്ളിയാഴ്ച നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ ഗോവ സമനിലയോ തോൽവിയോ വഴങ്ങിയാൽ പോയന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സിന് ഇളക്കംതട്ടില്ല. മറിച്ചാണ് ഫലമെങ്കിൽ ഗോൾ ശരാശരിയുടെ ബലത്തിൽ ഗോവ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തും. ഐ.എസ്.എൽ ആദ്യഘട്ട മത്സരങ്ങൾ ഇന്നത്തോടെ അവസാനിക്കുമെങ്കിലും ജനുവരിയിൽ നടക്കുന്ന സൂപ്പർ കപ്പിനൊരുങ്ങുകയാണ് ടീമുകൾ. ഐ.എസ്.എൽ ടീമുകളും ഐ ലീഗിലെ നാലു ടീമുകളും ഉൾെപ്പടുന്ന ടൂർണമെന്റിൽ ജാംഷഡ്പുർ, നോർത്ത് ഈസ്റ്റ്, ഷില്ലോങ് ലജോങ് എന്നിവയാണ് ഗ്രൂപ് ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് എതിരാളികൾ. ജനുവരി 10ന് ഷില്ലോങ് ലജോങ്ങുമായാണ് ആദ്യ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.