അർജന്റീന ടീം എത്തുന്നത് ഇന്ത്യൻ ഫുട്ബാളിന് ഗുണകരമാകുമോയെന്ന് ചോദ്യം; ആദ്യം നല്ല സ്റ്റേഡിയം വരട്ടെയെന്ന് ഇന്ത്യൻ കോച്ച്
text_fieldsദോഹ: ഫിഫ നിലവാരത്തിൽ സ്റ്റേഡിയമുണ്ടെങ്കിൽ ഇന്ത്യൻ ടീം കേരളത്തിൽ കളിക്കുമെന്ന് കോച്ച് ഇഗോർ സ്റ്റിമാക്. ഇന്ത്യയും സിറിയയും തമ്മിൽ ഏഷ്യൻ കപ്പ് ഗ്രൂപ് റൗണ്ടിലെ അവസാന മത്സരത്തിനൊരുങ്ങും മുമ്പ് നടന്ന പ്രീ മാച്ച് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അർജന്റീന ഫുട്ബാൾ ടീമിന് സൗഹൃദ മത്സരത്തിന് വേദിയൊരുക്കാനുള്ള കേരള കായിക മന്ത്രാലയത്തിന്റെ നീക്കം ഇന്ത്യൻ ഫുട്ബാളിന് ഗുണം ചെയ്യുമോ എന്നായിരുന്നു ചോദ്യം.
ചെറുചിരിയോടെ ചോദ്യം കേട്ട സ്റ്റിമാക് അർജന്റീനയെന്ന വാക്കുകളൊന്നും ഉപയോഗിക്കാതെ മറുപടി പറഞ്ഞുതുടങ്ങി. ‘ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് വേദിയാകാൻ നിലവാരമുള്ള ഒരു സ്റ്റേഡിയം നിർമാണത്തിന് നിക്ഷേപം നടത്താൻ കേരള സർക്കാർ തയാറാവുകയാണെങ്കിൽ ഏറെ അഭിനന്ദനീയം. അങ്ങനെയെങ്കിൽ ഇന്ത്യൻ ടീമിന് കേരളത്തിൽ വന്നു കളിക്കാനും ആസ്വദിക്കാനും സൗകര്യമാകും. ഇന്ത്യൻ ടീമിനൊപ്പം കേരളത്തിലേക്ക് വരാനും ഔദ്യോഗിക മത്സരങ്ങൾ കളിക്കാനും ഏറെ ആഗ്രഹമുണ്ട്. പക്ഷേ ഫിഫ ലൈസൻസിങ് നിലവാരമുള്ള ഗ്രൗണ്ട് ലഭിക്കാത്തിടത്തോളം അത് സാധ്യമല്ല’ -സ്റ്റിമാക് പറഞ്ഞു. അർജന്റീന ടീമിനെ കേരളത്തിൽ കളിപ്പിക്കുമെന്ന സംസ്ഥാന കായിക മന്ത്രിയുടെ പ്രസ്താവനയെ പരോക്ഷമായി വിമർശിക്കുന്നതായിരുന്നു ഏഷ്യൻ കപ്പ് ഫുട്ബാൾ വേദിയിൽ ഇന്ത്യൻ കോച്ചിന്റെ മറുപടി.
2025 ഒക്ടോബറിൽ അർജന്റീനയുടെ രണ്ട് സൗഹൃദ മത്സരങ്ങൾക്ക് കേരളം വേദിയൊരുക്കുമെന്നായിരുന്നു സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചത്. കേരളത്തിൽ കളിക്കാൻ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള അർജന്റീന ഫുട്ബാൾ അസോസിയേഷന്റെ ഇ-മെയിൽ ലഭിച്ചതായി മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. ലോകകപ്പ് വിജയത്തിനു പിന്നാലെ അർജന്റീന ടീം ഇന്ത്യയിൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ചെലവ് താങ്ങാൻ കഴിയില്ലെന്ന് പറഞ്ഞ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പിൻവാങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.