ഇന്ത്യൻ വനിത ലീഗ്: സേതു എഫ്.സിയെ വീഴ്ത്തി ഗോകുലത്തിന് തുടർച്ചയായ രണ്ടാം കിരീടം
text_fieldsഭുവനേശ്വര്‍: ഐ ലീഗിന് പിന്നാലെ ഇന്ത്യൻ വനിത ലീഗിൽ ഗോകുലം കേരള എഫ്.സിയുടെ വിജയഗാഥ. കലിംഗ സ്റ്റേഡിയത്തിൽ സേതു എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചാണ് അപരാജിത യാത്ര കിരീടത്തോടെ പൂർത്തിയാക്കിയത്. 11ാം മത്സരത്തിൽ സമനില മതിയായിരുന്നു ഗോകുലത്തിന്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽനിന്ന ശേഷം മൂന്നെണ്ണം തിരിച്ചടിച്ചാണ് കിരീടധാരണം.
പുരുഷ ടീം തുടർച്ചയായി രണ്ടാം തവണയും ഐ ലീഗ് ജേതാക്കളായതിന് സമാനമായ നേട്ടം വനിതകളും സ്വന്തമാക്കി. മൂന്നാം മിനിറ്റിൽ രേണു റാണിയിലൂടെയാണ് സേതു മുന്നിലെത്തിയത്. ആദ്യ പകുതിയിൽത്തന്നെ പെനൽറ്റിയിലൂടെ ആശാലത ദേവി (14, തുടർന്ന് എല്‍ഷദായ് അചെങ്പോ (33), മനീഷ കല്യാണ്‍ (40) എന്നിവർ ഗോകുലത്തിന് വേണ്ടി സ്കോർ ചെയ്ത് വിജയം ഉറപ്പാക്കി.10 കളിയും ജയിച്ച് 30 പോയൻറുമായി ഗോകുലത്തിനൊപ്പമായിരുന്നു തമിഴ്നാട്ടുകാരായ സേതു എഫ്.സിയും. എന്നാൽ, ഗോൾ ശരാശരിയിൽ പിറകിലായതിനാൽ അവർക്ക് ജയം അനിവാര്യമായിരുന്നു.
മത്സരം ആരംഭിച്ച് മൂന്നാം മിനിറ്റിൽത്തന്നെ രേണു റാണിയുടെ ഹെഡർ ഗോകുലം വലയിൽ പതിച്ചു. പിറകിലായതോടെ കേരള സംഘം ആക്രമണം ശക്തമാക്കി. എൽഷദായിയെ വീഴ്ത്തിയതിന് 14ാം മിനിറ്റിൽ കിട്ടിയ പെനൽറ്റി ആശാലത ദേവി ലക്ഷ്യത്തിൽ എത്തിച്ചു.
33ാം മിനിറ്റിൽ എൽഷദായിയിലൂടെ ഗോകുലം ലീഡ് എടുത്തു. മനീഷയുടെ പാസിൽനിന്നാണ് എൽഷദായിയുടെ ഗോൾ പിറന്നത്.
40ാം മിനിറ്റിൽ മനീഷ കല്യാണും സ്കോർ ചെയ്തതോടെ ഗോകുലം കിരീടം ഏറക്കുറെ ഉറപ്പിച്ചു. 11 മത്സരത്തില്‍നിന്ന് 33 പോയന്റുണ്ട് ഗോകുലത്തിന്. 30 പോയന്റുമായി സേതു രണ്ടാമതെത്തി. ആകെ 66 ഗോളുകൾ അടിച്ച ഗോകുലം നാലെണ്ണം മാത്രമാണ് വഴങ്ങിയത്. ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ കളിക്കാനും ഗോകുലം യോഗ്യത നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.