എം.എൽ.എസിൽ ജയത്തോടെ തുടങ്ങി മെസ്സിയും സംഘവും
text_fieldsഫ്ലോറിഡ: അമേരിക്കൻ മേജർ സോക്കർ ലീഗ് (എം.എൽ.എസ്) പുതിയ സീസണിൽ ജയത്തോടെ തുടങ്ങി ലയണൽ മെസ്സിയുടെ ഇന്റർമയാമി. റിയൽ സാൾട്ട് ലേക്കിനെ ഏകപക്ഷീയമായ രണ്ടു ഗോളിന് കീഴടക്കിയാണ് മയാമി സീസണിന് തുടക്കമിട്ടത്.
റോബർട്ട് ടെയ്‍ലറും ഡിഗോ ഗോമസുമാണ് ഗോൾ കണ്ടെത്തിയത്. 39ാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ നിന്നാണ് ടെയ്‍ലർ മയാമിക്കായി ആദ്യ ലീഡെടുക്കുന്നത്. രണ്ടാം പകുതിയുടെ അവസാനം മെസ്സിയും സുവാരസും ഒരുമിച്ച് നടത്തിയ നീക്കം ഡീഗോ ഗോമസ് പൂർത്തിയാക്കുകയായിരുന്നു.
എം.എൽ.എസിലെ കഴിഞ്ഞ സീസണിൽ ഈസ്റ്റേൺ കോൺഫ്രൻസിൽ 14ാം സ്ഥാനത്താണ് മയാമി ഫിനിഷ് ചെയ്തത്. സീസണിന്റെ അവസാനം അർജന്റനീയുടെ ഇതിഹാസ താരം ലയണൽ മെസ്സിയെ ടീമിലെത്തിച്ചെങ്കിലും തോൽവിയിൽ മുങ്ങിത്താഴ്ന്ന മയാമിയെ രക്ഷിക്കാനാവുമായിരുന്നില്ല.
ആറ് മത്സരങ്ങൾ മാത്രമാണ് മെസ്സി ബൂട്ടുകെട്ടിയത്. അതേസമയം, എം.എൽ.എസ് കൈവിട്ടെങ്കിലും മെസ്സിയുടെ വരവ് ക്ലബിന് ലീഗ്സ് കപ്പ് കിരീടം ഉൾപ്പെടെ നേടിക്കൊടുത്തു. 2023ൽ മയാമിക്കായി 14 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളുകൾ നേടിയ മെസ്സി ക്ലബിനെ എട്ട് മത്സരങ്ങളിൽ ജയം നേടികൊടുത്തിരുന്നു. എം.എൽ.എസിൽ താരതമ്യേന മോശം ട്രാക്ക് റെക്കോഡുള്ള ഇന്റർമയാമി മെസ്സി, സുവാരസ് തുടങ്ങിയ സൂപ്പർതാരങ്ങളുടെ കരുത്തിൽ പുതിയ സീസൺ പിടിക്കാനൊരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.