'ഇതിഹാസ'മെഴുതി; മയാമിയുടെ ആദ്യ വിജയ ചരിത്രം, മെസ്സിയുടെ ചിറകിലേറി ലീഗ്സ് കപ്പിൽ മുത്തം
text_fieldsസൂപ്പർതാരം ലയണൽ മെസ്സിയിലൂടെ ലീഗ്സ് കപ്പ് കിരീടം നേടി ഇന്‍റർ മയാമി. ഫൈനലിന്‍റെ എല്ലാ ആവേശവും നിറഞ്ഞുനിന്ന മത്സരത്തിൽ നാഷ്‍വില്ലെയെ സഡൻ ഡെത്തിൽ (10-9) വീഴ്ത്തിയാണ് ഇന്റർ മയാമി ആദ്യ ലീഗ്സ് കപ്പ് കിരീടം സ്വന്തമാക്കിയത്.
നിശ്ചിത സമയത്ത് ഓരോ ഗോളുകളുമായി ഇരുടീമുകളും സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. ആദ്യത്തെ അഞ്ചു കിക്കുകളിൽ ഇരു ടീമുകളും തുല്യത (4-4) പാലിച്ചതോടെ മത്സരം ഡസൻ ഡെത്തിലേക്ക്. ഒടുവിൽ കിക്കെടുക്കാൻ ഗോൾകീപ്പർമാർ.
കിക്കെടുത്ത മയാമി ഗോളി ഡ്രേക്ക് സ്റ്റീവൻ കാലെൻഡറിന്‍റെ ഷോട്ട് വലയിൽ. പിന്നാലെ നാഷ്‍വില്ലെ ഗോൾ കീപ്പറുടെ ഷോട്ട് കാലെൻഡർ തടഞ്ഞിട്ടതോടെ വിജയം മെസ്സിക്കും സംഘത്തിനുമൊപ്പം. കാലെൻഡറാണ് മത്സരത്തിലെ താരം. മെസ്സിയിലൂടെ ഇന്‍റർ മയാമിയാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. 24ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്ന് ലഭിച്ച പന്ത് പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് പോസ്റ്റിന്‍റെ വലതുമൂലയിലേക്ക് മെസ്സിയുടെ കിടിലൻ ഇടങ്കാൽ ഷോട്ട്. ഗോളിയെയും നിസ്സഹായനാക്കി പന്ത് വലയിൽ.
എന്നാൽ,57ാം മിനിറ്റിൽ നാഷ്‍വില്ലെ ഒപ്പമെത്തി. കോർണറിൽനിന്നുള്ള സെറ്റ് പീസാണ് ഗോളിലെത്തിയത്. വിങ്ങർ ഫാഫ പിക്കോൾട്ടിന്‍റെ ഹെഡർ ഇന്‍റർ മയാമി ഗോൾ കീപ്പറുടെ കാലിൽ തട്ടി പോസ്റ്റിലേക്ക്. അവസാന മിനിറ്റുകളിൽ വിജയ ഗോളിനായി ഇരുടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നേരത്തെ, സെമിയിൽ ഫിലാഡൽഫിയയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്താണ് ഇന്റർ മയാമി ഫൈനലിലെത്തിയത്.
തുടര്‍ച്ചയായി പരാജയങ്ങളിലായിരുന്ന ഇന്റർ മയാമി മെസ്സിയുടെ വരവോടെ തോൽവി അറിഞ്ഞിട്ടില്ല. ക്ലബിന്‍റെ ചരിത്രത്തിലെ സുപ്രധാന കിരീട നേട്ടമാണിത്. ഇന്‍റർ മയാമിക്കായി കളിച്ച ഏഴു മത്സരങ്ങളിൽനിന്നായി മെസ്സിയുടെ ഗോൾ നേട്ടം ഇതോടെ പത്തായി. മെസ്സിയുടെ കരിയറിലെ കിരീടം നേട്ടം 44 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.