മെസിയില്ലാത്ത മയാമിക്ക് സമനില കുരുക്ക്; പ്ലേ ഓഫ് തുലാസിൽ
text_fieldsഫ്ലോറിഡ: പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ജയം അനിവാര്യമായ മത്സരത്തിൽ ഇന്റർമയാമിക്ക് സമനില. എം.എൽ.എസിൽ കരുത്തരായ ഒർലാൻഡോ സിറ്റിക്കെതിരെ ലയണൽ മെസിയില്ലാതെ കളിത്തിലിറങ്ങിയ ഇൻർമയാമി (1-1) സമനില പിടിക്കുകയായിരുന്നു. ഒർലാൻഡോ സിറ്റിയുടെ തട്ടകമായ എക്സ്പ്ലോറിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്റർ മയാമിയാണ് ആദ്യ ലീഡെടുത്തത്. 52 ാം മിനിറ്റിൽ ഡേവിഡ് റൂയിസാണ് മുന്നിലെത്തിച്ചത്.
പെനാൽറ്റി ബോക്സിലേക്ക് ലിയോ കാമ്പാന നീട്ടി നൽകിയ പാസ് ജോസഫ് മാർട്ടിനസ് പോസ്റ്റിലേക്ക് ഷോട്ടുതിർത്തെങ്കിലും ഗോൾകീപ്പറുടെ കാലിൽ തട്ടി അകന്നു, പക്ഷേ റീബൗണ്ടായി എത്തിയ പന്ത് റൂയിസ് അനായാസം വലയിലാക്കി.
ഗോൾ തിരിച്ചടിക്കാനുള്ള ഒർലാൻഡോ ശ്രമങ്ങൾ നിരന്തരം പാഴായെങ്കിലും 66ാം മിനിറ്റിൽ ഇന്റർമയാമിയെ പ്രതിരോധത്തിലാക്കി സമനില ഗോളെത്തി. ഒർലാൻഡോ സ്ട്രൈക്കർ ഡുൻകാൻ മക്‌ഗ്വെയർ മയാമി ഗോൾകീപ്പറെ കബളിപ്പിച്ച് വലയിലെത്തിച്ചു.
മേജർ സോക്കർ ലീഗ് ഈസ്റ്റേൺ കോൺഫറൻസിന്റെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഒർലാൻഡോ സിറ്റിയെയാണ് 14ാം സ്ഥാനത്തുള്ള ഇന്റർമയാമി നേരിട്ടത്. 29 മത്സരങ്ങളിൽ നിന്ന് 15 തോൽവികൾ ഏറ്റുവാങ്ങിയ ഇന്റർ മയാമി ജയിച്ചു തുടങ്ങുന്നത് ഇതിഹാസ താരം ലയണൽ മെസിയുടെ വരവോടെയാണ്. മെസിയുള്ള ഇൻറർ മയാമി ഇതുവരെ തോറ്റിട്ടില്ല. ലീഗ്സ് കപ്പിൽ ഒർലാൻഡോ സിറ്റിയെ വരെ അട്ടിമറിച്ചാണ് അവർ മുന്നേറിയിരുന്നത്.
കഴിഞ്ഞ ആഴ്ച അറ്റ്ലാൻഡ യുണൈറ്റഡിനെതിരെ (5-2) മയാമി തോറ്റിരുന്നെങ്കിലും മെസി കളിച്ചിരുന്നില്ല. മേജർ സോക്കർ ലീഗിൽ മയാമിയുടെ പ്ലേ ഓഫ് പ്രതീക്ഷ ഏറെ കുറേ അസ്തമിച്ച മട്ടാണ്. ചെറിയ പരിക്കിനെ തുടർന്ന് വിട്ടു നിൽക്കുന്ന മെസി വ്യാഴാഴ്ച ഹൂസ്റ്റൺ ഡൈനാമോക്കെതിരെയുള്ള യു.എസ്.ഓപൺ ഫൈനലിൽ കളിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.