ഡബ്ളടിച്ച് ക്രിസ്റ്റ്യാനോ മാജിക്; ഇറ്റാലിയൻ കപ്പ് സെമിയിൽ ഇന്‍ററിനെ വീഴ്ത്തി യുവന്‍റസ്
text_fields
റോം: കരുത്തരായ ഇന്‍റർ മിലാനെതിരെ സാൻ സിറോയിൽ തുടക്കംപാളിയ യുവെക്കായി രണ്ടു ഗോളും വിലപ്പെട്ട വിജയവും നൽകി ക്രിസ്റ്റ്യാനോ. കരുത്തരുടെ പോരുകണ്ട ഇറ്റാലിയൻ സൂപർ കപ് സെമി ഒന്നാം പാദത്തിലാണ് റോണോ യുവന്‍റസിന്‍റെ വിജയ നായകനായത്. സ്കോർ 2-1.
ഒമ്പതാം മിനിറ്റിൽ മാർട്ടിനെസ് ഗോളിലൂടെ മുന്നിലെത്തിയ ഇന്‍റർമിലാൻ തുടർന്നും മൈതാനം വാണെങ്കിലും 29ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി മാറ്റി ക്രിസ്റ്റ്യാനോ ടീമിനെ കളിയിൽ തിരികെയെത്തിച്ചു. ഏഴു മിനിറ്റ് കഴിഞ്ഞ് പിന്നെയും ഗോൾവല തുളച്ച താരം കലാശപ്പോരിലേക്ക് ആദ്യ കടമ്പ കടക്കാൻ ടീമിന്‍റെ പോരാട്ടത്തിൽ നിർണായക സാന്നിധ്യമായി.
ഗോൾ പോസ്റ്റിന് മുന്നിൽ സീനിയർ താരമായി 1,100 ാം തവണ വല കാത്ത ജിയാൻലൂജി ബുഫണെ കാഴ്ചക്കാരനാക്കിയാണ് ആദ്യ 10 മിനിറ്റിൽ അർജന്‍റീന താരം ലോട്ടറോ മാർട്ടിനെസ് ഇന്‍ററിനെ മുന്നിലെത്തിച്ചത്.
പക്ഷേ, യുവാൻ ക്വാഡ്രാഡോയെ ആഷ്ലി യങ് ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി അനായാസം ലക്ഷ്യത്തിലെത്തിച്ച് റൊണാൾഡോ യുവെക്ക് സമനില നൽകി. പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് മിനിറ്റുകൾക്കിടെ വീണ്ടും ലക്ഷ്യം കണ്ട താരം ടീമിന് ലീഡും വിജയവും സമ്മാനിച്ചു.
13 തവണ ഇറ്റാലിയൻ കപ്പ് ജേതാക്കളായ യുവെ ചൊവ്വാഴ്ച ടൂറിനിൽ രണ്ടാംപാദം സമനില നേടിയാൽ ഫൈനൽ ഉറപ്പാക്കാം. കലാശപ്പോരിന് ടിക്കറ്റ് ഉറപ്പിച്ചാൽ ഏഴു വർഷത്തിനിടെ ആറാം തവണയാകും ടീം ഫൈനൽ കളിക്കുക.
കഴിഞ്ഞ മാസം സീരി എ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളിന് യുവന്‍റസിനെ വീഴ്ത്തി പോയിന്‍റ് നിലയിൽ മുന്നിലെത്തിയ ഇന്‍റർ മിലാന് ഫൈനൽ കാണാൻ മികച്ച വിജയം നേടണം. സസ്പെൻഷനിൽ കുടുങ്ങി പുറത്തായ റൊമേലു ലുക്കാക്കുവിന്‍റെ അഭാവമാണ് മിലാന് ഇന്നലെ കാര്യങ്ങൾ കടുപ്പമേറിയതാക്കിയത്. അലക്സിസ് സാഞ്ചസും സംഘവും പലവട്ടം രണ്ടാംഗോളിനടുത്തെത്തിയെങ്കിലും എതിർ പ്രതിരോധവും നിർഭാഗ്യവും വില്ലനായി.
സൂപർ കപ് രണ്ടാം സെമിയിൽ അറ്റ്ലാന്റയും നാപോളിയും ഏറ്റുമുട്ടും.
കളി 14 മിനിറ്റ് ശേഷിക്കെ മൈതാനത്തുനിന്ന് പിൻവലിച്ച കോച്ചിന്‍റെ തീരുമാനത്തിൽ അരിശം പൂണ്ട് ക്രിസ്റ്റ്യാനോ മടങ്ങുന്നതിനും ഇന്നലെ സാൻസിറോ വേദിയായി. അൽവാരോ െമാറാറ്റയെ ആണ് അവസാന നിമിഷങ്ങളിൽ ടീം മുന്നേറ്റത്തിൽ കരുത്തുപകരാൻ ആൻഡ്രിയ പിർളോ അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.