സൂപ്പർ സൺഡേയിൽ ഇറ്റലിയിലും ഫ്രാൻസിലും സമനിലക്കുരുക്ക്
text_fieldsപാരീസ്: സൂപ്പർ സൺഡേയിൽ നടന്ന പോരാട്ടങ്ങളിൽ പി.എസ്.ജി-മാഴ്സെ, യുവന്‍റസ്-ഇന്‍റർ മിലാൻ പോരാട്ടങ്ങൾ സമനിലയിൽ കലാശിച്ചു. ഫ്രഞ്ച് ലീഗ് ക്ലാസിക്കോയിൽ മാഴ്സെ സൂപ്പർതാരങ്ങൾ അണിനിരന്ന പി.എസ്.ജിയെ ഗോൾരഹിത സമനിലയിൽ കുരുക്കി. ലയണൽ മെസ്സിക്ക് അക്കൗണ്ട് തുറക്കാനായില്ല. യുവന്‍റസ്-ഇന്‍റർ പോരാട്ടം 1-1ന് അവസാനിച്ചു.
മത്സരത്തിനിടെ കോർണർ എടുക്കാനെത്തിയ പി.എസ്.ജി താരങ്ങൾക്ക് നേരെ ആരാധകർ വെള്ള കുപ്പികൾ എറിഞ്ഞ സംഭവം മാഴ്സെക്ക് നാണക്കേടായി. ആദ്യപകുതിയിൽ പി.എസ്.ജിയും മാഴ്‌സയും വലകുലുക്കിയെങ്കിലും വാറിലൂടെ ഓഫ് സൈഡായി. മെസ്സി, നെയ്മർ, എംബാപ്പെ, ഡി മരിയ എന്നിവർ അണിനിരന്ന പി.എസ്.ജി മുന്നേറ്റ നിരയെ മാഴ്സെ ആദ്യ പകുതിയിൽ നന്നായി പ്രതിരോധിച്ചു.
2018 ലോകകപ്പിൽ മെസ്സിയുടെ അർജന്‍റീനയെ പരിശീലിപ്പിച്ച ജോർജ് സാംപോളിയാണ് മാഴ്സെയുടെ പരിശീലകൻ.
രണ്ടാം പകുതിയിൽ 56 മിനിറ്റിൽ ചെങ്കിസ് ഉണ്ടറിനെ ഫൗൾ ചെയ്ത അഷ്‌റഫ് ഹക്കിമി ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതോടെ പി.എസ്.ജി 10 പേരായി ചുരുങ്ങി. റഫറി മഞ്ഞ കാർഡാണ് നൽകിയതെങ്കിലും പിന്നീട് വാറിലൂടെ ചുവപ്പ് കാർഡ് ആയി മാറി. കളിക്കാരുടെ എണ്ണം കുറഞ്ഞതോടെ പി.എസ്.ജി പ്രതിരോധത്തിലേക്ക് വലിഞ്ഞു.
മത്സരത്തിൽ അധികം പരിക്കേൽക്കാതെ രക്ഷപെട്ടെങ്കിലും പി.എസ്.ജിയുടെ ലോകോത്തര മുന്നേറ്റനിര ഇനിയും താളം കണ്ടെത്താത്തത് കോച്ച് മൗറീസിയോ പൊചെട്ടീനോയെ വലക്കുന്നുണ്ട്.
ചാമ്പ്യൻസ് ലീഗിൽ ആർ.ബി ലെപ്സിഷിനെതിരെ മെസ്സി രണ്ടുഗോൾ നേടിയെങ്കിലും ലീഗ് വണിൽ ഫോമിലേക്കെത്താത്തത് ആരാധകർക്കും നിരാശ സമ്മാനിക്കുന്നുണ്ട്. മറുവശത്ത് ടീമിന്‍റെ മോശം പ്രകടനത്തിനിടെയിലും ക്രിസ്റ്റ്യാനോ റൊണാൾഡോ മിന്നും ഫോമിൽ തുടരുകയാണ്. പി.എസ്.ജി ജഴ്സിയിൽ മെസ്സി സ്കോർ ചെയ്ത മൂന്ന് ഗോളുകളും ചാമ്പ്യൻസ് ലീഗിൽ നിന്നാണ്.
11 മത്സരങ്ങളിൽ നിന്ന് 28 പോയിന്‍റുമായി പി.എസ്.ജിയാണ് ലീഗിൽ ഒന്നാമത്. 10 മത്സരങ്ങളിൽ നിന്ന് 18 പോയിന്‍റുമായി മാഴ്സെ നാലാമതാണ്.
ഇറ്റലിയിലെ സൂപ്പർ പോരാട്ടത്തിൽ പൗളോ ഡിബാലയാണ് യുവന്‍റസിനെ ഇന്‍റർ മിലാനെതിരെ തോൽവിയിൽ നിന്ന് രക്ഷിച്ചത്. 89ാം മിനിറ്റിലായിരുന്നു അർജന്‍റീന താരത്തിന്‍റെ ഗോൾ.1995 നു ശേഷം ഇന്‍ററിന് എതിരെ തുടർച്ചയായ മൂന്നു കളികളിൽ ഗോൾ നേടുന്ന ആദ്യ താരമായി ഡിബാല മാറി.
എല്ലാ ടൂർണമെന്‍റുകളിൽ നിന്നുമായി അവസാനം കളിച്ച ആറെണ്ണവും ജയിച്ച ആത്മവിശ്വാസവുമായാണ് യുവെ മിലാനിലെത്തിയത്. എന്നാൽ 17ാം മിനിറ്റിൽ ഏദൻ ജെക്കോയിലൂടെ ചാമ്പ്യൻമാരായ ഇന്‍റർ ലീഡ് പിടിച്ചു. മത്സരത്തിന്‍റെ അവസാന ഘട്ടം വരെ ഇന്‍റർ ജയത്തിലേക്കെന്ന് തോന്നലുണ്ടാക്കി.
87ാം മിനിറ്റിൽ അലക്‌സ് സാൻഡ്രോയെ ബോക്‌സിൽ വീഴ്ത്തിയ ഡെൻസൽ ഡംഫ്രീസിന്‍റെ ഫൗൾ യുവന്‍റസിന് പെനാൽറ്റി സമ്മാനിച്ചു. പെനാൽറ്റി പിഴവുകളില്ലാതെ ലക്ഷ്യത്തിലെത്തിച്ച് ഡിബാല സാൻസീറോയിൽ യുവെക്ക് വിലപ്പെട്ട പോയിന്‍റ് നേടിക്കൊടുത്തു.
ഇറ്റലിയിൽ ഒമ്പത് മത്സരത്തിൽ നിന്ന് 25 പോയിന്‍റുമായി നാപോളിയാണ് ഒന്നാമത്. 18 പോയിന്‍റുമായി ഇന്‍റർ മൂന്നാമതും 15 പോയിന്‍റുമായി യുവെ ആറാമതുമാണ്.
ലാലിഗയിൽ നടന്ന മത്സരത്തിൽ അത്ലറ്റിക്കോ മഡ്രിഡ് റയൽ സൊസീഡാഡിൽ നിന്ന് സമനില പിടിച്ചെടുത്തു. രണ്ടുഗോളിന് പിറകിലായിരുന്ന ചാമ്പ്യൻമാരെ ഇരട്ടഗോളുകളുമായി സൂപ്പർതാരം ലൂയി സുവാരസാണ് രക്ഷിച്ചത്. സൊസീഡാഡിനായി അലക്സാണ്ടർ സോർലോതും അലക്സാണ്ടർ ഇസാകും വലകുലുക്കി.
=10 കളികളിൽ നിന്ന് 21 പോയിന്‍റുമായി സൊസീഡാഡാണ് ഒന്നാമത്. 20 പോയിന്‍റുമായി റയൽ മഡ്രിഡ് രണ്ടാമതാണ്. 18 പോയിന്‍റുമായി അത്ലറ്റികോ നാലാമതും 15 പോയിന്‍റുമായി ബാഴ്സ ഒമ്പതാമതുമാണ്. ഞായറാഴ്ച നടന്ന എൽക്ലാസിക്കോയിൽ റയൽ ബാഴ്സയെ 2-1ന് തോൽപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.