ഇന്റർ കോണ്ടിനന്റൽ കപ്പ് കിരീടം സിറിയക്ക്; ഇന്ത്യയെ വീഴ്ത്തിയത് 3-0ത്തിന്
text_fieldsഹൈദരാബാദ്: ഇന്‍റർ കോണ്ടിനന്റൽ കപ്പ് കിരീടം സിറിയക്ക്. നിർണായക മത്സരത്തിൽ ആതിഥേയരായ ഇന്ത്യയെ മറുപടിയില്ലാത്ത മൂന്നു ഗോളിന് വീഴ്ത്തിയാണ് സിറിയ ചാമ്പ്യന്മാരായത്.
രണ്ടു പകുതികളിലുമായി മഹ്മൂദുൽ അസ് വദി, ദലേഹോ ഇറാൻഡസ്റ്റ്, പാബ്ലോ സബ്ബാഗ് എന്നിവരാണ് സിറിയക്കായി വലകുലുക്കിയത്. ആദ്യ മത്സരത്തിൽ മൗറീഷ്യസിനെ 2-0ത്തിന് തകർത്ത സിറിയക്ക് കിരീടത്തിനായി സമനില മതിയായിരുന്നു. ഇന്ത്യ ആദ്യ മത്സരത്തിൽ മൗറീഷ്യസിനോട് സമനില വഴങ്ങിയിരുന്നു. പന്ത് കൈവശം വെക്കുന്നതിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ഇന്ത്യക്ക് നേരിയ മുൻതൂക്കമുണ്ടെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയാണ് തിരിച്ചടിയായത്. 2023ൽ ലെബനാനെ തോൽപിച്ചാണ് ഇന്ത്യ കിരീടം നേടിയത്.
പുതിയ പരിശീലകന് കീഴിൽ കളിക്കുന്ന ഇന്ത്യയെ ഏഴാം മിനിറ്റിൽ തന്നെ സിറിയ ഞെട്ടിച്ചു. ബോക്സിൽ അസ് വദിന്റെ ആദ്യ ശ്രമത്തിനെതിരെ ആതിഥേയ പ്രതിരോധനിര മതിൽ കെട്ടിയെങ്കിലും പന്ത് വീണ്ടും കാലിൽ കിട്ടിയ താരം വിരലുകൾ കൊണ്ട് ഒന്നാം പോസ്റ്റിലേക്ക് തൊടുത്തപ്പോൾ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവിന് ഒന്നും ചെയ്യാനായില്ല. 12ാം മിനിറ്റിൽ സിറിയ ലീഡ് ഉയർത്തുമെന്ന് തോന്നിച്ച ഘട്ടത്തിൽ ഗുർപ്രീത് രക്ഷകനായി. പന്തധീനതയിൽ മുൻതൂക്കം പുലർത്തിയ എതിരാളികൾക്ക് മുന്നിൽ പലപ്പോഴും പിടിച്ചുനിൽക്കാനാവാതെ ഇന്ത്യ വിയർക്കുന്നതാണ് കണ്ടത്.
26ാം മിനിറ്റിലാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകിയൊരു നീക്കമുണ്ടാവുന്നത്. രണ്ട് സഹതാരങ്ങൾ പരിസരത്ത് നിൽക്കെ ബോക്സിൽ നന്ദകുമാർ. പക്ഷെ സിറിയയെ ഗോളി കാത്തു. ആദ്യ പകുതി തീരാനിരിക്കെ മലയാളി താരം സഹൽ അബ്ദുൽ സമദും മൻവീർ സിങ്ങും സമനിലക്ക് കിണഞ്ഞ് ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. രണ്ടാം പകുതിയിൽ നന്നായി തുടങ്ങിയത് ഇന്ത്യയായിരുന്നു. 55ാം മിനിറ്റിൽ സഹലിൽ നിന്ന് പന്ത് സ്വീകരിച്ച് ചാങ്തെ നടത്തിയ നീക്കവും പക്ഷെ വിഫലം. 64ാം മിനിറ്റിൽ സഹലിനെ മാറ്റി നാവോറം മഹേഷ് സിങ്ങിനെ കൊണ്ടുവന്നു. 68ാം മിനിറ്റിൽ നന്ദകുമാറിന്റെയും ചാങ്തെയുടെയും ശ്രമങ്ങൾ. 76ാം മിനിറ്റിൽ പന്തുമായി ബോക്സിലെത്തിയ ദലേഹോയുടെ ദുർബല ഷോട്ടിന് മുന്നിൽ ഗുർപ്രീത് മുട്ടുമടക്കി. 82ാം മിനിറ്റിൽ ഇന്ത്യയുടെ ഭാഗ്യം കൊണ്ടാണ് മൂന്നാം ഗോൾ ഒഴിവായത്.
അവസാന മിനിറ്റുകളിൽ ഇന്ത്യയുടെ തുടർച്ചയായ ഗോൾ ശ്രമങ്ങൾ തലനാരിഴക്ക് പിഴച്ചു. ആഡ് ഓൺ ടൈമിൽ ലിസ്റ്റൻ കൊളാസോയുടെ ലോങ് റേഞ്ചർ ഗോളി രക്ഷപ്പെടുത്താൻ ശ്രമിക്കവെ ക്രോസ് ബാറിൽ തട്ടി താഴേക്ക് വീണെങ്കിലും അതീവ നിർഭാഗ്യത്താൽ ഗോൾവര കടന്നില്ല. പിന്നാലെ പാബ്ലോ ഇന്ത്യയുടെ പതനം പൂർത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.