ഇന്ത്യയെ സമനിലയിൽ തളച്ച് മൗറീഷ്യസ്; മനോലോ മാർക്വേസിന്റെ തുടക്കം ഗോൾരഹിതം
text_fieldsഹൈദരാബാദ്: ത്രിരാഷ്ട്ര ഇന്റർ കോണ്ടിനന്റൽ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ സമനിലയിൽ പിടിച്ചുകെട്ടി മൗറീഷ്യസ്. ഇരുടീമുകളും ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു.
പുതിയ പരിശീലകൻ മനോലോ മാർക്വേസിന്റെ കീഴിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ഇന്ത്യ, തങ്ങളേക്കാൾ 55 റാങ്ക് പിന്നിലുള്ള ടീമിനോടാണ് സമനില വഴങ്ങിയത്. ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ താരതമ്യേന ദുർബലരായ എതിരാളികളുടെ വലകുലുക്കാൻ നീലക്കടുവകൾക്ക് കഴിഞ്ഞില്ല. ഡിഫൻഡർ രാഹുൽ ഭേകെയാണ് ക്യാപ്റ്റന്റെ ആംബാൻഡ് അണിഞ്ഞത്.
മൗറീഷ്യസിന്റെ ആക്രമണത്തോടെ കളമുണർന്നു. കളിയിലേക്ക് ഇന്ത്യ തിരിച്ചുവന്നതോടെ അവസരങ്ങളും ലഭിച്ചു. ആറാം മിനിറ്റിൽ അനിരുദ്ധ് ഥാപ്പയെടുത്ത കോർണർ കിക്കിൽ സന സിങ് കൃത്യമായി തലവെച്ചിരുന്നെങ്കിൽ സ്കോർ ബോർഡ് തെളിഞ്ഞേനെ. പന്ത് കൈവശം വെക്കുന്നതിൽ ആതിഥേയർ മുൻതൂക്കം പുലർത്തിയെങ്കിലും ഇടക്ക് ബോക്സിൽ മൗറീഷ്യസ് താരങ്ങൾ അപകടം വിതറിയത് ഗോൾ കീപ്പർ അമരീന്ദർ സിങ്ങിനും പ്രതിരോധനിരക്കാർക്കും പണിയുണ്ടാക്കി. 20ാം മിനിറ്റിൽ ലിസ്റ്റൺ കൊളാസോയുടെ ഊഴം. ഇതിനെ ചെറുത്ത ജീൻ അരിസ്റ്റൈഡിന്റെ പ്രത്യാക്രമണത്തിൽ നീലക്കടുവകൾ ചെറുതായൊന്ന് വിറച്ചു.
26ാം മിനിറ്റിൽ ഭേകെയും കൊളാസോയും ആശിഷ് റായിയും ചേർന്ന് നടത്തിയ നീക്കം കോർണറിൽ കലാശിച്ചു. 35ാം മിനിറ്റിൽ ഥാപ്പയിൽ നിന്ന് ലഭിച്ച പന്തുമായി മൻവീർ സിങ്. ടൈറ്റ് ആംഗിളിൽ നിന്നുള്ള ഷോട്ട് പക്ഷെ ഗോളി കെവിൻ ലൂയിസ് സേവ് ചെയ്തു. ആദ്യ പകുതി തീരാനിരിക്കെ ഇന്ത്യക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കിലും തുടർന്നും കൊളാസോയുടെ ഗോൾ ശ്രമങ്ങൾ.
ഥാപ്പക്ക് മലയാളി താരം സഹൽ അബ്ദുൽ സമദിനെയും കൊളാസോക്ക് നന്ദകുമാർ ശേഖറിനെയും പകരക്കാരാക്കിയാണ് രണ്ടാം പകുതി തുടങ്ങിയത്. ഇക്കുറി അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മൗറീഷ്യസ് താരങ്ങളായിരുന്നു മുമ്പിൽ. പകരക്കാരുടെ ഒത്തിണക്കത്തിൽ എതിരാളികൾ കളംനിറഞ്ഞതോടെ ഇന്ത്യ വിയർത്തുതുടങ്ങി. അവസാന മിനിറ്റുകളിൽ ഗോളിനായി ആതിഥേയ താരങ്ങൾ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സിറിയയാണ് ടൂർണമെന്റിൽ കളിക്കുന്ന മൂന്നാം ടീം. സെപ്റ്റംബർ ആറിന് സിറിയയും മൗറീഷ്യസും ഏറ്റുമുട്ടും.
ഒമ്പതിന് ശക്തരായ സിറിയയാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്നത്തെക്കാൾ മോശമായി കളിക്കുന്നത് ബുദ്ധിമുട്ടാണെന്ന് മത്സരശേഷം മനോലോ മാർക്വേസ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.