ഇന്റർ കോൺടിനന്റൽ കപ്പ്: ഇന്ത്യ ഇന്ന് മംഗോളിയക്കെതിരെ
text_fieldsഭുവനേശ്വർ: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് ഇന്റർ കോൺടിനന്റൽ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് വെള്ളിയാഴ്ച കലിംഗ സ്റ്റേഡിയത്തിൽ കിക്കോഫ്. ആതിഥേയരായ ഇന്ത്യക്ക് പുറമെ ലബനാൻ, മംഗോളിയ, വനൂവാട്ടൂ എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്. ഇന്ന് വൈകുന്നേരം 4.30ന് നടക്കുന്ന ആദ്യ കളിയിൽ ലബനാനും വനൂവാട്ടൂവും ഏറ്റുമുട്ടും. തുടർന്ന് രാത്രി 7.30ന് ഇന്ത്യ മംഗോളിയയെ നേരിടും. കൂടുതൽ പോയന്റ് നേടുന്ന രണ്ട് ടീമുകൾ ജൂൺ 18ലെ ഫൈനലിൽ മത്സരിക്കും.
കരിയറിന്റെ അവസാനത്തിൽ നിൽക്കുന്ന ഇന്ത്യൻ നായകനും സ്ട്രൈക്കറുമായ സുനിൽ ഛേത്രിയാണ് ടൂർണമെന്റിലെ ശ്രദ്ധാകേന്ദ്രം. 2024 ജനുവരിയിൽ ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പിനുള്ള ഒരുക്കം കൂടിയാണ് ഇന്ത്യക്ക് ഇനിയുള്ള മത്സരങ്ങൾ.
ഫിഫ റാങ്കിങ്ങിൽ 101ാം സ്ഥാനത്തുനിൽക്കുന്ന ഇഗോർ സ്റ്റിമാക്കിന്റെ കുട്ടികൾ 183ാം റാങ്കുകാരായ മംഗോളിയയിൽനിന്ന് കാര്യമായ വെല്ലുവിളിയുണ്ടാവില്ലെന്ന പ്രതീക്ഷയിലാണ്. 12ന് വനൂവാട്ടൂവിനെയും 15ന് ലബനാനെയും ഇന്ത്യ നേരിടും. മലയാളികളായ ആഷിഖ് കുരുണിയനും സഹൽ അബ്ദുസ്സമദും മിഡ്ഫീൽഡർമാരായി ടീമിലുണ്ട്. 2018ൽ മുംബൈ വേദിയായ പ്രഥമ ടൂർണമെന്റ് ഫൈനലിൽ കെനിയയെ തോല്പിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു. 2019ൽ അഹ്മദാബാദിൽ ഉത്തര കൊറിയ ജേതാക്കളായപ്പോൾ ആതിഥേയർ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ശേഷം ഇപ്പോഴാണ് ഇന്റർ കോൺടിനന്റൽ കപ്പ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.