ടോ..ടോ.. ടോ.. ബംഗളൂരുവിനോടും പൊട്ടി ബ്ലാസ്റ്റേഴ്സ്
text_fieldsപനാജി: മലയാളി താരം കെ.പി രാഹുലിെൻറ കിടിലൻ ഗോളുമായി കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയപ്പോൾ ഒരു ശുഭ പര്യവസാനം ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ, ബ്ലാസ്റ്റേഴ്സ് ഒട്ടും മാറിയിട്ടില്ലെന്ന് 90 മിനിറ്റ് പിന്നിട്ടപ്പോൾ ഒരിക്കൽ കൂടി തെളിഞ്ഞു. പിഴവുകൾ വരുത്താൻ ഓരോ താരങ്ങളും 'മത്സരിച്ചപ്പോൾ' ബംഗളൂരു എഫ്.സിയോട് കേരള ബ്ലാസ്റ്റേഴ്സ് 4-2ന് തോറ്റു. ബ്ലാസ്റ്റേഴ്സിെൻറ കെ.പി. രാഹുലിെൻറയും ജോർഡൻ മറെയുടെയും ഗോളിന്, ക്ലെറ്റൺ സിൽവ, ക്രിസ്റ്റ്യൻ ഒപ്സത്ത്, ദിമാസ് ഡെൽഗാഡോ, സുനിൽ ഛേത്രി എന്നിവരാണ് ബംഗളൂരുവിനായി മറുപടി പറഞ്ഞത്.
ഇതോടെ അഞ്ചു മത്സരം പിന്നിട്ട ബ്ലാസ്റ്റേഴ്സിന് ഇനിയും ഒരു ജയത്തിനായി കാത്തിരിക്കണം. ജയത്തോടെ ബംഗളൂരു ഒമ്പതു പോയൻറുമായി നാലാം സ്ഥാനത്ത് കയറി.
മലയാളി താരം കെ.പി രാഹുലിെൻറ സൂപ്പർ ഗോളിലാണ് സൗത്ത് ഇന്ത്യൻ െഡർബി തുടങ്ങിയത്. തുടക്കം തൊട്ടേ ആവേശകരമായി നീങ്ങിയ മത്സരത്തിൽ 17ാം മിനിറ്റിൽ കേരളം നടത്തിയ കൗണ്ടർ അറ്റാക്കിലാണ് ബംഗളൂരു ഞെട്ടിയത്. ബംഗളൂരുവിന് ലഭിച്ച ഫ്രീകിക്കിൽ നിന്ന് പന്ത് പിടിച്ചെടുത്ത് ഗാരി ഹൂപ്പർ കുതിച്ചു. വലതു വിങ്ങിലൂടെ അതിവേഗം ഓടിയെത്തിയ രാഹുലിന് ഹൂപ്പർ പന്തു കൈമാറി. പാസിന് ശ്രമിക്കാതെ ബോക്സിനുള്ളിൽ നിന്നും രാഹുലിെൻറ ഉശിരൻ ഷോട്ട് ഗുർപ്രീതിെൻറ കണക്കുകൂട്ടൽ തെറ്റിക്കുകയായിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്സ് 1-0ത്തിന് മുന്നിലെത്തി.
അവിടെ നിന്നാണ് ഗോൾ പൂരത്തിന് തുടക്കമായത്. മുന്നിലെത്തിയ ആവേശത്തിൽ പന്തുതട്ടിയ കേരളത്തിന് 29ാം മിനിറ്റിൽ പിഴവു പറ്റി. പ്രതിരോധ താരം ലാൽറുവാൻതാരക്ക് പറ്റിയ വൻ പിഴവാണ് ഗോളിൽ കലാശിച്ചത്. കിട്ടിയ അവസരം ബംഗളൂരുവിെൻറ ബ്രസീലിയൻ സ്ട്രൈക്കർ ക്ലറ്റൺ സിൽവ ഗോളാക്കി. ആദ്യ പകുതി സമനിലയോടെ അവസാനം.
എന്നാൽ, രണ്ടാം പകുതി ബംഗളൂരു കളിമാറ്റി. 48ാം മിനിറ്റിൽ ഒരു പെനാൽറ്റി ലഭിച്ചെങ്കിലും ഗോളി ആൽബിനോ ഗോമസിെൻറ സേവ് ബ്ലാസ്റ്റേഴ്സിെൻറ രക്ഷക്കെത്തി. ഛേത്രിയുടെ കിക്കാണ് ഗോമസ് തടഞ്ഞത്. എന്നാൽ ബ്ലാസ്േറഴ്സിന് ആശ്വസിക്കാൻ വകയുണ്ടായില്ല. രണ്ടു മിനിറ്റിനുള്ളിൽ രണ്ടു തവണ ബ്ലാസ്റ്റേഴ്സിെൻറ വലകുലുങ്ങി. രണ്ടും പിഴവിൽ നിന്നു തന്നെ. 51ാം മിനിറ്റിൽ ക്രിസ്റ്റ്യൻ ഒസ്പെത്തും 53ാം മിനിറ്റിൽ ദിമാസ് ഡെൽഗാഡോയും. ഇതോടെ ബ്ലാസ്റ്റേഴ്സ് പൂർണമായും തകർന്നു. മുന്നേറ്റവും മധ്യനിരയും തീരെ കണക്ഷനില്ലാതായി. അതിനിടക്ക് 61ാം മിനിറ്റിൽ വിസെെൻറ ഗോമസിൽ നിന്നുള്ള പാസിൽ ജോർഡാൻ മറെ ഗോൾ നേടിയതോടെ ബ്ലാസ്റ്റേഴ്സ് വീണ്ടും ട്രാക്കിലായി. ഇതോടെ ബ്ലാസ്റ്റേഴ്സ് ആക്രമണം കനപ്പിച്ചു. എന്നാൽ, ബംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രി ഹെഡറിലൂടെ തകർപ്പൻ ഗോൾ നേടിയതോടെ ബ്ലാസ്റ്റേഴ്സിെൻറ പതനം പൂർത്തിയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.