ഐ.എസ്.എൽ 'ബയോ-ബബിൾ' പൊട്ടിച്ച് കോവിഡെത്തി; മുറിക്കുള്ളിലാക്കിയത് എട്ട് ടീമുകളെ
text_fieldsപനാജി: ഐ.എസ്.എൽ ടീമുകൾക്കായി ഒരുക്കിയ 'ബയോ-ബബിൾ' തകർത്ത് കോവിഡ് എത്തിയതോടെ മാറ്റിവെക്കേണ്ടിവന്നത് നിരവധി മത്സരങ്ങളാണ്. ജനുവരി മൂന്നിന് എഫ്.സി ഗോവ ടീമിലെ ഒരു നോൺ-ടെക്‌നിക്കൽ സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ലീഗിൽ കോവിഡ് കേസുകളിൽ വർധനവെന്നാണ് റിപ്പോർട്ടുകൾ. ബയോ-ബബിളിനുള്ളിൽ ഏകദേശം 60 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോവിഡ് സ്ഥിരീകരിച്ചവരെയും അടുത്ത സമ്പർക്കമുണ്ടായവരെയും 10 ദിവസത്തേക്ക് നിരീക്ഷണത്തിൽ നിർത്തി.
ഇടപെടുന്ന ആളുകളുടെ എണ്ണത്തിൽ കൃത്യമായ നിയന്ത്രണമുണ്ടാക്കുന്ന രീതിയാണ് ബയോ-ബബിൾ. സാങ്കൽപ്പികമായ ഒരു ബയോ-ബബിളിനകത്തുള്ള ആൾക്ക് ആ ബബിളിലെ മറ്റ് ആളുകളുമായി മാത്രമേ ഇടപഴകാൻ അനുവാദമുള്ളൂ. എന്നാൽ, ബയോ-ബബിൾ നിയന്ത്രണം മറികടന്നാണ് ഇപ്പോൾ ഐ.എസ്.എൽ ഒഫീഷ്യലുകൾക്കും മറ്റും കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്.
എഫ്.സി ഗോവയിൽ മാത്രം കളിക്കാരും സപ്പോർട്ട് സ്റ്റാഫുകളുമടക്കം ഒരു ഡസൻ കേസുകളുണ്ട്, അതിൽ നാല് താരങ്ങൾ ഇപ്പോൾ സുഖം പ്രാപിച്ചു. ഹോട്ടൽ ജീവനക്കാരുൾപ്പെടെയുള്ള കേസുകളിൽ വർധനവുണ്ടായതോടെ 11 ടീമുകളിൽ എട്ട് ടീം അംഗങ്ങളോട് ഞായറാഴ്ച വരെ അവരുടെ മുറികളിൽ തന്നെയിരിക്കാനായിരുന്നു നിർദ്ദേശിച്ചത്.
ടീമുകൾക്ക് മത്സരത്തിന് അണിനിരത്താൻ ആവശ്യമായ ഫിറ്റ്നസുള്ള കളിക്കാരെ തികയ്ക്കാൻ ഇല്ലാത്ത സാഹചര്യത്തിൽ കഴിഞ്ഞ ദിവസങ്ങളിലെ നാല് മത്സരങ്ങളാണ് മാറ്റിവെച്ചത്.
''ആരും ഫുട്ബാളിനെപ്പറ്റിയോ മത്സരങ്ങളെപ്പറ്റിയോ സംസാരിക്കുന്നില്ല, ഇവിടെ എല്ലാരും ആശങ്കയിലാണ്''- കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ച് പറഞ്ഞു.
കളിക്കാർക്ക് താൽപ്പര്യവും മത്സരത്തിൽ തുടരാനുള്ള ആഗ്രഹവും നഷ്ടപ്പെടുന്നുവെന്നാണ് ഗോവ ക്യാപ്റ്റൻ മന്ധാർ റാവു ദേശായി സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. ''താരങ്ങളിൽ പലർക്കും കളി തുടരാൻ ആഗ്രഹമില്ല, തങ്ങളുടെ കരാറുകൾ തീർക്കാൻ വേണ്ടി മത്സരത്തിൽ തുടരുന്നെന്ന് മാത്രം. ഇതാണ് ഈ വർഷത്തെ ചട്ടങ്ങൾ കൊണ്ട് നേടിയെടുത്തത്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, മത്സരഫലം എന്തായാലും ബയോ-ബബിളിനുള്ളിലെ എല്ലാ ആളുകളും ലീഗ് അവസാനിച്ചുകിട്ടാൻ മാർച്ച് മാസത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്'' - അദ്ദേഹം പറഞ്ഞു.
കളിക്കാരുടെ ഭാര്യമാരും കാമുകിമാരും പോസിറ്റീവായവരിൽ ഉൾപ്പെടുന്നു. ഒരു വിദേശ കളിക്കാരന്റെ രണ്ട് വയസ്സുള്ള മകൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഞായറാഴ്ച നടന്ന യോഗത്തിൽ, കോവിഡ് കേസുകളിൽ വർധനവുണ്ടാകുന്നതിനാൽ ഒരിടവേളയെടുത്ത് മത്സരങ്ങൾ തുടരാമെന്ന് ചില ക്ലബ്ബുകൾ ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും സംഘാടകർ അതംഗീകരിച്ചില്ല. യോഗം നടക്കുന്നത് വരെ എ.ടി.കെ മോഹൻ ബഗാൻ, കേരള ബ്ലാസ്റ്റേഴ്‌സ്, ഈസ്റ്റ് ബംഗാൾ, നോർത്ത് ഈസ്റ്റ്, ജംഷഡ്പൂർ, ഒഡീഷ, ബെംഗളൂരു എന്നീ ഏഴ് ക്ലബ്ബുകളെ പരിശീലനത്തിൽ നിന്ന് വിലക്കിയിരുന്നു.
ലീഗിന് ഇടവേളയെടുക്കാൻ സാധ്യതയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മത്സരം നിർത്തിവെക്കാൻ തത്കാലം പദ്ധതികളൊന്നുമില്ലെന്നാണ് ഐ.എസ്.എൽ സംഘാടകർ അറിയിച്ചത്. കോവിഡ് കേസുകളുടെ അടിസ്ഥാനത്തിൽ ഓരോ മത്സരത്തിലും മാറ്റങ്ങൾ വരുത്തുമെന്നും, അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കാര്യങ്ങൾ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.