കേരള ബ്ലാസ്റ്റേഴ്സ്-ജാംഷഡ്പുർ മത്സരം ഗോൾരഹിത സമനിലയിൽ
text_fieldsപനാജി: നിർഭാഗ്യത്തിെൻറ അങ്ങേറ്റമായിരുന്നു കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സിന്. ജാംഷഡ്പുർ ഗോൾമുഖത്തേക്ക് ബ്ലാസ്റ്റേഴ്സ് താരങ്ങൾ പന്തു പായിച്ചത് 18 തവണ. അതിൽ ഗോളുറപ്പിച്ച ആറോളം അവസരം. പാസിലും പന്തടക്കത്തിലും ഗോൾചാൻസിലും മുന്നിലെത്തിയിട്ടും നിർഭാഗ്യം ഒപ്പംകൂടിയപ്പോൾ ജാംഷഡ്പുരിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ഗോൾരഹിത സമനില.
എതിർവല കുലുങ്ങുമെന്ന് 94 മിനിറ്റും തോന്നിച്ചെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് ജാംഷഡ്പുരിനെ തോൽപിക്കാനായില്ല. ഇതോടെ 15 പോയൻറുമായി ജാംഷഡ്പുരും ബ്ലാസ്റ്റേഴ്സും ഏഴും എട്ടും സ്ഥാനത്ത് തുടരുകയാണ്.
കളി ജയിച്ച് ആറാം സ്ഥാനം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയതെങ്കിലും പ്രതീക്ഷിച്ചപോലെയായില്ല കാര്യങ്ങൾ. ഗോളെന്നുറച്ച നാലോളം കിക്കുകളാണ് ജാംഷഡ്പുർ പോസ്റ്റിലിടിച്ച് തെറിച്ച് വഴിമാറിയത്. ഒരുതവണ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡിൽ കുടുങ്ങി.
മുന്നേറ്റത്തിൽ മലയാളിതാരം രാഹുലിെൻറയും മധ്യനിരയില്‍ ഫക്കുണ്ടോ പെരേരയുടെയും അസാന്നിധ്യം കളിയില്‍ പ്രകടമായിരുന്നു. 42ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ഹൂപ്പറെടുത്ത തകര്‍പ്പന്‍ ലോങ്റേഞ്ചര്‍ എതിർ പോസ്റ്റിെൻറ ക്രോസ്ബാറിലിടിച്ച് തെറിച്ചു.
തൊട്ടുപിന്നാലെ മറെയെടുത്ത ഹെഡറും പോസ്റ്റിലിടിച്ച് തെറിച്ചത് ബ്ലാസ്റ്റേഴ്സിെൻറ നിർഭാഗ്യത്തിെൻറ അടയാളമായി. രണ്ടാം പകുതിയിലും മറെയും സഹലും ഹൂപ്പറും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം അകന്നു. ഹെഡറും ഷോട്ടുമെല്ലാം വഴിമാറിയത് തലനാരിഴക്കാണ്. ഒടുവിൽ ബ്ലാസ്റ്റേഴ്സിന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.