യഥാർഥ ബ്ലാസ്റ്റേഴ്സ്
text_fields
ഈ ബ്ലാസ്റ്റേഴ്സിനെയല്ലേ ആരാധകർ ഇത്രയും കാലം പ്രതീക്ഷയോടെ കാത്തിരുന്നത്. രണ്ടു തവണ ഫൈനൽ കളിച്ചശേഷമുള്ള ഓരോ സീസണിലും കുന്നോളം പ്രതീക്ഷകളോടെയാണ് ആരാധകർ ടീമിലേക്ക് ഉറ്റുനോക്കിയിരുന്നതെങ്കിലും നിരാശരായി തലകുനിക്കേണ്ടിവരുകയായിരുന്നു പതിവ്. എന്നാൽ, ഇത്തവണ കളിയും കഥയും മാറുന്നതായാണ് സൂചന. മുൻനിരയിലുണ്ടായിരുന്ന ഒഡിഷയെ അട്ടിമറിച്ച് വരാനിരിക്കുന്നതിെൻറ സൂചന നൽകിയ ബ്ലാസ്റ്റേഴ്സ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റിയെയും കരുത്തരായ ചെന്നൈയിനെയും മടക്കമില്ലാത്ത മൂന്നു ഗോളുകൾക്ക് മലർത്തിയടിച്ച് കിരീട സാധ്യതയിലേക്ക് പന്ത് പായിച്ചിരിക്കുകയാണ്.
സീസൺ പകുതിപോലും പ്രായമാവാത്ത ഈ ഘട്ടത്തിൽ കിരീടത്തെ കുറിച്ചൊന്നും ചിന്തിക്കാറായിട്ടില്ലെങ്കിലും ഇവാൻ വുകോമാനോവിചിെൻറ ടീമിൽ ഏറെ പ്രതീക്ഷയർപ്പിക്കുന്നുണ്ട് കളി നിരീക്ഷകരും ആരാധകരും. തുടർ ജയം നേടിയത് മാത്രമല്ല, ടീമിെൻറ കളിശൈലിയിലും മനോഭാവത്തിലും വന്ന മാറ്റവും ഇതിനു കാരണാണ്. പന്ത് കൈവശം വെക്കുന്നതിൽ പിറകിലായിരുന്നുവെങ്കിലും സ്കോറിങ് മെഷീനായ മുംബൈയെ കെട്ടിപ്പൂട്ടി നിർത്തുക മാത്രമല്ല, എണ്ണം പറഞ്ഞ ഗോളുകൾ നേടുകയും ചെയ്ത ബ്ലാസ്റ്റേഴ്സ് അതേ തന്ത്രമല്ല ചെന്നൈയിനെതിരെ പയറ്റിയത്. കൂടുതൽ സമയം പന്ത് കൈവശം വെച്ചും എതിർ ഹാഫിൽ തുടർച്ചയായ പ്രസിംഗ് ഗെയിം കളിച്ചുമായിരുന്നു ചെന്നൈയിെൻറ മുനയൊടിച്ചത്. ബ്ലാസ്റ്റേഴ്സിെൻറ രണ്ടാം ഗോൾ അതിന് മികച്ച തെളിവായിരുന്നു. ഗോൾകീപ്പർ വിശാൽ കെയ്ത്തിെൻറ ക്ലിയറൻസ് പാളിയപ്പോൾ ഗോൾമുഖത്തേക്ക് ഒരുമിച്ച് കുതിച്ചത് നാലു ബ്ലാസ്റ്റേഴ്സ് താരങ്ങളായിരുന്നു.
മുൻതൂക്കം ഗോളവസരങ്ങളാക്കി മാറ്റുന്നതിലും അവസരങ്ങൾ ഗോളുകളാക്കി മാറ്റുന്നതിലും ടീം മികച്ചുനിന്നു. ബ്ലാസ്റ്റേഴ്സിെൻറ ഗോൾ തേടിയുള്ള 12 ഷോട്ടുകളിൽ ഏഴെണ്ണം ഓൺ ടാർജറ്റായിരുന്നു. അതിൽ മൂന്നെണ്ണം ഗോളാവുകയും ചെയ്തു. ചെന്നൈയിെൻറ ആറു ഷോട്ടുകളിൽ ഒന്നുപോലും ഓൺ ടാർജറ്റായിരുന്നില്ല. ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖൻ സിങ് മികച്ച സേവ് നടത്തിയ പന്ത് പോലും ബ്ലാസ്റ്റേഴ്സ് നായകൻ ജെസൽ കർണെയ്റോയുടെ തലയിൽനിന്ന് വന്നതായിരുന്നു.
മൂന്നു ഗോളുകൾ കൂടാതെ ചുരുങ്ങിയത് മൂന്നു തവണയെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോളിനടുത്തെത്തുകയും ചെയ്തു. അൽവാരോ വാസ്ക്വസിെൻറ ഒറ്റക്കുള്ള മുന്നേറ്റം ഗോളിയുടെ കൈയിൽ തട്ടിയപ്പോൾ കർണെയ്റോയുടെ ഷോട്ട് ബാറിലിടിച്ചാണ് മടങ്ങിയത്. അവസാന ഘട്ടത്തിൽ പകരക്കാരൻ വിൻസി ബാരറ്റോയുടെ ഫ്രീ ഹെഡറും ലക്ഷ്യത്തിൽനിന്നകന്നു. മറുവശത്ത് ജർമൻപ്രീത് നഷ്ടപ്പെടുത്തിയ അവസരം മാത്രമായിരുന്നു ചെന്നൈയിന് ഓർക്കാനുണ്ടയിരുന്നത്. ബ്ലാസ്റ്റേഴ്സിെൻറ കളി നിയന്ത്രിക്കുന്ന അഡ്രിയൻ ലൂനക്ക് സ്കോർ ചെയ്യാനായതും ടീമിന് ഇരട്ടിമധുരമായി. ടീമിെൻറ ഒട്ടുമിക്ക നീക്കങ്ങൾക്കും തുടക്കമിടുന്ന ഉറുഗ്വായ്ക്കാരനിൽ ഗോൾമാത്രമായിരുന്നു ഇതുവരെ അകന്നുനിന്നത്. ബ്ലാസ്റ്റേഴ്സിെൻറ അടുത്ത കളി ഞായറാഴ്ച ജാംഷഡ്പുരിനെതിരെയാണ്.
ഹക്കുവും ശ്രീകുട്ടനും ഗോകുലത്തിൽ
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിെൻറ മലയാളി താരങ്ങളായ സ്റ്റോപ്പർ ബാക്ക് അബ്ദുൽ ഹക്കുവും വിംഗർ വി.എസ്. ശ്രീകുട്ടനും വായ്പാടിസ്ഥാനത്തിൽ ഗോകുലം എഫ്.സിയിൽ കളിക്കും. ഐ ലീഗ് സീസൺ തീരുംവരെയാണ് ഇരുവരുടെയും മാറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.