കോച്ച് മാറി; എ.ടി.കെയും; ഗോവയെ തോൽപിച്ചത് 2-1ന്
text_fieldsപനാജി: രണ്ടാഴ്ച മുമ്പുവരെ പരിശീലിപ്പിച്ച ടീമിനെ എതിരാളികളായി കിട്ടിയപ്പോൾ മലർത്തിയടിച്ച് യുവാൻ ഫെറാൻഡോയും എ.ടി.കെയും. അന്റോണിയോ ലോപസ് ഹബാസിെൻറ പിൻഗാമിയായി ഫെറാൻഡോ എത്തിയശേഷം ജൈത്രയാത്ര തുടരുന്ന കൊൽക്കത്തൻ ടീം 2-1നാണ് ഗോവയെ മറികടന്നത്. ഇതോടെ പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു.
ആദ്യവസാനം കളിയുടെ ചരട് നിയന്ത്രിച്ച എ.ടി.കെക്കുതന്നെയായിരുന്നു കളിയിൽ മുൻതൂക്കം. ആദ്യം ഗോളടിച്ചതും അവർതന്നെ. 23ാം മിനിറ്റിൽ കിടിലൻ ഷോട്ടിൽ ലിസ്റ്റണാണ് കൊൽക്കത്തക്കാരെ മുന്നിലെത്തിച്ചത്. ഇതോടെ കളിയും ഗോവയും ഉണർന്നു. ഗോൾമുഖം തുറന്ന് ഇരുവശത്തും ആക്രമണം കൊഴുത്തതോടെ ഏതു നിമിഷവും വല കുലുങ്ങുമെന്നായി. ആദ്യ പകുതി പിന്നിട്ട് ഏറെ വൈകാതെ കൊൽക്കത്ത ലീഡുയർത്തി. സ്റ്റാർ സ്ട്രൈക്കർ റോയ് കൃഷ്ണയായിരുന്നു ഇത്തവണ ഹീറോ.
ഹ്യൂഗോ ബൂമസ് എടുത്ത കോർണർ കിക്ക് കാലിലെത്തിയ റോയ് കൃഷ്ണ വലതുകാൽ ഷോട്ടിൽ ഗോവൻവല കുലുക്കുകയായിരുന്നു. രണ്ടു ഗോൾ ലീഡുമായി പിന്നെയും ഗോൾവല തിരഞ്ഞുനടന്ന എ.ടി.കെയുടെ പ്രതിരോധത്തിൽ വിള്ളലുണ്ടാക്കിയ ഗോവ 81ാം മിനിറ്റിൽ ഓർടിസിലൂടെ ആശ്വാസ ഗോൾ കണ്ടെത്തി. ജയം എ.ടി.കെക്ക് ആദ്യ നാലിൽ ഇടം നൽകിയപ്പോൾ ഗോവ എട്ടാം സ്ഥാനത്ത് തുടരുന്നു. അവസാന മൂന്നു കളികളിലും ഗോവ ജയം കണ്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.