തകർന്നടിഞ്ഞ് ബ്ലാസ്റ്റേഴ്സ്; ജാംഷഡ്പുരിനോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോറ്റു
text_fieldsബാംബോലിം: ഐ.എസ്.എൽ സീസണിൽ പഴുതടച്ച പ്രതിരോധവുമായി തലയുയർത്തിനിന്ന കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിന് രണ്ടു തവണ പിഴച്ചപ്പോൾ ഫലം കനത്ത തോൽവി. ജാംഷഡ്പുർ എഫ്.സിക്കെതിരെ 3-0ത്തിനായിരുന്നു കേരള ടീമിന്റെ തോൽവി.
ഉദ്ഘാടന മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാനോട് 4-2ന് തോറ്റശേഷം സീസണിൽ ബ്ലാസ്റ്റേഴ്സ് ഇത്രയും ഗോൾ വഴങ്ങുന്നതും ആദ്യം. ജയത്തോടെ ജാംഷഡ്പുർ (25) രണ്ടാം സ്ഥാനത്തേക്ക് കയറി. ഹൈദരാബാദാണ് (26) ഒന്നാംസ്ഥാനത്ത്. ബ്ലാസ്റ്റേഴ്സ് (23) രണ്ടിൽനിന്ന് അഞ്ചിലേക്ക് വീണു. തുല്യ പോയന്റുള്ള ബംഗളൂരു എഫ്.സിയും എ.ടി.കെയും ഗോൾശരാശരിയിൽ മുന്നിലാണെന്നതാണ് ബ്ലാസ്റ്റേഴ്സിന് വിനയായത്. ഇടവേളക്ക് തൊട്ടുമുമ്പും പിമ്പും നേടിയ പെനാൽറ്റികളിൽനിന്ന് ഗ്രെഗ് സ്റ്റുവാർട്ടാണ് (45, 48) ജാംഷഡ്പൂരിന്റെ രണ്ടു ഗോളുകൾ നേടിയത്.
ഡാനിയൽ ചുക്വു (53) ആണ് മൂന്നാം ഗോൾ സ്കോർ ചെയ്തത്. നിഷുകുമാറിന് പകരം ഇടതു വിങ് ബാക്ക് സ്ഥാനത്തിറങ്ങിയ ധനചന്ദ്ര മീത്തി, സ്റ്റോപ്പർ ബാക്ക് മാർകോ ലെസ്കോവിച് എന്നിവരുടെ പിഴവിൽനിന്നായിരുന്നു പെനാൽറ്റികൾ. രണ്ടുവട്ടവും ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖൻ ഗിൽ ചാടിയതിന് എതിർവശത്തേക്ക് പന്ത് പായിച്ച് സ്റ്റുവാർട്ട് ജാംഷഡ്പൂരിന് മുൻതൂക്കം നൽകി.
കഴിഞ്ഞ കളിയിൽ നാലാം മഞ്ഞക്കാർഡ് കണ്ട ജോർഹെ പെരേര ഡയസിന്റെ അഭാവം ബ്ലാസ്റ്റേഴ്സ് നിരയിൽ ശരിക്കും നിഴലിച്ചു. പതിവ് കൂട്ടാളി ഇല്ലാതായതോടെ മുൻനിരയിൽ അൽവാരോ വാസ്ക്വസ് ഒറ്റപ്പെട്ടു. ഡയസിന് പകരമിറങ്ങിയ വിൻസി ബരെറ്റോ തിളങ്ങിയതുമില്ല. പിൻനിരയിൽ ഹോർമിപാമിന് പകരം എനെസ് സിപോവിചുമിറങ്ങി. കഴിഞ്ഞ കളിയിൽ ചുവപ്പുകാർഡ് കണ്ട ആയുഷ് അധികാരിയുടെ സ്ഥാനത്ത് സസ്പെൻഷൻ കഴിഞ്ഞ് പ്യൂട്ടിയ തിരിച്ചെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.