അയൽക്കാരെയും തകർത്ത് ബ്ലാസ്റ്റേഴ്സ് കുതിപ്പ്; ചെന്നൈയിനെ വീഴ്ത്തിയത് 3-0ന്
text_fieldsപനാജി: അവസാന അഞ്ചു കളികളിൽ തോൽവിയറിയാത്ത ടീം ജയത്തുടർച്ച തേടിയിറങ്ങിയ മത്സരത്തിൽ ചെന്നൈയിനെതിരെയും തകർപ്പൻ ജയം. കഴിഞ്ഞ ദിവസം നിലവിലെ ചാമ്പ്യന്മാരെ വീഴ്ത്തിയ കാൽഡസൻ ഗോളുകളെന്ന വലിയ മാർജിൻ ആവർത്തിച്ചാണ് ദക്ഷിണേന്ത്യൻ കരുത്തരെയും ബ്ലാസ്റ്റേഴ്സ് മുക്കിയത്. ഇതോടെ, കേരളം പോയന്റ് നിലയിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു.
വിസിൽ മുഴങ്ങിയ ആദ്യ നിമിഷം മുതൽ മൈതാനം അടക്കിവാണ ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു അവസരങ്ങൾ തുറക്കുന്നതിലും മുന്നിൽ. അർധാവസരങ്ങൾ അനവധി കണ്ടതിനൊടുവിൽ ഒമ്പതാം മിനിറ്റിൽ ആദ്യ ഗോളെത്തി. മധ്യനിരയിൽനിന്ന് പുയിറ്റ നീട്ടിനൽകിയ ലോങ്പാസ് കാലിലെടുത്ത ജോർജ് ഡയസ് ഒന്നു രണ്ട് ടച്ചിനൊടുവിൽ ഗോളിയെ കാഴ്ചക്കാരനാക്കി പോസ്റ്റിെൻറ ഇടതുമൂലയിൽ അടിച്ചുകയറ്റി. അതുവരെയും ബ്ലാസ്റ്റേഴ്സ് തേരോട്ടം കണ്ടുനിന്ന ചെന്നൈ ടീം പതിയെ ഉണർന്നെങ്കിലും കരുത്തോടെ നിലയുറപ്പിച്ച പ്രതിരോധവും മധ്യനിരയും നീക്കങ്ങൾ തകർത്തു.
25ാം മിനിറ്റിൽ ചെന്നൈക്കായി വ്ലാഡ്മിർ കോമാൻ എടുത്ത ഫ്രീകിക്ക് ജെസൽ കാർണേരോ തലവെച്ച് വലതുളക്കുമെന്ന് തോന്നിച്ചെങ്കിലും ഗോളി ആയാസപ്പെട്ട് രക്ഷപ്പെടുത്തി. 38ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ലീഡുയർത്തി. സ്വന്തം ഗോൾമുഖത്തെ അപകടമൊഴിവാക്കി ചെന്നൈ ഗോളി അടിച്ച പന്ത് ലഭിച്ചത് ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിലെ ജോർജ് ഡയസിെൻറ കാലിൽ. വലതുവശത്ത് അതിവേഗം ഓടിക്കയറിയ സഹലിന് തളികയിലെന്ന പോലെ ലഭിച്ച പന്ത് അടിച്ചുകയറ്റിയെങ്കിലും ഡിഫൻഡറുടെ കാലിൽ തട്ടി മടങ്ങി. റീബൗണ്ടിൽ കാൽവെച്ച് സഹൽ പന്ത് വലയിലാക്കി.
ഇതോടെ കേരളം 2-0ന് മുന്നിൽ. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് സഹൽ നൽകിയ പന്ത് അനായാസം ലക്ഷ്യത്തിലെത്തിക്കാമായിരുന്ന ജോർജ് ഡയസിെൻറ ഷോട്ട് ഗോളിയുടെ കാലുകളിൽ തട്ടിത്തെറിച്ചു. ഇടവേള കഴിഞ്ഞും എതിർഗോൾമുഖത്ത് അപായമണി മുഴക്കി അവസരങ്ങളുടെ മാലപ്പടക്കം തീർത്ത് ബ്ലാസ്റ്റേഴ്സ് തന്നെ കളി നയിച്ചു. 51ാം മിനിറ്റിൽ ലഭിച്ച സുവർണാവസരം ജെസൽ കാർണേരോയുടെ ഷോട്ട് ക്രോസ്ബാറിലടിച്ചു. 79ാം മിനിറ്റിൽ അഡ്രിയൻ ലൂന കേരളത്തിെൻറ ലീഡ് കാൽഡസനാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.