എന്തൊരു പെർഫോമൻസ്; കിരീടം അകലെയല്ലെന്ന് തെളിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്
text_fieldsകൊച്ചി: കുഞ്ഞുകുഞ്ഞ് ടച്ചുകൾ, ഒരു പിടിയും നൽകാതെ കാലുകൾ മാറിയെത്തുന്ന പാസുകൾ, അർധാവസരങ്ങളിൽ നിറഞ്ഞ് എതിർവലകൾ... ബ്ലാസ്റ്റേഴ്സിന്റെ കണ്ണഞ്ചും കളി മികവിൽ കുതൂഹലപ്പെട്ടുനിൽക്കുകയാണ് കായിക ലോകവും എതിർ ടീമുകളുമിപ്പോൾ. പിൻനിരയും മുന്നേറ്റവും, ഒപ്പം കടിഞ്ഞാൺ പിടിച്ച് മധ്യനിരയും ഒരേതാളത്തിൽ കരുത്തും കളിയഴകും സമം ചേർത്ത് മൈതാനം നിറയുന്ന കാഴ്ച. ഓരോ മത്സരത്തിലും പുതുപാഠങ്ങൾ ആവാഹിച്ച് എതിർ ടീമുകളെ നിഷ്പ്രഭരാക്കുന്ന ടോട്ടൽ ഗെയിം. ഈ സീസണിലും കപ്പുയർത്താതെ മഞ്ഞപ്പട മടങ്ങുന്നെങ്കിൽ അത് വരുത്തിതീർക്കുന്നതേ ആകൂ എന്നുപറയുന്നു, സമൂഹ മാധ്യമങ്ങൾ.
ഒഡിഷക്കെതിരെ ഓരോ നീക്കവും അത്രക്ക് ചേതോഹരമായിരുന്നു. ഒന്നാം പകുതിയിൽ പുലർത്തിയത് സമഗ്രാധിപത്യം. അടുത്ത പകുതിയിൽ എതിരാളികൾ അവസരം തുറന്നുവന്നപ്പോഴാകട്ടെ, കോട്ട കാത്ത് പ്രതിരോധ നിരയും പിന്നിൽ ഗോളി പ്രഭ്സുഖൻ ഗില്ലും. ബുധനാഴ്ച ആദ്യ ഇലവനിൽ ഇടംപിടിച്ച നിഷു കുമാറായിരുന്നു തുടക്കത്തിലെ ഹീറോ.
എതിർ പെനാൽറ്റി ബോക്സിൽ പന്തുമായി പറന്നെത്തിയ താരം പകുതി സാധ്യത തോന്നിച്ച പൊസിഷനിൽ നിന്നായിരുന്നു കിടിലൻ ഷോട്ട് പായിച്ചത്. അപ്രതീക്ഷിത ഗോളിൽ കാവൽക്കാരൻ മാത്രമല്ല, ഒഡിഷ നിര മൊത്തത്തിൽ പകച്ചുപോയി. അതിന് തൊട്ടുമുമ്പ് പഞ്ചാബിയായ ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖൻ തടുത്തിട്ട സേവു കൂടിയായപ്പോൾ മഞ്ഞപ്പടയുടെ വിജയ ദാഹം തുടക്കത്തിലേ സഫലമായപോലെയായി. ഫുൾ ബാക്ക് ഖബ്ര തലകൊണ്ടു നേടിയ രണ്ടാം ഗോളിനുമുണ്ടായിരുന്നു അത്രക്ക് ആധികാരികതയും ആധിപത്യവും.
കളി അവസാനിക്കാനിരിക്കെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റം നയിച്ച ഗോളവസരങ്ങളിൽ ചിലതെങ്കിലും ലക്ഷ്യം കണ്ടിരുന്നെങ്കിൽ മാർജിൻ ഏറെ ഉയർന്നേനെ. കഴിഞ്ഞ ഏഴു സീസണിലെ കേരളത്തിന്റെ ഏറ്റവും മികച്ച പ്രകടനം ഗോവ മൈതാനത്ത് തകർക്കുമ്പോൾ ഒന്നുപോലും സ്വന്തം മൈതാനത്ത് വിരുന്നെത്താത്ത പരിഭവമാണ് മലയാളമണ്ണിന്. കഴിഞ്ഞ 10 കളികളിൽ ബ്ലാസ്റ്റേഴ്സ് തോൽവി അറിഞ്ഞിട്ടില്ല.
ഗോളി പ്രഭ്സുഖൻ നാലു കളികളിൽ ഗോളും വഴങ്ങിയിട്ടില്ല. ഗോൾഡൻ ഗ്ലോവ് പുരസ്കാരത്തിനുള്ള സാധ്യതപട്ടികയിൽ മുന്നിൽ. മുമ്പ് പ്രതിരോധ താരമായി ഇന്ത്യൻ കൗമാരനിരയിൽ ബൂട്ടുകെട്ടിയിട്ടുണ്ട് പ്രഭ്സുഖൻ എന്നുകൂടി അറിയണം. സീസൺ പകുതി പിന്നിട്ടതോടെ ഇനിയുള്ള പോരാട്ടങ്ങൾ തീപാറും. അവയിലും മഞ്ഞപ്പട ഗോൾദാഹവുമായി മൈതാനങ്ങൾ കീഴടക്കിയാൽ ഇത്തവണ കിരീടം ഇവിടെ വിരുന്നെത്തും, തീർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.