ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിൽ; എതിരാളികൾ ബംഗളൂരു എഫ്.സി
text_fieldsവാസ്കോ: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് നീണ്ട ഇടവേളക്കുശേഷം വീണ്ടും കളത്തിലിറങ്ങുന്നു. കോവിഡ് മൂലം 18 ദിവസത്തെ ഇടവേളക്കുശേഷമാണ് ഇവാൻ വുകോമാനോവിചിന്റെ സംഘം ഇന്ന് ബംഗളൂരു എഫ്.സിക്കെതിരെ ബൂട്ടുകെട്ടുന്നത്.
കോവിഡ് മൂലം മുംബൈ സിറ്റിക്കും എ.ടി.കെ മോഹൻ ബഗാനുമെതിരായ ബ്ലാസ്റ്റേഴ്സിന്റെ കളികൾ മാറ്റിവെച്ചിരുന്നു. ഈമാസം 12ന് ഒഡിഷ എഫ്.സിയെ 2-0ത്തിന് തോൽപിച്ച മത്സരമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ അവസാനത്തേത്. അതിനുപിന്നാലെ കോവിഡിൽ കുടുങ്ങിയ ടീം ഏറെ ദിവസങ്ങൾ പരിശീലനത്തിന് ഇറങ്ങാനാവാതെ ഹോട്ടലിൽ തന്നെ കഴിച്ചുകൂട്ടാൻ നിർബന്ധിതരായി.
ഒഡിഷയെ തോൽപിച്ച് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ച ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി ഹൈദരാബാദും ജാംഷഡ്പൂരും മുന്നിൽ കയറിയിട്ടുണ്ട്. ഹൈദരാബാദിന് 13 കളികളിൽ 23ഉം ജാംഷഡ്പൂരിന് 12 മത്സരങ്ങളിൽ 22ഉം പോയന്റാണുള്ളത്. ബ്ലാസ്റ്റേഴ്സ് 11 കളികളിൽ 20 പോയന്റോടെ മൂന്നാമതാണ്. ഇന്ന് ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് ഹൈദരാബാദിനൊപ്പമെത്താം. നിലവിൽ ഗോൾ ശരാശരിയിൽ മികച്ച മുൻതൂക്കം (15-8) ഹൈദരാബാദിനുണ്ട്.
ഉദ്ഘാടന മത്സരത്തിൽ എ.ടി.കെയോട് തോറ്റ ശേഷം ബ്ലാസ്റ്റേഴ്സ് പരാജയമറിഞ്ഞിട്ടില്ല. പിന്നീടുള്ള 10 മത്സരങ്ങളിൽ അഞ്ചു വീതം ജയവും സമനിലയുമാണ് സമ്പാദ്യം. ബംഗളൂരു 13 കളികളിൽ 17 പോയന്റുമായി ആറാമതാണ്. ഇന്ന് ജയിച്ചാൽ അവർക്ക് ബ്ലാസ്റ്റേഴ്സിനൊപ്പമെത്താം. ആദ്യ ആറുകളിൽ നാലു തോൽവി വഴങ്ങി ദയനീയ സ്ഥിതിയിലായിരുന്ന ബംഗളൂരു പക്ഷേ പിന്നീട് ഫോം കണ്ടെത്തി.
അവസാന ഏഴു കളികളിൽ തോൽവിയറിഞ്ഞിട്ടില്ലാത്ത ടീം മൂന്നു ജയവും നാലു സമനിലയുമായി 13 പോയന്റാണ് കരസ്ഥമാക്കിയത്. ബ്ലാസ്റ്റേഴ്സും ബംഗളൂരുവും സീസണിൽ നേരത്തേ ഏറ്റുമുട്ടിയപ്പോൾ മലയാളി താരം ആഷിഖ് കുരുണിയൻ ഇരുഭാഗത്തും നേടിയ ഗോളുകളിൽ സമനിലയായിരുന്നു ഫലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.